തെരുവുനായ ശല്യത്തിന് അറുതിയില്ല; അധികൃതര്‍ നിസംഗത തുടരുന്നു
തൊടുപുഴ: ഇടുക്കിയുടെ ഹൈറേഞ്ചിലും ലോറേഞ്ചിലും തെരുവുനായ്ക്കളുടെ വിളയാട്ടം തുടരുന്നു. രാപകല്‍ ഭേദമില്ലാതെ സ്വതന്ത്രവിഹാരം നടത്തുന്ന തെരുവുനായ്ക്കള്‍ ജനങ്ങള്‍ക്കു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. നായയുടെ കടിയേറ്റു മൂന്നുപേര്‍ കഴിഞ്ഞ ദിവസം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി. പീരുമേട്ടില്‍ രണ്ടുപേരും തൊടുപുഴയില്‍ ഒരാളുമാണു ചികിത്സ തേടിയത്. തൊടുപുഴ നഗരത്തില്‍ തെരുവ് നായ്ക്കള്‍ പെറ്റുപെരുകുകയാണ്.
നായയുടെ കടിയേറ്റ് ഈ മാസം 139 പേര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. വളര്‍ത്തു നായയുടെ കടിയേറ്റവരും ഇതില്‍ ഉള്‍പ്പെടുന്നു. ചികിത്സയില്‍ കഴിയുന്ന അയല്‍വാസിയെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയ യുവാവിനെ തെരുവുനായ കടിച്ച സംഭവം നടന്നതു കഴിഞ്ഞ ദിവസമാണ്.
രാമക്കല്‍മേടു കുടിഞ്ഞിലത്ത് അനീഷി(36)നാണു നായയുടെ കടിയേറ്റത്. നെടുങ്കണ്ടം താലൂക്ക് ആശുപത്രി ഗേറ്റിനു സമീപത്തായിരുന്നു ആക്രമണം. വലതുകാല്‍ മുട്ടിനു താഴെ മുറിവേറ്റ അനീഷ് ചികിത്സ തേടി.
നെടുങ്കണ്ടം ടൗണിലും പരിസരപ്രദേശത്തും തെരുവുനായ ശല്യം രൂക്ഷമാണെന്നു നാട്ടുകാര്‍ പറയുന്നു. ജില്ലയുടെ മറ്റു പലഭാഗങ്ങളിലും ഇതേ സ്ഥിതി തന്നെ. സന്ധ്യമയങ്ങിയാല്‍ ഗ്രാമീണ മേഖലയിലെ റോഡുകളും തുറസ്സായ സ്ഥലങ്ങളുമെല്ലാം നായ്ക്കള്‍ കയ്യടക്കും. കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹന യാത്രക്കാര്‍ക്കുമാണ് ഇവ കൂടുതല്‍ ഭീഷണി സൃഷ്ടിക്കുന്നത്. രാവിലെയും മറ്റും അലഞ്ഞുതിരിയുന്ന നായ്ക്കള്‍ സ്‌കൂള്‍ വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്കു പേടിസ്വപ്നമാണ്.
നായകള്‍ റോഡിനു കുറുകെ ചാടി വാഹനങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്നു. കഴിഞ്ഞയാഴ്ച പഴയരിക്കണ്ടം പുന്നയാറില്‍ പുതിയാപറമ്പില്‍ ബിജുവിന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന 15 നാടന്‍ കോഴികളെയാണു തെരുവുനായ്ക്കള്‍ കടിച്ചുകൊന്നത്. തെരുവുനായ്ക്കളുടെ ആക്രമണംമൂലം ജില്ലയില്‍ അനവധി പേര്‍ക്കു പരുക്കേല്‍ക്കുകയും വളര്‍ത്തുമൃഗങ്ങളെ നായ്ക്കള്‍ ആക്രമിച്ചുകൊല്ലുകയും ചെയ്തിട്ടും നായശല്യത്തിനു പരിഹാരം കാണുന്നതിനായുള്ള പദ്ധതികള്‍ കടലാസില്‍ മാത്രമൊതുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."