ഗുരുവിനു ജാതിയില്ല, നമുക്കോ ?
ശ്രീനാരായണഗുരു 'നമുക്കു ജാതിയില്ല' എന്ന പ്രഖ്യാപിച്ചിട്ടു നൂറുവര്‍ഷം തികഞ്ഞു. ഈ വേളയില്‍ ആ പ്രഖ്യാപനം ഓര്‍മിക്കുകയും അതു പ്രചരിപ്പിക്കുകയും ചെയ്യാന്‍ സര്‍ക്കാരും സി.പി.എമ്മും തയാറായതു നല്ലകാര്യം. ഗുരുധര്‍മം പ്രചരിപ്പിക്കാന്‍ ശ്രീനാരായണഗുരുതന്നെ മുന്‍കൈയെടുത്തു രൂപീകരിച്ച എസ്.എന്‍.ഡി.പി യോഗം ഗുരുവിന്റെ 'ജാതിയില്ല' പ്രഖ്യാപനം സൗകര്യപൂര്‍വം മറക്കുകയും ഗുരുവിനെ ജാതിദൈവമാക്കി അവതരിപ്പിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഇത്തരത്തിലൊരു ശ്രമം തീര്‍ച്ചയായും ശ്ലാഘനീയമാണ്.
എന്നാല്‍, ഒരു അഭിപ്രായവ്യത്യാസമുള്ളത് ഇവിടെ രേഖപ്പെടുത്താതിരിക്കുന്നതു ഗുരുവിനോടും മതേതരസമൂഹത്തോടും ചെയ്യുന്ന നീതികേടായിരിക്കും. അഭിപ്രായവ്യത്യാസം ഇതാണ്, ഗുരുവിനു ജാതിയില്ലെന്നു പ്രഖ്യാപിച്ചതിനെ പാടിപ്പുകഴ്ത്തിയാല്‍ മതിയോ.
'എനിക്കു ജാതിയില്ല' എന്നു പറയാനുള്ള ചങ്കൂറ്റം നാമോരോരുത്തരും കാണിക്കേണ്ടിയിരുന്നില്ലേ. അങ്ങനെ ചെയ്യാത്തിടത്തോളം ഇത്തരം 'ആഘോഷ'ങ്ങളുടെ ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടില്ലേ നൂറുവര്‍ഷം മുന്‍പു ഗുരു നടത്തിയ പ്രഖ്യാപനം ജീവിതത്തില്‍ പകര്‍ത്താന്‍ പുരോഗമനപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെങ്കിലും തയാറായിരുന്നെങ്കില്‍ കേരളത്തിന്റെ സ്ഥിതി ഇതാകുമായിരുന്നോ.
ഓര്‍ക്കാപ്പുറത്തൊരു സുപ്രഭാതത്തില്‍ സമ്മേളനം വിളിച്ചുകൂട്ടി 'നമുക്കു ജാതിയില്ലെ'ന്നു പ്രഖ്യാപിക്കുകയും അതിനു വാര്‍ത്താപ്രാധാന്യം കിട്ടിയെന്നുറപ്പുവരുത്തിയശേഷം നിശ്ശബ്ദതപാലിക്കുകയുമായിരുന്നില്ല ഗുരു. സ്വയം ജാതിയില്ലാതെ ജീവിച്ച്, ജാതിക്കെതിരേ വര്‍ഷങ്ങളോളം പ്രചാരണം നടത്തി, തന്റെ മനസ്സിലും വാക്കിലും പ്രവൃത്തിയിലും ജാതിചിന്തയില്ലെന്നു ഉറപ്പുവരുത്തിയശേഷമാണു ഗുരു ആ മഹത്തായ പ്രഖ്യാപനം നടത്തിയത്.
പരിവ്രാജകനായി മാറുംമുന്‍പേ തുടങ്ങിയതാണു ജാതിക്കെതിരായ ഗുരുവിന്റെ പോരാട്ടം. അരുവിപ്പുറത്തു ക്ഷേത്രംനിര്‍മിച്ചതുതന്നെ ജാതീയതയുടെ ഭീകരതയെ ചോദ്യംചെയ്യാനായിരുന്നു. അരുവിപ്പുറം പ്രതിഷ്ഠാകര്‍മങ്ങളില്‍ അദ്ദേഹത്തിനു പരികര്‍മിയായിരുന്നതു കൊച്ചാപ്പിപ്പിള്ളയെന്ന സവര്‍ണനായിരുന്നു. പിന്നീടദ്ദേഹം ദീക്ഷസ്വീകരിച്ചു ശിവലിംഗസ്വാമിയായി. ഗുരുവിന്റെ വലംകൈയായി.
സ്വാമി ആനന്ദതീര്‍ഥന്‍, സ്വാമി സത്യവ്രതന്‍, ചൈതന്യസ്വാമികള്‍, സ്വാമി ജോണ്‍ ധര്‍മതീര്‍ഥന്‍, സ്വാമി ശുഭാനന്ദന്‍ തുടങ്ങി പൂര്‍വാശ്രമത്തില്‍ അന്യജാതിക്കാരായിരുന്ന പലരും സ്വാമിയുടെ സന്യസ്ഥശിഷ്യരായി മാറി. സന്യാസം സ്വീകരിക്കാത്ത അന്യജാതിശിഷ്യന്മാര്‍ വളരെയേറെയുണ്ടായിരുന്നു. അവരെല്ലാം ജാതിചിന്ത മറന്ന് ഗുരുവിന്റെ അനുയായികളായതു ഗുരുവിന്റെ വാക്കും പ്രവൃത്തിയും ഒന്നായതുകൊണ്ടായിരുന്നു.
