യൂത്ത്‌ലീഗ് ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; മണ്ഡലം പ്രവര്‍ത്തകസമിതിയില്‍ ഭിന്നത
മലപ്പുറം: മുസ്്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കൗണ്‍സിലിലേക്ക് നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധികളെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകസമിതിയില്‍ ഭിന്നത മറനീക്കി പുറത്തുവന്നു. കഴിഞ്ഞ ദിവസം നിലമ്പൂര്‍ ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗമാണു വാഗ്വാദത്തില്‍ കലാശിച്ചത്. എം.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി അഷ്‌റഫലി ഉള്‍പ്പെടെയുള്ള ചിലരെ മണ്ഡലം കൗണ്‍സിലിന്റെയോ പ്രവര്‍ത്തകസമിതിയുടെയോ അംഗീകാരമില്ലാതെ ചില ഭാരവാഹികള്‍ ചേര്‍ന്നു തെരഞ്ഞെടുത്തതാണു ഭിന്നതക്കു കാരണം. ഈ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത പ്രവര്‍ത്തകസമിതിയില്‍ പ്രവര്‍ത്തകസമിതി അംഗമല്ലാത്ത അഷ്‌റഫലി പങ്കെടുത്തതും കടുത്ത എതിര്‍പ്പിനിടയാക്കി. പ്രവര്‍ത്തന പരിചയവും പാരമ്പര്യവുമുള്ള യൂത്ത്‌ലീഗ് നേതാക്കളെ അവഗണിച്ച വിഭാഗീയ പ്രവര്‍ത്തനവും ഏകാധിപത്യവുമായി മുന്നോട്ടുപോകുന്ന ചിലര്‍ക്ക് അനര്‍ഹമായ പരിഗണന നല്‍കുന്നതിനെതിരാണ് മണ്ഡലം കൗണ്‍സിലിലും പ്രവര്‍ത്തകസമിതിയിലും ഭൂരിപക്ഷം പേരുമെന്നറിയുന്നു. ഏഴുപഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമുള്ള മണ്ഡലത്തില്‍ അഞ്ചുപഞ്ചായത്തുകളും ഇവരെ തെരഞ്ഞെടുത്തതിനെതിരേ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ജില്ല, മണ്ഡലം റിട്ടേണിങ് ഓഫിസര്‍മാര്‍ക്കും പി.വി അബ്ദുല്‍വഹാബ് എം.പിക്കും ഇവര്‍ രേഖാമൂലം പരാതി നല്‍കിയിരിക്കുകയാണ്.
സമസ്തക്കെതിരേ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ട ടി.പി അഷ്‌റഫലിക്കെതിരേ നടപടി ആവശ്യപ്പെട്ട് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്്‌ലിയാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തേ നല്‍കിയ കത്ത് മുസ്്‌ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലാണ്.
സ്വന്തം മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ അഷ്‌റഫലിക്കെതിരേ രംഗത്തുവന്നത് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ അഷ്‌റഫലിയെ കൊണ്ടുവരാന്‍ ചിലര്‍ നടത്തുന്ന നീക്കത്തിന് തിരിച്ചടിയായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."