പഞ്ചായത്ത് പ്രസിഡന്റിന് നേരെ ലഹരി മാഫിയകളുടെ ഭീഷണി; നിയമനടപടി വേണമെന്ന് ആവശ്യം
കയ്പമംഗലം: പഞ്ചായത്ത് പ്രസിഡന്റിനെ ഭീഷണിപ്പെടുത്തിയ ലഹരി മാഫിയകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ശക്തമായ ആവശ്യം. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപിനെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ലഹരി മാഫിയകള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് ഗ്രാമപഞ്ചായത്തിന്റെ അടിയന്തിരയോഗം അധികാരികളോട് ആവശ്യപ്പെട്ടത്.
യുവാക്കളേയും വിദ്യാര്‍ഥികളേയും ലക്ഷ്യമിട്ട് നാടുമുഴുവന്‍ വട്ടമിട്ട് പറക്കുന്ന കഞ്ചാവ്, ലഹരി മാഫിയകളുടെ ഭീഷണിയില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും സാധാരക്കാരെ കൂടാതെ ഭരണാധികാരികള്‍ക്ക് വരെ രക്ഷയില്ലാതായിരിക്കുകയാണെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. വര്‍ധിച്ചു കൊണ്ടിരിക്കുന്ന കഞ്ചാവ് ലഹരി മാഫിയകളെ പഞ്ചായത്തില്‍ നിന്നും ഉന്‍മൂലനം ചെയ്യുന്നതിനായി ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു കൊണ്ട് പ്രതിരോധം തീര്‍ക്കുവാനും ബോധവല്‍ക്കരണം നടത്തുവാനും തീരുമാനിച്ചതായും എടത്തിരുത്തി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കഴിഞ്ഞ ഇരുപതിനാണ് എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപിന് നേരെ കഞ്ചാവ് ഇടപാടുകാരന്‍ ഭീഷണിയുയര്‍ത്തിയത്. ലഹരി മാഫിയകള്‍ക്കെതിരെ പ്രസിഡന്റ് നടത്തിപ്പോരുന്ന നയപരിപാടികളിലും ബോധവല്‍ക്കരണത്തിലും വിറളി പൂണ്ടാണ് ഇടപാടുകാരന്‍ പ്രസിഡന്റിനെ വീട്ടില്‍ കയറി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രസിഡന്റിന്റെ പരിസരവാസിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ചൂണ്ടയില്‍ ജിനീഷിനെ മതിലകം പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടികളുടെ മുന്നില്‍ വെച്ചാണ് ഇയാള്‍ പ്രസിഡന്റിനെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണി മുഴക്കുകയും ചെയ്തത്.
കസ്റ്റഡിയിലെടുക്കാന്‍ വന്ന പൊലിസിന് നേരെയും ആക്രമണം നടത്തിയിരുന്നു. എന്തായാലും മേഖലയില്‍ വര്‍ധിച്ചു വരുന്ന ലഹരി മാഫിയകളുടെ അഴിഞ്ഞാട്ടത്തിന് തടയിടാന്‍ ശക്തമായ ബോധവല്‍ക്കരണ പരിപാടിയുമായി മുന്നോട്ടു പോകാനുള്ള തയാറെടുപ്പിലാണ് ഗ്രാമപഞ്ചായത്ത് അധികാരികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."