ഹജ്ജ്‌സേവനത്തിന്റെ മലയാളിമാതൃക
റൂമില്‍ നിന്ന് മിനായിലേക്ക് യാത്ര പോകുന്ന വഴിക്ക് അല്‍പം മാറിനിന്നപ്പോഴേക്കും മലവെള്ളപ്പാച്ചിലില്‍ ഒഴുകുന്നത് പോലെ കൂട്ടം തെറ്റി. ഭാഷയാണെങ്കില്‍ വശമില്ല, കൈയില്‍ വേണ്ടത്ര പണവുമില്ല, ടെന്റിനെ കുറിച്ചുള്ള വിവരങ്ങളോ ബന്ധപ്പെടേണ്ട നമ്പറോ കൈയിലില്ല. ചുറ്റുഭാഗത്തും പാരാവാരം പോലെ ജനലക്ഷങ്ങള്‍ ഒഴുകുന്നു. നടന്നു നടന്നു നല്ല ക്ഷീണവുമുണ്ട്. ഒരു തുള്ളി വെള്ളം കുടിക്കാന്‍ കിട്ടിയെങ്കില്‍? ഇനി എന്ത് ചെയ്യുമെന്ന നിരാശയില്‍ നില്‍ക്കുമ്പോഴാണ് കൈപിടിച്ച്, നിങ്ങള്‍ പേടിക്കേണ്ട റൂമിലേക്ക് എത്തിച്ചു തരാം, നിങ്ങളുടെ സംഘത്തിലേക്ക് ചേര്‍ത്ത് തരാം, ക്ഷീണമുണ്ടെങ്കില്‍ വീല്‍ചെയറില്‍ ഇരുന്നോളൂ എന്നു പറഞ്ഞു സേവക സംഘങ്ങള്‍ സഹായഹസ്തവുമായി എത്തുന്നത്. പിന്നീട് അവരുടെ കൈയിലുള്ള തുമ്പുകള്‍ നോക്കി അവരുടെ ടെന്റുകള്‍ തപ്പി നടത്തം. ചിലപ്പോള്‍ അത് നീളുന്നത് കിലോമീറ്ററുകളോളം. അവസാനം അവരുടെ സഹയാത്രികരോടൊത്തു ചേര്‍ത്ത് നിര്‍ത്തുമ്പോള്‍ കണ്ണില്‍ നിന്നു സ്‌നേഹത്തിന്റെ അശ്രുകണങ്ങളായിരിക്കും ഒലിച്ചിറങ്ങുന്നത്. അവരെ സഹായിച്ചതിന്റെ പ്രതിഫലം വാങ്ങാതെ എല്ലാം നാഥന്റെ അടുത്തേക്ക് മാത്രം നീക്കി വച്ച് ഒരു പുഞ്ചിരിയില്‍, അതുമല്ലെങ്കില്‍ ഒരു പ്രാര്‍ഥനാ വസ്വിയ്യത്തോടെ അവരില്‍ നിന്നു തിരിച്ചിറങ്ങുമ്പോള്‍ വീണ്ടും കാണുന്നു മറ്റൊരു ഹാജിയെ, ഇതേ രൂപത്തില്‍. വീണ്ടും കിലോമീറ്ററുകളോളം പ്രതിഫലമില്ലാതെ യാത്ര, അതും അവസാനിക്കുന്നത് തഥൈവ. വീണ്ടും അടുത്ത ഹാജിയെ തേടിയുള്ള യാത്ര.
