നിഖിലും അജ്മലും കൊല്‍ക്കത്ത മോഹന്ബഗാന് ടീമിലേക്ക്
വളാഞ്ചേരി: കേരളത്തില്‍ നിന്ന് മോഹന്ബഗാന് ഫുട്ബോള്‍ ലീഗിലേക്ക് ഇടം നേടിയിരിക്കുകയാണു മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍.പ്ലസ്ടു വിദ്യാര്‍ഥിയായ നിഖിലും(18) പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അജ്മലു(17)മാണ് കൊല്‍ക്കത്ത മോഹന്‍ ബഗാന് ലീഗ് ടേമില്‍ ഇടം നേടിയത്. കേരളത്തില്‍ നിന്ന് ഇവര്‍ക്കു മാത്രമാണു മോഹന്ബഗാന് ടീമില്‍ ഇടം നേടാനായിട്ടുള്ളത് .
ഇന്ത്യന്‍ ഫുട്ബോളിന്റെ അഭിമാനമായിരുന്ന മലയാളിയായ ജോപോള്‍ അഞ്ചേരിയാണു മോഹന്‍ ബഗാന് കോച്ച്. രണ്ടു മിടുക്കന്മാര്ക്കും കഴിഞ്ഞ ദിവസം അധ്യാപകരും സഹപാഠികളും ചേര്‍ന്നു യാത്രയപ്പ് നല്കി . ഈ മാസം 30 ന് ഇവര്‍ കൊല്‍ക്കത്തയിലേക്കു യാത്രയാകും. ടീമിലെ മികച്ച കളിക്കാരെയാണു 19 വയസിനു താഴെയുള്ളവരുടെ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലേക്കു തെരഞ്ഞെടുക്കുക .
ഇവര്‍ ഇന്ത്യന്‍ ടീമിലേക്കു തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് ഇവരെ പരിശീലിപ്പിച്ച കായികാധ്യാപകനായ ദിലീപ് പറയുന്നു. നിഖില്‍ തിരുവേഗപ്പുറ സ്വദേശിയും അജ്മല്‍ ഇരിമ്പിളിയം സ്വദേശിയുമാണ്.നിഖില്‍ അഞ്ചു വര്‍ഷമായി ഗോളിയായി മികച്ച പരിശീലനമാണു നേടിയിട്ടുള്ളത്. അജ്മല്‍ സ്ട്രൈക്കറായാണു ടീമില്‍ ഇടം നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."