ഇടുക്കി ഡാമിലേക്കു കൂറ്റന്‍ പാറ അടര്‍ന്ന് വീണു; ഗുരുതര സുരക്ഷാ വീഴ്ച പാറ വീണത് അണക്കെട്ടിനെ ബന്ധിപ്പിക്കുന്ന കുറവന്‍ മലയില്‍ നിന്നും
തൊടുപുഴ: ഇടുക്കി ആര്‍ച്ച് ഡാമിലേക്ക് കൂറ്റന്‍ പാറ അടര്‍ന്നു വീണു. അണക്കെട്ടിന്റെ ഭാഗമായ കുറവന്‍ മലയില്‍നിന്നാണു പാറ അടര്‍ന്നു വീണത്.
ഇന്നലെ പുലര്‍ച്ചെയോടെയാണ് സംഭവം. 500 അടിയോളം ഉയരത്തില്‍നിന്നു വീണ പാറ ഡാമിന്റെ പുറം ഭാഗത്ത് തട്ടി ചിന്നിച്ചിതറി. പാറക്കല്ലുകള്‍ പതിച്ച് ഡാമിന്റെ വശത്തെ ഇരുമ്പു ഗോവണിയും അടിത്തട്ടിലെ കൈവരികളും തകര്‍ന്നിട്ടുണ്ട്. സംഭവം അതീവ ഗുരുതര സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.
കുറവന്‍, കുറത്തി മലകള്‍ തമ്മില്‍ ബന്ധിപ്പിച്ചാണ് ഇടുക്കി അണക്കെട്ടിന്റെ നിര്‍മിതി. മൂന്നു വര്‍ഷം മുമ്പ് കുറത്തി മലയില്‍നിന്നും ഇതേതരത്തില്‍ കൂറ്റന്‍ പാറകള്‍ അടര്‍ന്നു വീണിരുന്നു. ഡാം നിര്‍മാണ കാലത്ത് ഡാമിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ മലയിലെ ദുര്‍ബലമായ ഭാഗങ്ങള്‍ അടര്‍ത്തി മാറ്റിയശേഷം ഇരുമ്പ് കമ്പികളും ഗര്‍ഡറുകളും ഉപയോഗിച്ച് ബന്ധിച്ചു സുരക്ഷിതമാക്കുകയാണു ചെയ്തിരിക്കുന്നത്.
കാലപ്പഴക്കത്താല്‍ കമ്പികള്‍ പലതും ദ്രവിച്ചതും പാറയുടെ പുറന്തോടുകള്‍ ഇളകിമാറുന്നതുമാണ് ഇവ അടര്‍ന്നു വീഴാന്‍ കാരണമാകുന്നത്.
ഡാമിന്റെ അടിഭാഗത്തെ പൊലിസ് ഗാര്‍ഡ് റൂമിന്റെ 25 മീറ്ററോളം അകലെയായാണ് കല്ലുകള്‍ പതിച്ചത്. പാറ തകര്‍ന്നു വീണ വിവരം പൊലിസുകാര്‍ കെ, എസ്. ഇ. ബി അധികൃതരെ അറിയിച്ചെങ്കിലും ജില്ലാ പൊലിസ് മേധാവിയടക്കമുള്ളമുള്ളവരെ അറിയിച്ചില്ല. സംഭവമറിഞ്ഞ മാധ്യമപ്രവര്‍ത്തകരില്‍നിന്നാണ് പൊലിസ് ഉന്നതര്‍ വിവരം അറിഞ്ഞത്.
അടര്‍ന്നു വീണ ഭാഗത്തെ ശേഷിക്കുന്ന അടുക്ക് ഇളകിവീഴാന്‍ സാധ്യതയുണ്ട്. ഇവിടെ ഇരുമ്പ് കമ്പികള്‍ ഉപയോഗിച്ച് ബന്ധിച്ച് സുരക്ഷിതമാക്കുമെന്ന് സുരക്ഷാ ചുമതലയുള്ള റിസര്‍ച്ച് വിഭാഗം അസി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അലോഷ്യസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."