HOME
DETAILS
MAL
കിനാലൂര്‍ എസ്റ്റേറ്റ് ഭൂമി വില്‍പ്പന മുന്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ 17പേര്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവ്
backup
April 23 2016 | 16:04 PM
കോഴിക്കോട്: കിനാലൂര്‍ എസ്റ്റേറ്റ് ഭൂമി വില്‍പ്പന നിയമവിരുദ്ധമെന്ന് വിജിലന്‍സ് കോടതി കണ്ടെത്തിയതിനെത്തുടര്‍ന്ന് കോഴിക്കോട് മുന്‍ ജില്ലാ കലക്ടര്‍ സി.എ. ലത ഉള്‍പ്പെടെയുള്ള 17 പേരെ പ്രതിയാക്കി കേസെടുക്കാന്‍ ഉത്തരവ്. കോഴിക്കോട് എന്‍ക്വയറി കമ്മിഷണര്‍ ആന്‍ഡ് വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജ് പ്രകാശാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. വിജിലന്‍സ് ഡിവൈ.എസ്.പിയോട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍ ജില്ലാ കലക്ടര്‍ ലത, ജില്ലാ രജിസ്ട്രാര്‍ മധു, ബാലുശ്ശേരി, താമരശ്ശേരി സബ്ബ് രജിസ്ട്രാര്‍മാര്‍, കൊയിലാണ്ടി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനും അംഗങ്ങളും, കൊയിലാണ്ടി തഹസില്‍ദാര്‍, ഭൂമി വാങ്ങിയവരും കമ്പനിയ്ക്ക് വില്‍പ്പന നടത്തിയ പി.കെ. അന്‍വര്‍ തുടങ്ങിയവര്‍ക്കുമെതിരേ അഡ്വ. പി.ടി.എസ് ഉണ്ണി നല്‍കിയ പരാതിയിലാണ് നടപടി.
1963 ലെ കേരള ഭൂപരിഷ്‌കരണ നിയമം സെക്ഷന്‍ 81 പ്രകാരം എസ്റ്റേറ്റ് -പ്ലാന്റേഷന്‍ ഭൂമി ഈ പരിധിയില്‍ വരില്ല. എന്നാല്‍ ഈ നിയമപ്രകാരമുള്ള ഭൂമി വില്‍ക്കുമ്പോള്‍ മിച്ചഭൂമിയായി കണക്കാക്കി സര്‍ക്കാരിലേക്ക് വിട്ടുകൊടുക്കണം. ഇത്തരത്തില്‍ ഭൂമി മുറിച്ചുവില്‍ക്കുന്നത് തടയണമെന്ന് ജില്ലാ കലക്ടര്‍മാര്‍ക്ക് ലാന്‍ഡ് ബോര്‍ഡ് അറിയിപ്പ് നല്‍കിയതാണ്. ഇതെല്ലാം അവഗണിച്ച് കൊച്ചിന്‍ മലബാര്‍ എസ്റ്റേറ്റ് ഭൂമി മുറിച്ചുവില്‍ക്കാന്‍ ജില്ലാ കലക്ടറും മറ്റ് ഉദ്യോഗസ്ഥരും കൂട്ടുനിന്നെന്നായിരുന്ന പരാതി. പരാതിക്കാരനായ അഡ്വ. പി.ടി.എസ്. ഉണ്ണിയ്ക്ക് വേണ്ടി അഭിഭാഷകരായ പി.കെ. ബാബു, ജയപ്രകാശ് താമരശ്ശേരി എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."