കെ.ബാബുവിന്റെ ശമ്പളരേഖകള്‍ ആവശ്യപ്പെട്ട് വിജിലന്‍സ് കത്ത് നല്‍കി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: അനധികൃതസ്വത്തു സമ്പാദനത്തിന് കെ ബാബുവിനെതിരേ കുരുക്കുമുറുക്കി വിജിലന്‍സ്. കെ ബാബു വാങ്ങിയ ശമ്പളം സംബന്ധിച്ച് അറിയിക്കാന്‍ ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് കത്ത് നല്‍കി.
കെ ബാബുവിന്റെ അനധികൃത സ്വത്തിന്റെ തെളിവ് തേടിയുള്ള രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായാണ് വിജിലന്‍സ് നിയമസഭയില്‍ നിന്നു കിട്ടിയ ശമ്പളത്തിന്റെ കണക്കെടുക്കുന്നത്. കൂടാതെ ആദായനികുതി വകുപ്പില്‍നിന്നും എല്ലാ രേഖകളും ആവശ്യപ്പെട്ടും ജേക്കബ് തോമസ് കത്തു നല്‍കി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും 25 വര്‍ഷം തൃപ്പൂണിത്തുറയുടെ എം.എല്‍.എ ആയിരുന്നു ബാബു. ഇതില്‍ കഴിഞ്ഞ 10 വര്‍ഷത്തെ ശമ്പള രേഖകളാണ് നിയമസഭാ സെക്രട്ടറിയില്‍ നിന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്.
ആദായനികുതി റിട്ടേണുകളും കൂടി കിട്ടിയതിനുശേഷം വിജിലന്‍സിന്റെ കൈവശമുള്ള സ്വത്ത്‌വിവര പട്ടികയുമായി ഒത്തുനോക്കി സ്വത്ത് സമ്പാദനത്തില്‍ പൊരുത്തക്കേടുണ്ടോയെന്ന് പരിശോധിക്കാനാണ് വിജിലന്‍സ് ശ്രമം.
കൂടാതെ ബാങ്ക് ലോക്കറുകള്‍ പെട്ടെന്ന് കാലിയാക്കിയതിനെപ്പറ്റി അദ്ദേഹത്തിന്റെ ഭാര്യയില്‍ നിന്ന് വിശദീകരണം തേടാനും വിജിലന്‍സ് തീരുമാനിച്ചു. ബാബുവിന്റെ വീട്ടിലും അദ്ദേഹത്തിന്റെ ബിനാമികളെന്ന് സംശയിക്കുന്ന ചിലരുടെ വീടുകളിലും വിജിലന്‍സ് നേരത്തെ റെയ്ഡ് നടത്തിയിരുന്നു. ബാബുവിന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് ലോക്കറുകളും പരിശോധിച്ചുവെങ്കിലും മക്കളുടെ ലോക്കറില്‍ നിന്നും സ്വര്‍ണം കണ്ടെത്തിയതല്ലാതെ ബാബുവിന്റെ ഭാര്യയുടെ ലോക്കറില്‍ നിന്നും കാര്യമായി ഒന്നും കണ്ടെത്താനായില്ല. പരിശോധനയ്ക്ക് മുന്‍പ് ലോക്കറുകള്‍ കാലിയാക്കിയിരുന്നുവെന്ന വിവരം പിന്നീട് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്കിലെ സി.സി.ടി.വി പരിശോധിയ്ക്കുകയും അത് വിജിലന്‍സ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. നിയമസഭാ സെക്രട്ടറിയുടെയും ആദായനികുതി വകുപ്പിന്റെയും മറുപടി ലഭിച്ചതിനുശേഷം ബാബുവിനെ ചോദ്യം ചെയ്യും.
വിജിലന്‍സ് അന്വേഷണം തടസപ്പെടുത്തരുതെന്ന് ഹൈക്കമാന്റ്
ബാബുവിനെതിരേ നടത്തുന്ന വിജിലന്‍സ് അന്വേഷണത്തെ തടസപ്പെടുത്തരുതെന്ന് ഹൈക്കമാന്റ് നിര്‍ദേശം നല്‍കും. നേരത്തെ ബാബുവിനെതിരേ നടക്കുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് എ ഗ്രൂപ്പ് ആരോപിക്കുകയും ഹൈക്കമാന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് രാഹുല്‍ ഗാന്ധി സുധീരന്റെ അഭിപ്രായം തേടിയിരുന്നു. സുധീരനുമായുള്ള ആശയവിനിമയത്തിന് ശേഷമാണ് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, ദീപക് ബാബ്‌റ എന്നിവരോട് രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. കെ.പി.സി.സി നേതൃയോഗത്തിലും ഇന്ന് നടക്കുന്ന രാഷ്ട്രീയകാര്യ സമിതിയിലും ഇവര്‍ നിലപാട് അറിയിക്കും.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രിമാരായി ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നവര്‍ നിയമത്തിന്റെ മുന്നില്‍ നിരപരാധിത്വം ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്നാണ് രാഹുലിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."