ഇതരസംസ്ഥാന തൊഴിലാളികളില്‍ ആശങ്കപ്പെട്ട് സുഗതകുമാരി; വിദേശ മലയാളികളെ ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴില്‍ തേടിയെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രശസ്ത കവയിത്രി സുഗതകുമാരി. ഒരു ദിനപത്രത്തിലെ പംക്തിയിലാണ് കേരളം അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരുടെ ക്രമാതീതമായ കുടിയേറ്റമെന്ന് കവയത്രി അഭിപ്രായപ്പെട്ടത്.
വിഷയം വിവാദമായി സാമൂഹിക മാധ്യമങ്ങളിലടക്കം ചര്‍ച്ചയായപ്പോള്‍ ഇതരസംസ്ഥാന തൊഴിലാളികളെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും രാജ്യങ്ങളിലേയ്ക്കും തൊഴില്‍ തേടിപ്പോകുന്ന മലയാളികളെപ്പോലെ തന്നെയാണ് ഇതരസംസ്ഥാന തൊഴിലാളികളുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ ക്രമാതീതമായ കുടിയേറ്റം സാംസ്‌കാരികമായി വന്‍ ദുരന്തത്തിലേക്കാണ് കേരളത്തെ കൊണ്ടുചെന്നെത്തിക്കുകയെന്നും സുഗതകുമാരി കുറിപ്പില്‍ പറയുന്നു. സാംസ്‌കാരികമായി ഒരുതരത്തിലും പൊരുത്തപ്പെടാന്‍ പറ്റാത്തവരാണ് ഇവിടെ ജോലിക്കായി എത്തുന്നത്.
ഇതിനിടെയാണ് ഫേസ്ബുക്ക് കുറിപ്പുമായി മുഖ്യമന്ത്രിയെത്തിയത്. തൊഴില്‍ തേടി വിദേശങ്ങളില്‍ പോകുന്ന മലയാളികളുടെ എണ്ണത്തിന് തുല്യമാണ് സംസ്ഥാനത്ത് ജോലിക്ക് വരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഗള്‍ഫ്‌നാടുകളിലും മറ്റും ജോലി ചെയ്യുന്ന മലയാളികളുടെ ദുരിതങ്ങള്‍ പലപ്പോഴും നമ്മെ വിഷമിപ്പിക്കാറുണ്ട്. സ്വന്തം നാടുവിട്ട് ഇവിടെ ജോലിക്കെത്തുന്നവരുടെ സ്ഥിതിയും സമാനമാണെന്ന് നമ്മള്‍ മനസിലാക്കണം.
ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കൂടി വിശദീകരിച്ചു കൊണ്ടാണ് പിണറായി കുറിപ്പ് അവസാനിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."