മക്കയിലും ഹജ്ജിന്റെ കര്‍മങ്ങള്‍ നടക്കുന്ന മറ്റിടങ്ങളിലും നടക്കുന്ന ഏറ്റവും വലിയ കാരുണ്യ ഹസ്തമാണ് ഇവിടെ മലയാളി സംഘടനകള്‍ ഒരുക്കുന്ന ഹജ്ജ് സേവനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഹാജിമാര്‍ക്ക് ഏറെ കൗതുകം സൃഷ്ടിക്കുന്നതാണ് ഇന്ത്യന്‍ ഹാജിമാര്‍ക്കായി വിവിധ സംഘടനകള്‍ നടത്തുന്ന ഈ സേവനം. ലക്ഷോപലക്ഷം ആളുകള്‍ക്കിടയില്‍ ഇന്ത്യന്‍ ഹാജിമാര്‍ക്കു മാത്രം അതും മലയാളി ഹാജിമാര്‍ക്ക് ലഭിക്കുന്ന ഒരു പ്രത്യേക കാരുണ്യ സേവനം കൂടിയാണ് പുണ്യ ഭൂമിയിലെ ഹജ്ജ് സേവക സംഘങ്ങള്‍ ചെയ്യുന്നത്. ഇന്ത്യയില്‍ നിന്നു സര്‍ക്കാരിന്റെ ഔദ്യോഗിക ഹജ്ജ് വളണ്ടിയര്‍മാര്‍ ഹാജിമാരുടെ കൂടെ ഓരോ വിമാനത്തിലും വരുന്നുണ്ടെങ്കിലും അവര്‍ക്ക് ഇത്രയും ഹാജിമാരെ നയിക്കാനോ നോക്കി നടക്കാനോ ഒരിക്കലും സാധ്യമല്ല. ഇത് പരിഹരിക്കുന്നത് സഊദിയിലെ വിവിധ സംഘടനകള്‍ നടത്തുന്ന ഈ ഹജ്ജ് സേവനമാണ്.
സഊദി അറേബ്യയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യസംഘടനകളാണ് അവര്‍ക്കു കീഴില്‍ വളണ്ടിയര്‍മാരെ രംഗത്തിറക്കി ഹാജിമാര്‍ക്ക് തുണയായത്. ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നെത്തി ഭാഷയും പ്രകൃതിയും നാടും ഒന്നും മനസിലാക്കാന്‍ കഴിയാതെ ഉഴലുന്നവര്‍ക്കും ഇബ്‌റാഹീം നബിയുടെ വിളിയാളം കേട്ട് വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ എത്തിയ പ്രായമായവര്‍ക്കും നടക്കാന്‍ കഴിയാത്തവര്‍ക്കും ക്ഷീണിതര്‍ക്കും എന്ന് വേണ്ട ആര്‍ക്കു വേണമെങ്കിലും ഏതു സമയത്തും തുണയായി മാറുന്നത് ഏതൊരു വളണ്ടിയര്‍ക്കും ഉത്സാഹവും ആത്മാഭിമാനവും നല്‍കുന്നതാണ്.
മക്കയില്‍ ഇന്ത്യന്‍ ഹാജിമാര്‍ വന്നിറങ്ങിയതു മുതല്‍ വിവിധ ഹജ്ജ് വളണ്ടിയര്‍ സംഘങ്ങള്‍ ഈ രംഗത്തു സജീവമായിരുന്നു. ജിദ്ദയില്‍ വിമാനം ഇറങ്ങുന്നത് മുതല്‍ ഹാജിമാരുടെ സാധനങ്ങളും മറ്റും ചുമന്നു വാഹനങ്ങളില്‍ കയറ്റി ഇവരെ മക്കയിലെ താമസ സ്ഥലത്തു കൊണ്ടെത്തിക്കുകയും അവിടെ നിന്നും മസ്ജിദുല്‍ ഹറാമിലേക്കും തിരിച്ചുമുള്ള യാത്രകളില്‍ സഹായിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വളണ്ടിയര്‍ സംഘങ്ങള്‍ ഇവരുടെ ജീവിതം തന്നെ ഇവിടെ ഹാജിമാര്‍ക്കായി സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഹജ്ജ് സമയം അടുക്കുന്നതോടെ മക്കയിലേക്ക് മക്കക്കാര്‍ അല്ലാത്തവര്‍ക്ക് പ്രവേശനം നിരോധിക്കുന്നതിനാല്‍ ഈ സമയത്ത് മക്കയിലുള്ള തങ്ങളുടെ പ്രവര്‍ത്തകരെ തന്നെയാണ് സംഘടനകള്‍ രംഗത്തിറക്കുന്നത്. എന്നാല്‍, സഊദിയുടെ വിവിധ പ്രവിശ്യകളില്‍ സംഘടനകള്‍ മിനയും മുസ്ദലിഫയുമടക്കം വിവിധ സ്ഥലങ്ങളില്‍ സേവനം ചെയ്യാനായി മാപ്പുകള്‍ അടക്കം ക്ലാസുകളും മറ്റും നടത്തിയാണ് വളണ്ടിയര്‍മാരായി പോകുന്നവരെ സജ്ജരാക്കുന്നത്. ഇന്ത്യന്‍ ഹാജിമാര്‍ താമസിക്കുന്ന സ്ഥലങ്ങള്‍, അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ എന്നിവ പഠനം നടത്തിയാണ് ഇവര്‍ ഇതിനു ഒരുങ്ങിത്തിരിക്കുന്നത്.
