ഇടപ്പള്ളി മേല്‍പ്പാലം: ഇന്നുമുതല്‍ ഗതാഗത ക്രമീകരണം
കൊച്ചി: ഇടപ്പള്ളി മേല്‍പ്പാലം തുറന്നുകൊടുത്തതിനെത്തുടര്‍ന്ന് പുതുതായി ഉണ്ടായിരിക്കുന്ന ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്നുമുതല്‍ ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ സിഗ്‌നലുകള്‍ ഒഴിവാക്കും.
ഇന്നലെ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് ഈ തീരുമാനം. ഇതനുസരിച്ച് മേല്‍പ്പാലം ജംഗ്ഷന്‍ റോഡുകള്‍ പൂര്‍ണമായും തുറന്നിടും. പൂക്കാട്ടുപടിയില്‍ വരുന്ന വാഹനങ്ങള്‍ ആലുവഭാഗത്തേക്ക് സ്വതന്ത്രമായി തിരിഞ്ഞുപോകണം. അതേസമയം എറണാകുളം ഭാഗത്തു നിന്നു പൂക്കാട്ടുപടി ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ 200 മീറ്റര്‍ മുന്നോട്ടുപോയി യു ടേണ്‍ എടുത്ത് പൂക്കാട്ടുപടി റോഡിലേക്ക് തിരിയണം.
ഇടപ്പള്ളി മേല്‍പ്പാലത്തിലെ സുഗമമായ ഗതാഗതത്തിനു വേണ്ടിയാണ് പുതിയ പരീക്ഷണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഈ പരീക്ഷണം വിജയകരമാണെങ്കില്‍ സ്ഥിരമായി നടപ്പിലാക്കും. ഈ ഭാഗത്തെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെഎംആര്‍എല്‍ വിശദമായ പദ്ധതി തയാറാക്കിവരുകയാണ്.
അടുത്തനാലുമാസത്തിനുള്ളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന് പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ കളമശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ. കെ. ബഷീര്‍, ആര്‍ടിഒ പി. എച്ച് സാദിക്ക് അലി, കൊച്ചി മെട്രോ പ്രതിനിധികളായ എസ്. ചന്ദ്രബാബു, മരിയോണ്‍ ഹോയസ്, എസ്. സുബ്രഹ്മണ്യം, രവിശങ്കര്‍(ഡി എം ആര്‍സി), ദേശീയപാത അസി. എന്‍ജിനീയര്‍ കെ. ആര്‍. ശോഭ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."