നഷ്ടപരിഹാരം നല്‍കാത്തതിന് ബസ് ജപ്തി ചെയ്തു
പത്തനംതിട്ട: അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതിന് വിസമ്മതിച്ച തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ബസ് പത്തനംതിട്ട എം.എ.സി.ടി കോടതി ജപ്തി ചെയ്തു.
2001 ഫെബ്രുവരി ഏഴിന് രാത്രി 9.30 ഓടെ കുമളി-കമ്പം റോഡിലുണ്ടായ അപകടത്തില്‍ റാന്നി പഴവങ്ങാടി കരിങ്കുളം തുണ്ടിയില്‍ വീട്ടില്‍ ജയ്‌സണ്‍ ചാക്കോ(20) മരിച്ചതുമായി ബന്ധപ്പെട്ട കോടതി നടപടികളുടെ ഭാഗമായാണ് ജപ്തി.
ജയ്‌സന്റെ മരണ ശേഷം പിതാവ് ഏബ്രഹാം ചാക്കോയും മാതാവ് ലെയ്‌സമ്മയും ചേര്‍ന്ന് അഭിഭാഷകനായ സാബു ഐ. കോശി മുഖേന പത്തനംതിട്ട എം.എ.സി.ടി കോടതിയെ സമീപിക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് 5.18 ലക്ഷം രൂപ, സംഭവം നടന്ന ദിവസം മുതലുള്ള ഏഴ് ശതമാനം പലിശയും സഹിതം ഹരജിക്കാര്‍ക്ക് നല്‍കണമെന്ന് 2009 ആഗസ്ത് 20ന് പത്തനംതിട്ട എം.എ.സി.ടി കോടതി ഉത്തരവിട്ടു. കോടതി ചെലവായി 12000 രൂപ നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇതിനെതിരേ തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഹൈക്കോടതിയെ സമീപിച്ചു.
കോര്‍പ്പറേഷന്റെ നിലപാടുകള്‍ തള്ളിയ ഹൈക്കോടതി ഹരജിക്കാര്‍ക്ക് 4.48 ലക്ഷം രൂപയും പിഴപ്പലിശയും അടക്കം 10,65,546 രൂപ കൊടുക്കുന്നതിന് നിര്‍ദേശിച്ചു. എന്നാല്‍ ഇതും ഹരജിക്കാര്‍ക്ക് ലഭിക്കാതെ വന്നതോടെയാണ് കോടതി ബസ് ജപ്തി ചെയ്യുന്നതിന് ഉത്തരവിട്ടത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ 11.30 ന് കോടതിയുടെ നിര്‍ദേശ പ്രകാരം ആമീനും സംഘവും എത്തി കൊട്ടാരക്കരയില്‍ നിന്നും ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടര്‍ന്ന് വൈകിട്ട് അഞ്ചോടെ കോടതിയില്‍ ഹാജരാക്കി. ടി.എന്‍-72എന്‍ -1962 നമ്പറിലുള്ളതും കൊട്ടാരക്കര-തെങ്കാശി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് കോടതി ജപ്തി ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."