പിന്നീട് അറഫ ദിനത്തിനു ശേഷമാണ് മിനായിലെ തീര്‍ഥാടകര്‍ക്ക് സേവനത്തിനായി ഹജ്ജ് വളണ്ടിയര്‍ സംഘം മിനായില്‍ പ്രവേശിക്കുക. നേരത്തെ സൂചിപ്പിച്ച പോലെ ഹജ്ജിനോടനുബന്ധിച്ചു ഹാജിമാരല്ലാത്തവരെ മക്കയില്‍ പ്രവേശിക്കുന്നത്തിനുള്ള നിരോധനം നീക്കുന്നത് ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫ സംഗമം കഴിഞ്ഞതിനു ശേഷമാണ്. തുടര്‍ന്നങ്ങോട്ട് വളണ്ടിയര്‍ സംഘത്തിന് രാപകലില്ലാതെ മൂന്നു ദിനം സേവന ലക്ഷ്യം മാത്രമാണ് മുന്നില്‍. അഞ്ഞൂറിലധികം വിഖായ കര്‍മഭടന്മാരാണ് ഈ വര്‍ഷം സേവനപാതയില്‍ പുതിയ അധ്യായം രേഖപ്പെടുത്തിയത്. കൂടാതെ കേരളത്തിലെ വിവിധ സംഘടനകളുടെ കീഴിലുള്ള പോഷക സംഘടനകളും തങ്ങളുടെ പ്രവര്‍ത്തകരെ രംഗത്തിറക്കി പ്രാതിനിധ്യം അറിയിച്ചിട്ടുണ്ട്. ഹാജിമാരുടെ സഹായത്തിനായി എത്തുന്ന വളണ്ടിയര്‍മാര്‍ക്ക് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡും നല്‍കുന്നുണ്ട്.
പലപ്പോഴും സഊദി സുരക്ഷാ അധികൃതര്‍ കേരളത്തിലെ ഹജ്ജ് വളണ്ടിയര്‍ സംഘത്തെ കാര്യങ്ങള്‍ ഏല്‍പ്പിക്കുന്നത് ഇവിടെ എടുത്തു പറയേണ്ട കാര്യം തന്നെയാണ്. തിരക്കേറിയ ഘട്ടങ്ങളിലും അടിയന്തര ഘട്ടങ്ങളിലും ഹാജിമാരെ നിയന്ത്രിക്കാന്‍ സുരക്ഷാ അധികൃതര്‍ കേരളത്തിലെ ഹജ്ജ് വളണ്ടിയര്‍ സംഘങ്ങളെ ഏല്‍പ്പിക്കുന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്. കാരണം മറ്റു രാജ്യങ്ങളില്‍ നിന്നൊന്നും കാണാത്ത സേവന സന്നദ്ധത ഇവര്‍ക്കും ഏറെ ആശ്വാസകരമാവുകയും ഇവര്‍ തരുന്ന ഒരു അംഗീകാരവുമാണ്. കഴിഞ്ഞ വര്‍ഷം ഉണ്ടായ മിനാ ദുരന്തത്തിലും സഊദി സുരക്ഷാ സേനയ്ക്ക് ഏറെ സഹായം നല്‍കിയതും സന്നദ്ധസേവന സംഘങ്ങളുടെ നിസ്വാര്‍ഥ സേവനം തന്നെയാണ്. ഇത് കണ്ടുകൊണ്ടാണു കഴിഞ്ഞ വര്‍ഷം അഹോരാത്രം പരിശ്രമിച്ച വളണ്ടിയര്‍മാരെ സഊദി മന്ത്രാലയം പ്രത്യേക പ്രശസ്തി പത്രം നല്‍കി ഇന്ത്യന്‍ ഹജ്ജ് വളണ്ടിയര്‍മാരെ ആദരിച്ചതും.
