ഹിന്ദുമുന്നണി നേതാവിന്റെ കൊല; കോയമ്പത്തൂരില്‍ സംഘര്‍ഷം
അഷ്‌റഫ് വേലിക്കിലത്ത്
കോയമ്പത്തൂര്‍: ഹിന്ദുമുന്നണി നേതാവിന്റെ കൊലപാതകത്തെ തുടര്‍ന്ന് നഗരത്തില്‍ അക്രമസംഭവങ്ങള്‍ വ്യാപകം. ഹിന്ദുമുന്നണിയുടെ പി.ആര്‍.ഒ ആയ ശശികുമാറിനെ വ്യാഴാഴ്ച രാത്രി 11ന് കൗണ്ടന്‍പാളത്തെ സുബ്രഹ്മണി പാളയത്തിനടുത്തുള്ള വീടിനടുത്ത് വച്ച് നാലംഗ അക്രമികള്‍ കുത്തിവീഴ്ത്തുകയായിരുന്നു.
മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കവെയാണ് സംഭവം. ദേഹമാസകലം കുത്തേറ്റ ശശികുമാറിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് കോയമ്പത്തൂരിലും തിരുപ്പൂരിലും ജില്ലാബന്ദിനു ആഹ്വാനം ചെയ്ത ഹിന്ദുമുന്നണി പിന്നീട് ന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങള്‍ക്കു നേരെ വ്യാപകമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. അക്രമത്തില്‍ നൂറോളം സര്‍ക്കാര്‍വാഹനങ്ങള്‍ നശിച്ചു.
ആര്‍.എസ് പുരം ഖുര്‍റത്തുല്‍ ഐന്‍ ഹനഫി സുന്നത്ത് മസ്ജിദ്, കെമ്പട്ടി കോളനി ജുമാമസ്ജിദ് എന്നിവയ്ക്കു നേരെ പെട്രോള്‍ ബോംബേറുണ്ടായി. ഗാന്ധിപുരത്തെ വിറ്റ്‌കോ ഷൂ കോംപ്ലക്‌സ് ഉള്‍പ്പെടെ നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളുടെ കണ്ണാടികളും ബോര്‍ഡുകളും തകര്‍ന്നു. മുസ്‌ലിം പ്രദേശങ്ങളിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച ആര്‍.എസ്.എസുകാരെ പലയിടങ്ങളിലും സായുധ പൊലിസ് തടഞ്ഞു.
ഇതിനിടെ ശശികുമാറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയ്്ക്ക് 12 മണിക്ക് വിട്ടുകൊടുത്തു. മൃതദേഹം വഹിച്ച് വിലാപയാത്രയായി നീങ്ങിയ സംഘം കടന്നുപോയ വഴികളിലുടനീളം അക്രമം അഴിച്ചുവിട്ടു. തമിഴ്‌നാട് പൊലിസ്, സി.ആര്‍.പി.എഫ്, ആര്‍.എ.എഫ് ഉള്‍പ്പെടെ നിരവധി കമ്പനി സുരക്ഷാ വിഭാഗങ്ങളെ നഗരത്തിലിറക്കിയിട്ടുണ്ട്. ഒട്ടേറെ സ്ഥലങ്ങളില്‍ പൊലിസ് ലാത്തിച്ചാര്‍ജ് നടത്തി.
കേട്ടുപാളയത്തില്‍ നിന്നും കോത്തഗിരിയിലേക്കു പോവുകയായിരുന്ന ലോറിക്കുനേരെ പെട്രോള്‍ ബോംബെറിഞ്ഞതില്‍ തീപിടിച്ച് ലോറി ഡ്രൈവര്‍ ബാലകൃഷ്ണനു ഗുരുതരമായി പൊള്ളലേറ്റു.
ഉടുമല്‍പേട്ടയില്‍ കടകളടപ്പിക്കാന്‍ ശ്രമിച്ച 13 ഹിന്ദുമുന്നണി പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റു ചെയ്തു. കോയമ്പത്തൂര്‍ നഗരത്തിലെ ഈശ്വരന്‍ കോവില്‍ സ്ട്രീറ്റില്‍ അന്‍പതില്‍പരം ബുക്സ്റ്റാളുകള്‍ അക്രമികള്‍ തകര്‍ത്തു. നഗരത്തില്‍ അഴിഞ്ഞാടിയ അക്രമികളെ ഉടന്‍ പിടികൂടുമെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ അമല്‍രാജ് അറിയിച്ചു. അക്രമികളെ ശക്തമായി നേരിടാന്‍ കമ്മിഷണര്‍ പൊലിസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം നഗരത്തിലാകമാനം അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു.
ഇന്നലെ കോയമ്പത്തൂരില്‍ പ്രഖ്യാപിച്ച അപ്രതീക്ഷിത ബന്ദില്‍ സംസ്ഥാനാതിര്‍ത്തികളില്‍ കേരളത്തില്‍ നിന്നുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ കുടുങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."