പ്രധാനമന്ത്രിക്ക് ഊഷ്മള വരവേല്‍പ്പ്
കോഴിക്കോട്: ബി.ജെ.പി ദേശീയ കൗണ്‍സിലിനായി കോഴിക്കോട്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ്. ഇന്നലെ വൈകുന്നേരം 4.45 ഓടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ ബി.ജെ.പി നേതാക്കളും മലപ്പുറം ജില്ലാ കലക്ടറും ഉന്നത പൊലിസ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. ജില്ലാകലക്ടര്‍ ഷൈനമോള്‍, കേന്ദ്ര നഗരവികസന സെക്രട്ടറി ഉഷാടൈറ്റസ്, എസ്.പി അടക്കമുള്ള പൊലിസ് ഉദ്യോഗസ്ഥര്‍, ബി.ജെ.പി നേതാക്കളായ സി.കെ പത്മനാഭന്‍, ജനചന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
മോദിയെ കാണാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആയിരക്കണക്കിനാളുകളാണ് എത്തിയത്. വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്. 4.55 ഓടെ കരിപ്പൂരില്‍ നിന്നും പുറപ്പെട്ട ഹെലികോപ്റ്റര്‍ 5.08 ഓടെ വിക്രം മൈതാനിയിലെത്തി. രണ്ടു ഹെലികോപ്റ്ററുകള്‍ കൂടി അദ്ദേഹത്തെ അനുഗമിച്ചിരുന്നു. വിക്രം മൈതാനിയില്‍ ഹെലികോപ്റ്ററിറങ്ങിയ പ്രധാനമന്ത്രി റോഡുമാര്‍ഗം കടപ്പുറത്തെ സമ്മേളനവേദിയിലേക്ക് നീങ്ങി. ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ്, മൊബൈല്‍ ജാമര്‍ എന്നിവയടങ്ങുന്ന 25 വാഹനവ്യൂഹത്തില്‍ ഡല്‍ഹിയില്‍ നിന്ന് എത്തിച്ച കവചിത വാഹനത്തിലാണ് പ്രധാനമന്ത്രി സഞ്ചരിച്ചത്.
എറ്റവും മുന്‍പില്‍ സൈറന്‍ മുഴക്കിയുള്ള പോലിസ് വാഹനവും പുറകില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നയിക്കുന്ന ലീഡ് വാഹനവും നീങ്ങി. പ്രധാനമന്ത്രി കയറിയവയടക്കം മൂന്ന് കവചിത വാഹനങ്ങള്‍ക്ക് പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ വെള്ളക്കാറുകളും അണിനിരന്നു. അണികളുടെ ആവേശത്തിമര്‍പ്പിനിടയിലൂടെ വേദിയിലേക്ക് കയറിയ പ്രധാനമന്ത്രിയെ ബി.ജെ.പി ദേശീയ-സംസ്ഥാന നേതൃത്വങ്ങള്‍ താമരമാലയിട്ട് വരവേറ്റു.
ബുള്ളറ്റ്പ്രൂഫ് പ്രസംഗപീഠത്തില്‍ നിന്നാണ് അദ്ദേഹം അണികളെ അഭിസംബോധന ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."