ജന്‍ ശിക്ഷണ്‍ സന്‍സ്ഥന്‍ മലപ്പുറം ഭാരവാഹികള്‍ക്ക് ചൈന സര്‍ക്കാരിന്റെ സ്വീകരണം
മലപ്പുറം: യുനെസ്‌കോ കണ്‍ഫൂഷ്യസ് സാക്ഷരതാ പുരസ്‌കാര ജേതാക്കള്‍ക്കുള്ള നാലു ദിവസത്തെ ചൈനാ സന്ദര്‍ശത്തിനായി ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം യൂനിറ്റ് ചെയര്‍മാന്‍ പി.വി അബ്ദുല്‍ വഹാബ് എംപിയും ഡയറക്ടര്‍ വി.ഉമ്മര്‍കോയയും ചൈനയിലെത്തി. 25, 26, 27, 28 തീയതികളിലാണു ചൈനയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും ചൈന സര്‍ക്കാര്‍ നല്‍കുന്ന സ്വീകരണത്തില്‍ ഇവര്‍ പങ്കെടുക്കുകയും ചെയ്യുന്നത്. ചൊവ്വാഴ്ച നടക്കുന്ന കണ്‍ഫൂഷ്യസ് അന്താരാഷ്ട്ര സാംസ്‌കാരിക സെമിനാറില്‍ ഇരുവരേയും ചൈനീസ് സര്‍ക്കാര്‍ ആദരിക്കും. യുനെസ്‌കോയുടെ കണ്‍ഫൂഷ്യസ് സാക്ഷരത പുരസ്‌കാര ജേതാക്കള്‍ക്കുള്ള അവാര്‍ഡ് തുക സ്‌പോണ്‍സര്‍ ചെയ്യുന്നത് ചൈന സര്‍ക്കാരാണ്.
ചൈനയിലെ ഖുഫുവിലുള്ള പ്രശസ്തമായ കണ്‍ഫൂഷ്യന്‍ അമ്പലവും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും സംഘം ഞായറാഴ്ച സന്ദര്‍ശിക്കും. കണ്‍ഫൂഷ്യസിന്റെ ജന്മദേശമായ ജൈനിങാണു രണ്ടാംദിനം സംഘം സന്ദര്‍ശിക്കുക. അവിടത്തെ പ്രശസ്തമായ സ്‌കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദര്‍ശിച്ചു പ്രവര്‍ത്തന രീതികള്‍ മനസിലാക്കും.
ചൊവ്വാഴ്ച സാക്ഷരതയിലും തൊഴില്‍ നൈപുണ്യത്തിലും നടക്കുന്ന അന്താരാഷ്ട്ര സെമിനാറില്‍ സംഘം ഇന്ത്യയെ പ്രതിനിധീകരിച്ചു സംബന്ധിക്കും. ചൈനയിലെ ഷാഡോങ് പ്രൊവിന്‍സ് സംഘടിപ്പിക്കുന്ന വിരുന്നിലും ഇവരുവരും പങ്കെടുക്കും. അന്താരാഷ്ട്ര കണ്‍ഫൂഷ്യസ് സാംസ്‌കാരിക സമ്മേളനത്തിലും ഇതോടൊപ്പം തുടക്കമാകും. ഈ വേദിയില്‍ വെച്ചു യുനെസ്‌കോ കണ്‍ഫൂഷ്യസ് സാക്ഷരതാ പുരസ്‌കാര ജേതാക്കളെ ചൈനീസ് സര്‍ക്കാര്‍ പ്രത്യേക അവാര്‍ഡ് നല്‍കി ആദരിക്കും.
ഈ വേദിയില്‍ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഡയറക്ടര്‍ സദസിന് വിശദീകരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ചെയര്‍മാന്‍ സംസാരിക്കും.
ബുധനാഴ്ച നടക്കുന്ന കണ്‍ഫൂഷ്യസ് അനുസ്മരണ സമ്മേളനത്തോടെ സന്ദര്‍ശനം അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."