' നമുക്കു ജാതിയില്ലെ'ന്ന പ്രഖ്യാപനത്തിന്റെ ശതാബ്ദിയാഘോഷിക്കുന്ന വേളയില്‍ അതിനു നേതൃത്വം കൊടുക്കുന്നവരും അതില്‍ പങ്കാളികളാകുന്നവരും ആദ്യം നടത്തേണ്ടത് 'എന്റെ മനസ്സില്‍ ജാതിചിന്തയുണ്ടോ' എന്നും 'ഞാന്‍ ജാതിയാചരിക്കുന്നുണ്ടോ' എന്നിങ്ങനെയുള്ള ആത്മപരിശോധനയാണ്.
ഗുരു അത്തരം പരിശോധന നടത്തിയേ ഇത്തരം കാര്യങ്ങളുമായി മുന്നോട്ടുപോയിരുന്നുള്ളു. ഒരിക്കല്‍ തന്നെ വന്നുകണ്ട ചില സമുദായപ്രമാണിമാരായ ശിഷ്യരോടു ഗുരു ഇങ്ങനെ പറഞ്ഞു: 'ഒരു ജാതി, ഒരു മതം എന്ന ആശയം പ്രചരിപ്പിക്കാന്‍ നമുക്കൊരു മിഷനറി ആരംഭിക്കണം, ബുദ്ധമിഷനറി പോലെ.'
അതുകേട്ട ശിഷ്യര്‍ക്കെല്ലാം ഉത്സാഹം. മിഷനറിയില്‍ അംഗമാകേണ്ടയാളുകളുടെ പട്ടിക അവര്‍ തയാറാക്കി. അതില്‍ ഈഴവരുടെ പേരുകളേ ഉണ്ടായിരുന്നുള്ളു.
പട്ടികവായിച്ച ഗുരു ഇങ്ങനെ പറഞ്ഞു: 'ഇതിലെല്ലാവരും ഈഴവരാണല്ലോ. അപ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഇപ്പോഴും ജാതിയുണ്ട്. അതിനാല്‍, നാം ഈ ഉദ്യമത്തില്‍നിന്നു പിന്മാറിയിരിക്കുന്നു.'
പറയുന്നതും പ്രവര്‍ത്തിക്കുന്നതും ആത്മാര്‍ഥതയോടെയല്ലെങ്കില്‍ ഏത് ഉദ്യമവും പരാജയപ്പെടുമെന്നു ഗുരു വിശ്വസിച്ചു. ആത്മാര്‍ഥതയില്ലാത്തവരെ ഉള്‍ക്കൊള്ളിച്ച് ഒരു പ്രസ്ഥാനവുമായി മുന്നോട്ടുപോകുന്നത് അപകടമായിരിക്കുമെന്നു തിരിച്ചറിഞ്ഞു. അതുകൊണ്ടാണു മിഷനറി രൂപീകരണത്തില്‍നിന്നു പിന്‍വാങ്ങിയത്.
താന്‍ ഉദ്‌ബോധനം ചെയ്ത നന്മകള്‍ പ്രചരിപ്പിക്കാനും ജനജീവിതത്തില്‍ പകര്‍ത്തിക്കാനും ഗുരുതന്നെ രൂപംകൊടുത്ത പ്രസ്ഥാനമാണല്ലോ എസ്.എന്‍.ഡി.പി യോഗം. ദീര്‍ഘകാലം സ്വമനസ്സാലെ അതിന്റെ അമരത്തിരുന്നയാളാണു ഗുരു. എന്നിട്ടും ജീവിതാന്ത്യത്തില്‍ ഗുരു ആ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം രൂപീകരിക്കാന്‍ തനിക്കുവലംകൈയായി നിന്ന ഡോ. പല്പ്പുവിനു ഗുരു എഴുതിയ കത്തിലെ വരികള്‍ ആ തള്ളിപ്പറയലിന്റെ കാരണം വ്യക്തമാക്കും:
'...യോഗത്തിന്റെ ആനുകൂല്യം ഒന്നുംതന്നെ നമ്മെ സംബന്ധിച്ച കാര്യത്തില്‍ ഇല്ലാത്തതുകൊണ്ടും യോഗത്തിനു ജാത്യഭിമാനം വര്‍ദ്ധിച്ചുവരുന്നതുകൊണ്ടും മുമ്പേ തന്നെ മനസ്സില്‍നിന്നു വിട്ടിരുന്നപോലെ ഇപ്പോള്‍ വാക്കില്‍നിന്നും പ്രവൃത്തിയില്‍നിന്നും യോഗത്തെ വിട്ടിരിക്കുന്നു.'
ഗുരു ആഗ്രഹിച്ചതു ദൈവമാക്കപ്പെടലോ പൂജിക്കപ്പെടലോ ആയിരുന്നില്ല. തന്റെ ആശയങ്ങള്‍ ജനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയും ജാതിചിന്തയില്ലാതെ, മതദ്വേഷമില്ലാതെ എല്ലാവരും ഏകോദരസഹോദരങ്ങളായി ജീവിക്കുകയും ചെയ്യുന്ന നല്ലകാലമുണ്ടാകണമെന്നായിരുന്നു. ആത്മാര്‍ഥതയുള്ളവര്‍ ശ്രമിക്കേണ്ടത് ആ നല്ലകാലമുണ്ടാക്കാനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."