HOME
DETAILS
MAL
ഏഴു ജില്ലകളില്‍ ഡി.ഡി.പിമാരില്ല, 95 പഞ്ചായത്തുകളില്‍ സെക്രട്ടറിമാരും
backup
April 23 2016 | 17:04 PM
മലപ്പുറം: സംസ്ഥാനത്ത് ഏഴു ജില്ലകളില്‍ പഞ്ചായത്തു ഡെപ്യൂട്ടി ഡയറക്ടര്‍മാരും, 95 പഞ്ചായത്തുകളില്‍ സെക്രട്ടറിമാരുമില്ലാത്തതിനാല്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഭരണ തടസം. പഞ്ചായത്തു വകുപ്പിലാണ് ജീവനക്കാരുടെ അഭാവം മൂലം പദ്ധതി ആസൂത്രണങ്ങളും ദൈനംദിന പ്രവര്‍ത്തനങ്ങളും താളം തെറ്റുന്നത്. ഒഴിവുള്ള തസ്തികകളിലെ നിയമനങ്ങള്‍ വൈകുന്നതു മൂലം പൊതു ജനങ്ങളുടെ ആവശ്യങ്ങള്‍ പലതും പഞ്ചായത്താഫിസില്‍ നിന്നു നേടാന്‍ കാല താമസമെടുക്കുന്നത് പതിവാകുകയാണ്.
പഞ്ചായത്തു സെക്രട്ടറിമാരുടെ മേലുദ്യോഗസ്ഥരാണ് ജില്ലാ തലത്തിലെ പഞ്ചായത്തു ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍. ഇവരുടെ അസിസ്റ്റന്റുമാരായ അസി. ഡയറക്ടറുമില്ലാത്തതു മൂലം ചില പഞ്ചായത്തുകളില്‍ നടപടികള്‍ പലതും പുരോഗമിക്കുന്നില്ല.
ഏഴു ജില്ലകളില്‍ പഞ്ചായത്തു ഡെപ്യൂട്ടി ഡയറക്ടര്‍മാരും, അസി. ഡയറക്ടര്‍മാരുമില്ല. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കാസര്‍കോട്് ജില്ലകളിലാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരില്ലാത്തത്. സമീപ കാലത്ത്് പാലക്കാട് ജില്ലാ ഡി.ഡി.പിയെ മലപ്പുറത്തേക്ക് മാറ്റിയാണ് ഒഴിഞ്ഞു കിടന്ന മലപ്പുറത്തെ ഡി.ഡി.പി തസ്തിക നികത്തിയത്. കാസര്‍കോട്ടും, ഇടുക്കിയിലും വര്‍ഷങ്ങളായി മലപ്പുറത്തും അസി. ഡയറക്ടര്‍മാരില്ല. തിരുവനന്തപുരം ഡയറക്ടറേറ്റില്‍ തന്നെ ജോയിന്റ് ഡയറക്ടര്‍ തസ്തികയും ഒഴിഞ്ഞു കിടക്കുകയാണ്. ഗ്രാമ ലക്ഷ്മി മന്ത്രാലയത്തില്‍ ഒന്നും, കിലയില്‍ രണ്ടും ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ ഒഴിവുകളും നികത്തിയിട്ടില്ല. ഡെപ്യൂട്ടി ഡയറക്ടര്‍, അസി. ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരുടെ അഭാവത്തില്‍ മറ്റു ജില്ലകളിലുള്ളവരാണ് താല്‍ക്കാലിക ചുമതല വഹിക്കുന്നത്.
അര്‍ഹതപ്പെട്ട പ്രൊമോഷന്‍ കൃത്യ സമയത്ത് നടക്കാത്തത് മൂലമാണ് വിവിധ ഉന്നത തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നത്. നേരത്തേ നടന്നു വന്ന സീനിയോറിറ്റി നിര്‍ണയവും, പ്രൊമോഷനും ഈ സര്‍ക്കാര്‍ അട്ടിമറിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഇടതു അനുകൂല പഞ്ചായത്തു ജീവനക്കാര്‍ ആരോപിക്കുന്നു.
അതേ സമയം പഞ്ചായത്തുകളില്‍ നടപ്പാക്കിയ കംപ്യൂട്ടര്‍ വല്‍ക്കരണവും താളം തെറ്റി. ഒരു മാസമായി സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിട്ടിരിക്കുകയാണ്. പഞ്ചായത്തില്‍ ഉപയോഗത്തിന് നല്‍കിയ സോഫ്റ്റ് വെയറും സെര്‍വറും പണിമുടക്കാരംഭിച്ചതോടെ പഞ്ചായത്തുകള്‍ ഭരണ സ്തംഭനത്തിലേക്കാണ് നീങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."