അരി വിതരണം നിലച്ചു; ഉച്ചക്കഞ്ഞിക്ക് വകയില്ലാതെ സ്കൂള്‍ അധികൃതര്‍
കാക്കനാട്: അരി വിതരണം നിലച്ചതോടെ ഉച്ചക്കഞ്ഞിക്ക് വകയില്ലാതെ സ്കൂള്‍ അധികൃതര്‍ നെട്ടോട്ടത്തില്‍. ആലുവ, എറണാകുളം വിദ്യാഭ്യാസ ഉപജില്ലകളിലും കുന്നത്തുനാട്ടിലെ ചില പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലേക്കുള്ള അരിവിതരമാണ് നിലച്ചത്. ഓണാവധി കഴിഞ്ഞ് സ്കൂളുകള്‍ തുറന്നതോടെയാണ് അരി ആവശ്യപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.
ഓണം പ്രമാണിച്ച് വിദ്യാര്‍ഥികള്‍ക്ക് അഞ്ച് കിലോ സ്പെഷല്‍ അരി മാത്രമാണ് സപ്ലൈകോയില്‍ നിന്ന് നല്‍കിയത്. വിദ്യായലങ്ങള്ക്കുള്ള അരി ഓണത്തിനുശേഷം നല്‍കാമെന്നായിരുന്നു സ്കൂള്‍ അധികൃതര്‍ക്ക് സിവില്‍ സപ്ലൈസ് അധികൃതര്‍ മറുപടിയും നല്‍കിയിരുന്നു.
എന്നാല്‍ ഓണത്തിന് ശേഷം അരി ആവശ്യപ്പെട്ട സ്കൂള്‍ അധികൃതരോട് വിതരണത്തിന് സ്റ്റോക്കില്ലെന്ന മറുപടിയായിരുന്നു. മറ്റു ജില്ലകളിലെ ഗോഡൗണില്‍ നിന്ന് അരി കൊണ്ടു വന്ന് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അനുവാദം വൈകിയതാണ് വിതരണം മുടങ്ങാന്‍ ഇടയാക്കിയതെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ വ്യക്തമാക്കി.
ആലപ്പുഴ ഗോഡൗണില്‍ നിന്ന് നാല് ലോഡുകളിലായി 40 ടണ്‍ അരി കൊണ്ട് വരാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയെങ്കിലും വെള്ളിയാഴ്ച സപ്ലൈകോ ജീവനക്കാര്‍ ഒന്നടങ്കം പണിമുടക്കിയത് മുലം അരി എത്തിക്കാനായില്ല. ശനിയാഴ്ച രാവിലെ ആലപ്പുഴ ഗോഡൗണില്‍ നിന്ന് അരി എത്തുമെന്നാണ് പ്രതീക്ഷ. ഞായറാഴ്ച അവധിയായതിനാല്‍ തിങ്കളാഴ്ച മുതലേ അരിവിതരണം നടക്കുകയുള്ളു.
സ്കൂളുകള്‍ക്ക് ഒരു മാസത്തേക്കുള്ള അരിയാണ് വിദ്യാഭ്യാസ വകുപ്പ് മുഖേന സപ്ലൈകോയില്‍ നിന്ന് വിതരണം ചെയ്യുന്നത്.
സപ്ലൈകോയില്‍ നിന്ന് അരി കിട്ടാന്‍ സാധാരണ ഒരു ദിവസം വൈകാറുണ്ട്. ഇത് ആദ്യമായാണ് സ്കൂള്‍ ഉച്ചക്കഞ്ഞിക്കുള്ള അരി തുര്‍ച്ചയായി നാല് ദിവസം മുടങ്ങിയതെന്നു സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
അരി കൂടുതല്‍ കരുതിയിട്ടുള്ള സ്കൂളുകളില്‍ നിന്ന് കടം വാങ്ങിയാണ് പല സ്കൂളുകളും ഉച്ചക്കഞ്ഞി മുടക്കം വരാതിരിക്കാനുള്ള പെടാപ്പാടിലാണ്. പുറം വിലക്ക് അരിവാങ്ങിയും ഉച്ചക്കഞ്ഞി മുടങ്ങാതിരിക്കാനും ശ്രമിക്കുണ്ട്.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം നട്ടം തിരിയുന്ന സ്കൂള്‍ അധികൃതര്‍ക്ക് സപ്ലൈകോയുടെ അരി കൂടി കിട്ടാതായതോടെ ഇരുട്ടടിയായിരിക്കുകയാണ്. അതേസമയം തിങ്കാളാഴ്ചയോട് കൂടി അരി വിതരണം പുനരാംഭിക്കുമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."