യാത്രക്കാരെ വലച്ച് സ്വകാര്യ ബസുകാരുടെ മിന്നല്‍ പണിമുടക്ക് പണിമുടക്ക് കെ.എസ്.ആര്.ടി.സി ഡ്രൈവറെ മര്‍ദിച്ച സ്വകാര്യ ബസ് ജീവനക്കാരനെ അറസ്റ്റുചെയതതില് പ്രതിഷേധിച്ച്
അഞ്ചല്‍: ബസ് ഡ്രൈവറെ പൊലിസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്കു നടത്തിയതോടെ യാത്രക്കാര്‍ വലഞ്ഞു. അഞ്ചലില്‍ നിന്നും ആയൂര്‍, പുനലൂര്‍, കുളത്തൂപ്പുഴ ഭാഗത്തേക്കുള്ള യാത്രക്കാരാണ് വലഞ്ഞത്. ഇന്നലെ ഉച്ചയോടെയാണ് ബസ് ജീവനക്കാര്‍ പണിമുടക്കിയത്. സര്‍വിസിനിടെ കെ.എസ്.ആര്.ടി.സി ഡ്രൈവറെ മര്‍ദിച്ച കേസില്‍ സ്വകാര്യ ബസ് ഡ്രൈവറെ പൊലിസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാരൊന്നടങ്കം പണിമുടക്കിയത്.
വിദ്യാര്‍ഥികളും സര്‍ക്കാര്‍ ജീവനക്കാരുമുള്‍പ്പെടെ നൂറുകണക്കിന് പേര്‍ക്ക് പണിമുടക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. പണിമുടക്കിനിടെ ഇന്നലെ വൈകുന്നേരം 4.30ഓടെ അഞ്ചല്‍ കൈതാടിയില്‍ മോട്ടോര്‍വാഹനവകുപ്പ് പരിശോധന നടത്തിയതും നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയതോടെ പൊലിസ് സ്ഥലത്തെത്തിയാണ് പ്രശ്നം രമ്യതയിലെത്തിച്ചത്. ബസ് പണിമുടക്ക് സംബന്ധിച്ച് വിവരം അറിയാതെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തിയത്. സംഭവം മനസിലായതോടെ ഇവര്‍ പരിശോധന മതിയാക്കി തിരികെ പോയി.
കെ.എസ്.ആര്.ടി.സി സര്‍വിസുകള്‍ നടത്തിയെങ്കിലും യാത്രക്കാരുടെ ബുദ്ധിമുട്ടിന് പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല. പണിമുടക്കിനെ തുടര്‍ന്ന് സമാന്തര സര്‍വിസുകളെ ആശ്രയിച്ചാണ് ഭൂരിഭാഗം യാത്രികരും വീടുകളിലെത്തിയത്. അഞ്ചല്‍ ആര്.ഓ ജങ്ഷനിലെ വിവിധ ബസ് സ്റ്റോപ്പുകളില്‍ ഉച്ചകഴിഞ്ഞ് യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സര്‍വിസ് നടത്തിയ എല്ലാ കെ.എസ്.ആര്.ടി.സിയിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചല്‍-കുളത്തൂപ്പുഴ റൂട്ടില്‍ വലിയേല ജങ്ഷന് സമീപമാണ് സ്വകാര്യ ബസ് ഡ്രൈവര്‍ കെ.എസ്.ആര്.ടി.സി ഡ്രൈവറെ മര്‍ദിച്ചത്. കൊല്ലം ഡിപ്പോയിലെ ഡ്രൈവര്‍ ശിവന്‍കുട്ടി(50)യ്ക്കാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസിന്റെ ഡ്രൈവര്‍ മനോജി(32)നെ പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സമയക്രമം തെറ്റിച്ചെന്നാരോപിച്ച് ഇരു ബസിലേയും ഡ്രൈവര്‍മാര്‍ തമ്മില്‍ അഞ്ചല്‍ മുതല്‍തന്നെ വാക്കുതര്‍ക്കമുണ്ടായിരുന്നു. കൊല്ലത്തുനിന്നും-കുളത്തൂപ്പുഴയിലേക്ക് നിറയെ യാത്രക്കാരുമായി സര്‍വിസ് നടത്തിയ കെ.എസ്.ആര്.ടി.സി വേണാട് ബസിനെ നിരവധിതവണ സ്വകാര്യബസ് അപകടകരമായ രീതിയില്‍ മറികടക്കാന്‍ ശ്രമിച്ചതായി ഇരു ബസിലേയും യാത്രക്കാര്‍ പറഞ്ഞു.
അഞ്ചല്‍-കുളത്തൂപ്പുഴ പാതയില്‍ കെ.എസ്.ആര്.ടി.സിയുടെ വേണാട് ലിമിറ്റഡ് സ്റ്റോപ്പ് സര്‍വിസുകളും സ്വകാര്യ ബസുകളും തമ്മില്‍ മത്സരയോട്ടം പതിവാണെങ്കിലും അക്രമസംഭവം ബസ് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. കെ.എസ്.ആര്.ടി.സി ഡ്രൈവറെ മര്‍ദിച്ചതോടെ ഇരുബസുകളിലേയും യാത്രക്കാര്‍ മറ്റുബസുകളില്‍ യാത്രചെയ്താണ് കുളത്തൂപ്പുഴയിലെത്തിയത്. വലിയേല ജങ്ഷന് സമീപമെത്തിയപ്പോള്‍ കെ.എസ്.ആര്.ടി.സി ബസിനെ ഓവര്‍ടേക്ക് ചെയ്ത് സ്വകാര്യ ബസ് നിര്‍ത്തിയശേഷം മനോജ് ഇറങ്ങിവന്ന് ശിവന്‍കുട്ടിയെ മര്‍ദിക്കുകയായിരുന്നെന്നാണ് യാത്രക്കാരും നാട്ടുകാരും പറഞ്ഞത്. സംഭവത്തെ തുടര്‍ന്ന് രക്ഷപെടാന്‍ ശ്രമിച്ച സ്വകാര്യ ബസ് ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞുവച്ച് കുളത്തൂപ്പുഴ പൊലിസിന് കൈമാറുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് കൊല്ലം-കുളത്തൂപ്പുഴ റൂട്ടില്‍ അരമണിക്കൂറിലധികം ഗതാഗത തടസമുണ്ടായിരുന്നു. കെ.എസ്.ആര്.ടി.സി ലിമിറ്റഡ് സ്റ്റോപ്പ് സര്‍വിസുകളുമായി സ്വകാര്യ ഓര്‍ഡിനറി സര്‍വിസുകള്‍ മത്സരം നടത്തേണ്ട യാതൊരു ആവശ്യവുമില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. യാത്രക്കാരുമായി സാഹസിക യാത്ര നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. മോട്ടോര്‍ വാഹനവകുപ്പ് പരിശോധന ശക്തമാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."