വൈദ്യുതി ഭവനു മുകളില്‍ ' വിന്റ്മില്‍' പരീക്ഷണം
എ.എസ്. അജയ്‌ദേവ്
തിരുവനന്തപുരം: പാരമ്പര്യേതര ഊര്‍ജോല്‍പ്പാദന സാധ്യതകള്‍ കണ്ടെത്താന്‍ വൈദ്യുതി വകുപ്പിന്റെ പരീക്ഷണ പദ്ധതി. ഇതിന്റെ ഭാഗമായി മൂന്നു വിന്റ്മില്ലുകള്‍ (കാറ്റാടിയന്ത്രം) വൈദ്യുതി ഭവനു മുകളില്‍ സ്ഥാപിച്ചു. 300 വാട്ട് ശേഷിയുള്ള വിന്റ്മില്ലുകളാണിവ. ആകെ 900 വാട്ട് വൈദ്യുതിയാണ് മൂന്നുവിന്റ്മില്ലുകളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്നതെന്ന് വൈദ്യുതി വകുപ്പധികൃതര്‍ 'സുപ്രഭാത'ത്തോടു പറഞ്ഞു.
വിന്റ്മില്ലുകള്‍ സ്ഥാപിച്ചിട്ട് ഒരുമാസമായി. കാറ്റാടി, ബാറ്ററി, സ്റ്റാന്റ് എന്നിവ ചേരുന്നതാണ് ഒരു വിന്റ്മില്‍. ഏകദേശം 15 കിലോ ഭാരം മാത്രമാണ് ഇതിനുള്ളത്. വൈദ്യുതി ഭവനു പുറത്തു സ്ഥാപിച്ചിട്ടുള്ള പോസ്റ്റുകളിലെ ബള്‍ബുകള്‍ പ്രകാശിക്കുന്നത് ഈ വിന്റ്മില്ലില്‍ നിന്നുള്ള ഊര്‍ജമുപയോഗിച്ചാണ്. വികേന്ദ്രീകൃത വൈദ്യുതി ഉല്‍പ്പാദനത്തിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തി വൈദ്യുതി ലൈന്‍ വലിക്കാനാവാത്ത പ്രദേശങ്ങളില്‍ സോളാര്‍, വിന്റ്മില്‍ എന്നിവയുപയോഗിച്ച് വൈദ്യുതി നല്‍കുകയെന്നതാണ് ഈ പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍, പരമ്പരാഗത വൈദ്യുതി ഉല്‍പ്പാദനത്തില്‍ നിന്നുള്ള മാറ്റമോ പാരമ്പര്യേതര ഊര്‍ജമുപയോഗിച്ചുള്ള വൈദ്യതി ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കലോ അല്ല വൈദ്യുതി വകുപ്പിന്റെ ലക്ഷ്യമെന്നും അധികൃതര്‍ പറയുന്നു. വൈദ്യുതി ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായിട്ടുള്ള വര്‍ധനയും, വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പ്രയാസവും കണക്കിലെടുത്താണ് ചെറുകിട പാരമ്പര്യേതര ഊര്‍ജോല്‍പ്പാദന പദ്ധതികള്‍ വൈദ്യുതി വകുപ്പിന്റെ തന്നെ റീസ് (റിന്യൂവബിള്‍ എനര്‍ജി) എന്ന വിഭാഗം നടത്തുന്നത്. വൈദ്യുതി വകുപ്പ് ഓണമാഘോഷിച്ചത് വിന്റ്മില്ലില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചായിരുന്നു. സര്‍ക്കാര്‍ ഓണം വാരാഘോഷത്തോടനുബന്ധിച്ച് വൈദ്യുതി ഭവനില്‍ ഒരുക്കിയ ദീപാലങ്കാരത്തിനാണ് വിന്റ്മില്ലില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചത്. ഏഴുദിവസവും ദീപാലങ്കാരത്തിനുള്ള വൈദ്യുതി ലഭിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു.
രണ്ടുലക്ഷം രൂപയാണ് വിന്റ്മില്ലുകള്‍ സ്ഥാപിക്കാന്‍ ചെലവ്. മഴക്കാലത്തും ഈ വിന്റ്മില്ലുകള്‍ വഴി കാറ്റില്‍ നിന്നു വൈദ്യുതി ഉല്‍പ്പാദിക്കാനാകുന്നതാണ് . ടെറസില്‍ സ്ഥാപിക്കാന്‍ കഴിയുന്ന ഭാരം കുറഞ്ഞ വിന്റ്മില്ലുകളില്‍ നിന്നും ഒരു വീട്ടില്‍ ഉപയോഗിക്കാനാവുന്ന വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകുമോയെന്നാണ് കെ.എസ്.ഇ.ബി. അധികൃതര്‍ പഠനവിധേയമാക്കുന്നത്. വീടിന്റെ മേല്‍ക്കൂരകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനേക്കാള്‍ ഗുണമാണ് വിന്റ്മില്ലുകള്‍.
നിലവില്‍ സ്ഥാപിച്ചിട്ടുള്ള വിന്റ്മില്ലുകളില്‍ നിന്നും ഒരു ദിവസം എത്ര വൈദ്യുതി ബാറ്ററികളില്‍ സംഭരിക്കാമെന്നും ഇതിന്റെ പ്രവര്‍ത്തന ക്ഷമത, വ്യാവസായികാടിസ്ഥാനത്തില്‍ ഉപയോഗിക്കാനാകുമോ തുടങ്ങിയ പരിശോധനകളാണ് നടന്നു വരുന്നത്. വൈദ്യുതി ഭവനു മുകളില്‍ സ്ഥാപിച്ചിട്ടുള്ള വിന്റ്മില്ലുകള്‍ പൂര്‍ണതോതില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു തുടങ്ങിയിട്ടില്ല. രണ്ടാഴ്ച കൂടി കഴിഞ്ഞാല്‍ മാത്രമേ ഇത് പൂര്‍ണതോതില്‍ പ്രവര്‍ത്തന ക്ഷമമാകൂവെന്നും അധികൃതര്‍ പറയുന്നു. നിലവില്‍ സ്ഥാപിച്ചിട്ടുള്ള മൂന്നു വിന്റ്മില്ലുകള്‍ക്കു പുറമേ രണ്ടു കിലോവാട്ട് ശേഷിയുള്ള ഒരു പദ്ധതി കൂടി പരീക്ഷണാര്‍ഥം സ്ഥാപിക്കും. പുതുതായി പണിത കരമന-കളിയിക്കാവിള ദേശീയ പാതയിലെ സ്ട്രീറ്റ്‌ലൈറ്റുകള്‍ വിന്റ്മില്ലുകള്‍ സ്ഥാപിച്ച് കത്തിക്കാനുള്ള പദ്ധതിയും കെ.എസ്.ഇ.ബിയുടെ ആലോചനയിലുണ്ട്. ഒരു വിന്റ്മില്ലില്‍ നിന്നും കുറഞ്ഞത് നാല് യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ നല്ല കാറ്റുള്ള സമയങ്ങളില്‍ ഇത് ആറ് മുതല്‍ എട്ട് യൂനിറ്റു വരെ ഉയരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."