ഓരോ ഹജ്ജ് കഴിയുമ്പോഴും ഇവിടെ സേവനം ചെയ്തു തിരിച്ചുപോരുമ്പോള്‍ ഒരു പ്രത്യേക അനുഭൂതിയാണ് ഉണ്ടാവുന്നതെന്നും എന്തെല്ലാം കഷ്ടപ്പാടുകള്‍ സഹിച്ചാലും അടുത്ത വര്‍ഷങ്ങളിലും ഹാജിമാരെ സേവിക്കാന്‍ നാഥന്‍ അനുഗ്രഹിക്കട്ടെയെന്ന പ്രാര്‍ഥന മാത്രമാണ് തങ്ങളിലുള്ളതെന്നും ഈ രംഗത്തു വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇഹലോകത്ത് കൂലിയൊന്നും ലഭിക്കുകയില്ല എന്നറിഞ്ഞിട്ടും, ഇബ്‌റാഹീം നബിയുടെ വിളിയാളം കേട്ട് അല്ലാഹുവിലേക്ക് അലിഞ്ഞുചേരാന്‍ ഇവിടെയെത്തുന്ന ലക്ഷോപലക്ഷം ജനങ്ങളുടെ പ്രാര്‍ഥനയില്‍ ഒന്ന് ഉള്‍പ്പെട്ടിരുന്നെങ്കില്‍ എന്ന ലക്ഷ്യം മാത്രമാണ് ഇത്തരം സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ജോലിയും സമയവും മാറ്റിവച്ചുള്ള ആഗ്രഹം.
അതേസമയം, മദീനയില്‍ എല്ലാ സംഘടനകളും ഒത്തൊരുമയോടെയാണ് സേവനം ചെയ്യുന്നത്. ഇവിടെ എല്ലാ സംഘടനകളും കാലങ്ങളായി വെല്‍ഫെയര്‍ ഫോറത്തിന്റെ നേതൃത്വത്തിലാണ് ഹജ്ജ് സേവനം ചെയ്യുന്നത്. ഇതേനിലയില്‍ തന്നെ തുടരാനാണ് സംഘടനകളുടെ തീരുമാനം.
വിശുദ്ധമണ്ണിലെ വിഖായ
എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധ സേവന വിഭാഗമായ 'വിഖായ' കഴിഞ്ഞ ഹജ്ജ് വേളയില്‍ മക്കയില്‍ നടത്തിയ സേവനങ്ങളെ കുറിച്ച്
സമര്‍പ്പണവും ത്യാഗവുമാണല്ലോ ഹജ്ജ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സമര്‍പ്പിത സമൂഹമായ വിഖായ ഹജ്ജ് സേവന രംഗത്ത് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സഊദിയുടെ വ്യത്യസ്ത ദേശങ്ങളില്‍ നിന്നെത്തിയ 450ഓളം വളണ്ടിയര്‍മാര്‍ തങ്ങളുടെ മാതൃസംഘടനയായ സമസ്തയുടെ നിഷ്‌കളങ്കരായ നേതാക്കള്‍ കാണിച്ചു തന്ന സേവന മാതൃക പ്രചോദനമായി സ്വീകരിക്കുകയായിരുന്നു. വഴിയറിയാതെയും തളര്‍ന്നും തങ്ങളുടെ മുന്‍പിലെത്തുന്ന പരിദേവനങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ വിഖായ വളണ്ടിയര്‍മാര്‍ ശ്രമിക്കുമ്പോള്‍ തങ്ങളുടെ നേതാക്കള്‍ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് അയവിറക്കുന്നുണ്ടായിരുന്നു.
