മന്ത്രി വന്ന് ശാസിച്ചിട്ടും 'നന്നാകാതെ' ഫറോക്ക് ഇ.എസ്.ഐ ആശുപത്രി
ഫറോക്ക്: രണ്ടുമാസം മുന്‍പു മന്ത്രി സന്ദര്‍ശിച്ചു പോയിട്ടും ഫറോക്ക് ഇ.എസ്.ഐ ആശുപത്രിയുടെ ശോച്യാവസ്ഥയ്ക്കു പരിഹാരമായില്ല. ആശുപത്രിയിലെത്തുന്ന രോഗികളുടെ ദുരിതങ്ങളെ കുറിച്ചു മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണു തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ ആശുപത്രി സന്ദര്‍ശിച്ചത്. വിഷയത്തില്‍ അടിയന്തര നടപടികളെടുക്കാന്‍ മന്ത്രി ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതുവരെ ഒന്നുപോലും നടപ്പായിട്ടില്ല.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ തൊഴിലാളികള്‍ ആശ്രയിക്കുന്ന ഇ.എസ്.ഐ റഫറല്‍ ആശുപത്രിയാണിത്. വിദൂര നാടുകളില്‍ നിന്നെത്തുന്ന പ്രായമായ രോഗികള്‍ പോലും ഇവിടെ മതിയായ ചികിത്സ കിട്ടാതെ വലയുകയാണ്. ഒരുകോടി 40 ലക്ഷം രൂപ ചെലവഴിച്ചു രണ്ടുമാസം മുന്‍പ് ആശുപത്രിയില്‍ സ്ഥാപിച്ച സി.ടി സ്‌കാന്‍ സംവിധാനം ജീവനക്കാരില്ലാത്തതിനാല്‍ നോക്കുകുത്തിയായിരിക്കുകയാണ്. ഒരു രോഗിക്കുപോലും ഇവിടെ ഇതുവരെ സ്‌കാനിങ് നടത്തിയിട്ടില്ല.
സി.ടി സ്‌കാനിങ്ങിനായി രണ്ടുപേരെ നിയമിച്ചു സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടും ഇതുവരെ ആരും ജോലിക്കെത്തിയിട്ടില്ല. നിരവധി രോഗികളെയാണു ദിനംപ്രതി സ്‌കാനിങ്ങിനായി സ്വകാര്യ ആശുപത്രികളിലേക്കു പറഞ്ഞുവിടുന്നത്. ഇതിനു പിന്നില്‍ സ്വകാര്യ ആശുപത്രിക്കാരും ഡോക്ടര്‍മാരും തമ്മിലുള്ള ഒത്തുകളിയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും ഒഴിവുകള്‍ നികത്താത്തതും രോഗികളെ വലക്കുകയാണ്.
ആശുപത്രി കെട്ടിടത്തിന്റെ പലഭാഗങ്ങളിലും കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീഴുന്നുണ്ട്. പത്തുവര്‍ഷമായി ആശുപത്രിയില്‍ യാതൊരുവിധ അറ്റകുറ്റപ്പണിയും നടത്താത്തതില്‍ തൊഴില്‍മന്ത്രി ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. കെട്ടിടത്തിനു മുകളില്‍ ആല്‍മരങ്ങള്‍ വളര്‍ന്നു പന്തലിച്ചതിനും വാര്‍ഡുകളിലെ ശുചിമുറികളുടെ ശോച്യാവസ്ഥയിലും മന്ത്രി ജീവനക്കാരെ ശാസിച്ചിരുന്നു. ബാത്ത്‌റൂമുകളില്‍ യൂറോപ്യന്‍ ക്ലോസറ്റുകള്‍ സജ്ജീകരിക്കാനും നിര്‍ദേശമുണ്ടായെങ്കിലും ഇതൊന്നും നടപ്പായിട്ടില്ല.
ആശുപത്രിയുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ടു മന്ത്രി വിശദമായ റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ ഒരു റിപ്പോര്‍ട്ടും നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്. ആശുപത്രിയുടെ നവീകരണത്തിനായി ട്രേഡ് യൂനിയനുകള്‍, ഡോക്ടര്‍മാര്‍, ജീവനക്കാര്‍ എന്നിവരുമായി ചര്‍ച്ചനടത്തി പദ്ധതി ആവിഷ്‌കരിക്കുമെന്നും ഇതിനായി കന്നി ബജറ്റില്‍ തന്നെ തുക വകയിരുത്തുമെന്നും പ്രഖ്യാപനമുണ്ടായെങ്കിലും ഇതെല്ലാം ജലരേഖയായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."