ഉണ്യാലിലെ അക്രമം തടയാന്‍ അടിയന്തര നടപടി വേണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: മലപ്പുറം ജില്ലയില്‍ നിറമരുതൂര്‍ പഞ്ചായത്തിലെ ഉണ്യാല്‍, താനൂര്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ ഒരു മാസമായി വീടുകള്‍ക്ക് നേരെ നടക്കുന്ന അക്രമവും കവര്‍ച്ചയും തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കുറ്റവാളികളെ പിടികൂടണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനോട് കത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല ഈ പ്രദേശം സന്ദര്‍ശിച്ചിരുന്നു.
രാഷ്ട്രീയ സംഘട്ടനത്തിന്റെ മറവില്‍ കവര്‍ച്ചയാണ് ഇവിടെ നടക്കുന്നതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
വീടുകള്‍ വാളുകൊണ്ടും മറ്റ് ആയുധങ്ങള്‍ കൊണ്ടും വെട്ടിപ്പൊളിക്കുകയും വിലപിടിപ്പുള്ള സാധനങ്ങളും പണവും കവര്‍ച്ച നടത്തുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 28 വീടുകള്‍ ആക്രമിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്തു. ഒരേ രീതിയിലാണ് അക്രമം നടന്നിട്ടുള്ളത്.
വീടുകളിലെ കതകുകളും ജനാലകളും അലമാരകളും വെട്ടിപ്പൊളിച്ചിട്ടുണ്ട്.
അലമാരകള്‍ക്കുള്ളിലുണ്ടായിരുന്ന പണവും ആഭരണങ്ങളും കവരുകയും സര്‍ട്ടിഫിക്കറ്റുകളും രേഖകളും മറ്റും നശിപ്പിക്കുകയും ചെയ്തു. കൊച്ചു കുട്ടികളുടെ സ്‌കൂള്‍ യൂനിഫോമും പുസ്തകങ്ങളും വരെ കീറി തീയിട്ടു.
ഇത്രയും അതിക്രമം നടന്നിട്ടും പൊലിസ് ഇതുവരെ അനങ്ങിയിട്ടില്ല. സമാധാന സമ്മേളനം വിളിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ജനങ്ങള്‍ ഭയവിഹ്വലരായി കഴിയുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."