റമദാന്‍ കഴിയുന്നതോടെ വിഖായയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. രജിസ്‌ട്രേഷന്‍ അംഗങ്ങള്‍ക്കുള്ള പരിശീലന കാംപയിന്‍, മാപ്പ് റീഡിങ്, ഐഡന്റിറ്റി കാര്‍ഡ് തയാറാക്കലും അതിന്റെ വിതരണവും, മാപ്പ് തയാറാക്കലും പ്രിന്റിങ്ങും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് വളണ്ടിയര്‍മാര്‍ മിനായിലെത്തുന്നത്. ദുല്‍ഹിജ്ജ ഒന്‍പതിന് ഉച്ചയോടെ വിഖായ വളണ്ടിയര്‍ ക്യാംപ് മക്കയിലെ അസീസിയയില്‍ ജംറക്കടുത്ത് പ്രവര്‍ത്തന സജ്ജമാകും. സൗദിയിലെ വ്യത്യസ്ത പ്രവിശ്യകളില്‍ നിന്ന് ഒന്‍പതിന് രാത്രിയും പത്തിന് രാവിലെയുമായി വന്നെത്തുന്ന വളണ്ടിയര്‍മാര്‍ രണ്ടു ഗ്രൂപ്പുകളിലായി മിനായില്‍ വിന്യസിക്കപ്പെടുന്നു. പെരുന്നാള്‍ നിസ്‌കാരവും കഴിഞ്ഞ് നേതാക്കളുടെ നിര്‍ദേശങ്ങള്‍ക്കു ശേഷം ഒന്നാം വിഭാഗം രാവിലെ ആറുമുതല്‍ വൈകുന്നേരും ആറുവരെയും രണ്ടാം വിഭാഗം വൈകുന്നേരം ആറുമുതല്‍ രാവിലെ ആറുവരെയും സേവനത്തിനിറങ്ങുന്നു. ഓരോ വിഭാഗത്തെയും 15 ഉപ ഗ്രൂപ്പുകളാക്കി വിഭജിക്കുകയും അവര്‍ക്ക് ഓരോ നേതാക്കളെ നിയോഗിക്കുകയും ഓരോ ഉപഗ്രൂപ്പുകള്‍ക്കും മിനായുടെ തന്ത്രപ്രധാന ഭാഗങ്ങള്‍ നിര്‍ണയിച്ച് നല്‍കുകയും ചെയ്യുന്നു.
വിഖായയുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചതു പ്രധാനമായും അഞ്ചു മേഖലകളിലായിരുന്നു. ഒന്ന്-ഹാജിമാര്‍ക്ക് വഴി കാണിച്ചുകൊടുക്കല്‍. രണ്ട്-അവശതയനുഭവിക്കുന്നവര്‍ക്കുള്ള വീല്‍ചെയര്‍. മൂന്ന്-ചികിത്സ തേടിയെത്തുന്ന ഹാജിമാര്‍ക്ക് ആശുപത്രിയില്‍ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കല്‍. നാല്-മിനായിലെ കഞ്ഞി വിതരണം. അഞ്ച്-കാണാതാകുന്ന ഹാജിമാരെ കണ്ടെത്തുന്നതിന് ഇന്ത്യന്‍ മിഷനുമായി ബന്ധപ്പെട്ട് കണ്ടെത്താനുള്ള ശ്രമങ്ങള്‍.
മിനായുടെ പ്രധാനപ്പെട്ട 15 പോയിന്റുകളിലായി നിയമിതമായ വിഖായ വളണ്ടിയര്‍മാര്‍ മൂന്നു ദിവസവും തങ്ങളുടെ സേവനങ്ങളില്‍ നിരതരാവുകയും ഹാജിമാര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും സഹായങ്ങളും പരമാവധി ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എല്ലാ ഇടങ്ങളിലേക്കും പെട്ടെന്ന് എത്തിക്കാന്‍ മൂന്നു വീല്‍ചെയര്‍ പോയിന്റുകള്‍ നിശ്ചയിക്കപ്പെടുകയും 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാകുകയും ചെയ്യുന്നു. രണ്ടു സമയങ്ങളിലായി 10,000ത്തോളം ആളുകള്‍ക്കുള്ള കഞ്ഞിയാണ് വിഖായ വളണ്ടിയര്‍മാര്‍ വിതരണം ചെയ്തത്.
മൂന്നു ദിനരാത്രങ്ങള്‍ മൂന്നു യുഗങ്ങളുടെ സൗഹൃദങ്ങള്‍ സമ്മാനിക്കുന്നതായിരുന്നു. വേര്‍പിരിയലിന്റെ വേദനയായിരുന്നു പിരിയുമ്പോള്‍ അംഗങ്ങളുടെ മുഖത്ത്. അടുത്ത ഹജ്ജിനും സേവനം ചെയ്യാന്‍ വിധിയുണ്ടാകണേ എന്നു ആഗ്രഹിച്ചാണ് അവര്‍ സഈദിയുടെ വിവിധ ഭാഗങ്ങളിലേക്ക് യാത്രയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."