രാജീവ് ഗാന്ധി സ്മാരക സ്‌റ്റേഡിയത്തില്‍ പരിശോധന തുടങ്ങി
തിരൂര്‍: രാജീവ്ഗാന്ധി സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സര്‍ക്കാര്‍ ചീഫ് എന്‍ജിനിയര്‍ പി.ആര്‍ സജികുമാറും സംഘവും പരിശോധന തുടങ്ങി. മന്ത്രി ഡോ. കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ മാസം ചേര്‍ന്ന യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ജിനിയറും സംഘവും സ്റ്റേഡിയത്തില്‍ പരിശോധന തുടങ്ങിയത്.
സ്റ്റേഡിയം നവീകരണത്തെച്ചൊല്ലി ഉയര്‍ന്ന ആരോപണങ്ങളുടെകൂടി പശ്ചാത്തലത്തിലാണിത്. സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക്, പവലിയന്‍, പുല്‍മൈതാനം എന്നിവയുടെ നിലവാരമാണ് വിശദമായി പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ സിന്തറ്റിക് ട്രാക്കിന്റെയും പവലിയന്റെയും ഭാഗങ്ങള്‍ പരിശോധിച്ചു. സിന്തറ്റിക് ട്രാക്കിലും സ്റ്റേഡിയത്തിലും വെള്ളം കെട്ടിനില്‍ക്കുന്നതു നിര്‍മാണത്തിലെ അപാകത കാരണമാണെന്ന ആരോപണത്തെ തുടര്‍ന്ന് അക്കാര്യത്തിലും പരിശോധന നടത്തുന്നുണ്ട്. അന്തിമ പരിശോധന റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ സര്‍ക്കാറിനു കൈമാറുമെന്ന് ചീഫ് എന്‍ജിനിയര്‍ അറിയിച്ചു.
അംഗീകൃത ലേഔട്ടില്‍നിന്നു വ്യതിചലിച്ചാണ് സ്റ്റേഡിയം നിര്‍മാണം, സിന്തറ്റിക് ട്രാക്ക് തകര്‍ന്നു, മത്സരങ്ങള്‍ക്ക് ട്രാക്കും സ്റ്റേഡിയവും അനുയോജ്യമല്ല തുടങ്ങിയ പ്രശ്‌നങ്ങളാണ് സ്റ്റേഡിയം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങളായി തിരൂര്‍ നഗരസഭ ഉന്നയിച്ചിരുന്നത്. എന്നാല്‍ ഗാലറി പടിഞ്ഞാറു ഭാഗത്തേക്കു മാറ്റിയതില്‍ അപാകതയില്ലെന്നു പരിശോധനാ സംഘത്തിലെ അംഗവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ ടെക്‌നിക്കല്‍ അംഗവുമായ പഴനിയാര്‍ പിള്ള വ്യക്തമാക്കി.
സി. മമ്മുട്ടി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നു നാലര കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നവീകരിച്ചത്. എന്നാല്‍, നഗരസഭ സ്റ്റേഡിയം ഏറ്റെടുക്കാന്‍ വിമുഖത അറിയിച്ചതോടെ വിഷയം വിവാദമാകുകയായിരുന്നു. എന്‍ജിനിയര്‍മാരായ കൃഷ്ണകുമാര്‍, കെ.ഐ ഗീതാകൃഷ്ണന്‍, എം.സി ജയചന്ദ്രന്‍ എന്നിവരും സില്‍ക്ക് സീനിയര്‍ മാനേജര്‍ സുരാസനന്‍, സീനി, എന്‍ജിനിയര്‍ കെ.സി ചാക്കോച്ചന്‍, സൈറ്റ് എന്‍ജിനിയര്‍ സുഭാഷ് തുടങ്ങിയവരും പരിശോധനാ സംഘത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."