HOME
DETAILS

സംഘപരിവാറിലൊരു 'ദീനദയാലു'

  
backup
September 24 2016 | 22:09 PM

%e0%b4%b8%e0%b4%82%e0%b4%98%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8a%e0%b4%b0%e0%b5%81-%e0%b4%a6%e0%b5%80%e0%b4%a8%e0%b4%a6%e0%b4%af%e0%b4%be%e0%b4%b2

ബി.ജെ.പി എന്ന ഇന്ന് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ആദിരൂപം ഭാരതീയ ജനസംഘമാണ്. 1951 മുതല്‍ ദേശീയ രാഷ്ട്രീയത്തില്‍ ഹിന്ദുത്വം ഉയര്‍ത്തിപ്പിടിച്ചു പ്രവര്‍ത്തിച്ചുപോന്ന പാര്‍ട്ടിയാണത്. കേന്ദ്രത്തിലെ ആദ്യത്തെ നെഹ്‌റു മന്ത്രിസഭയില്‍ അംഗമായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി നെഹ്‌റുവിന്റെ നയങ്ങളില്‍ അതൃപ്തനായി പാര്‍ട്ടി വിട്ട ശേഷമാണ് ഭാരതീയ ജനസംഘം ഉണ്ടാക്കിയത്. ക്രമേണ ശക്തി പ്രാപിച്ചുവന്ന പാര്‍ട്ടിക്ക് 1957ല്‍ ലോക്‌സഭയില്‍ നാലും 62ല്‍ പതിനാലും സീറ്റുണ്ടായിരുന്നു. 1967 ആയപ്പോഴേക്ക് അത് 35 സീറ്റോടെ ലോക്‌സഭയിലെ രണ്ടാമത്തെ വലിയ പ്രതിപക്ഷപാര്‍ട്ടിയായി. 44 സീറ്റുള്ള സ്വതന്ത്രാപാര്‍ട്ടിയായിരുന്നു പ്രധാനപ്രതിപക്ഷപാര്‍ട്ടി. തീവ്രമുതലാളിത്ത ആശയങ്ങള്‍ പുലര്‍ത്തിയ ഇന്ത്യയിലെ ആദ്യത്തെ പാര്‍ട്ടിയാണ് സ്വതന്ത്രാപാര്‍ട്ടി. അന്ന് അങ്ങനെ ഒരു പാര്‍ട്ടിയേ ഉണ്ടായിരുന്നുള്ളൂ. പില്‍ക്കാലത്ത്, ഏതാണ്ട് എല്ലാ പാര്‍ട്ടികളും മുതലാളിത്ത പാര്‍ട്ടികളായി മാറിയതുകൊണ്ടാവാം പ്രത്യേകമൊരു സ്വതന്ത്രാപാര്‍ട്ടി ഇല്ലാതായി.
നമ്മുടെ വിഷയം അതൊന്നുമില്ല. ഇന്ന് ബി.ജെ.പി അക്കൗണ്ട് തുറന്നതൊക്കെ വലിയ ചര്‍ച്ചാവിഷയമായിരിക്കുമ്പോള്‍ ഏതാണ്ട് അര നൂറ്റാണ്ടുമുന്‍പ് അന്നത്തെ ബി.ജെ.പി ആയ ജനസംഘം കോഴിക്കോട്ട് വന്നപ്പോഴത്തെ ചില പത്രപ്രവര്‍ത്തന കൗതുകങ്ങള്‍ പറയാം. ആദ്യമായും അവസാനമായും ഭാരതീയ ജനസംഘത്തിന്റെ ഒരു ദേശീയ സമ്മേളനം കോഴിക്കോട്ട് നടന്നത് 1967ലാണ്. കേരളത്തില്‍ ആ പാര്‍ട്ടി കാര്യമായി സാന്നിധ്യം അറിയിച്ചുവരുന്നേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് രാഷ്ട്രീയത്തിലില്ലെങ്കിലും സംഘപരിവാര്‍ ആചാര്യന്മാരില്‍ ഒരാളായി സജീവമായി രംഗത്തുള്ള പി. പരമേശ്വരനായിരുന്നു പാര്‍ട്ടി നേതാവ്. ദേശീയ രാഷ്ട്രീയത്തില്‍നിന്നും കേന്ദ്രമന്ത്രിസഭാസ്ഥാനത്തുനിന്നും കേരള നിയമസഭയിലെ ഏക ബി.ജെ.പി അംഗമായി 'വളര്‍ന്ന' ഒ. രാജഗോപാലും അന്നേ രംഗത്തുണ്ട്.  

⊃ ആശങ്കയോടെ മുസ്‌ലിംകള്‍

ജനസംഘത്തിന്റെ കേരളത്തിലേക്കുള്ള വരവ് സ്വാഭാവികമായും കേരളത്തിലെ ന്യൂനപക്ഷസമുദായങ്ങള്‍, പ്രത്യേകിച്ച് മുസ്‌ലിംകള്‍ ആശങ്കയോടെയാണ് നോക്കിക്കണ്ടിരുന്നത്. കോഴിക്കോട്ടെ സമ്മേളനം അതുകൊണ്ടുതന്നെ ശ്രദ്ധയാകര്‍ഷിച്ചു. എല്ലാ പത്രങ്ങളുടെയും റിപ്പോര്‍ട്ടര്‍മാര്‍ കോഴിക്കോട്ട് എത്തിയിരുന്നു. സമ്മേളനത്തില്‍നിന്ന് മുസ്‌ലിംകള്‍ അകന്നുനിന്നിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. ജനസംഘത്തില്‍ പേരിനുപോലും ഒരു മുസ്‌ലിം അംഗം ഉള്ളതായി അറിവുമില്ലായിരുന്നു. പക്ഷേ, പത്രറിപ്പോര്‍ട്ടര്‍മാര്‍ക്ക് പാര്‍ട്ടിയും സംഭവവും നോക്കി മാറിനില്‍ക്കാനാവില്ലല്ലോ. കോഴിക്കോട്ട് ജനസംഘം നടപടികള്‍ റിപ്പോര്‍ട്ട് ചെയ്തവരില്‍ ഒരാള്‍ അന്ന് 'ചന്ദ്രിക' ലേഖകനായിരുന്ന പുത്തൂര്‍ മുഹമ്മദാണ്.
കോഴിക്കോട്ടെ പത്രലേഖകര്‍ ജനസംഘം നേതാവായ ദീന്‍ദയാല്‍ ഉപാധ്യായയെ കാണാന്‍ പുറപ്പെട്ടു. ചരിത്രവും തത്ത്വചിന്തയും സാമ്പത്തികശാസ്ത്രവുമെല്ലാം പഠിച്ച പണ്ഡിതനായ ദീന്‍ദയാല്‍ ഉപാധ്യായയായിരുന്നു 1967-68 കാലത്ത് പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ്്. അന്ന് അധികം പത്രങ്ങളും ലേഖകന്മാരുമില്ലാത്തതുകൊണ്ട് എല്ലാവരും ഒത്തുപോകുക സൗകര്യപ്രദമായിരുന്നു. പോകുമ്പോള്‍ പുത്തൂര്‍ മുഹമ്മദും കൂട്ടത്തിലുണ്ടായിരുന്നു.
പത്രപ്രവര്‍ത്തകരെ പരിചയപ്പെടുമ്പോള്‍ പുത്തൂര്‍ മുഹമ്മദിനെ പി. പരമേശ്വരന്‍ പ്രത്യേകം പരിചയപ്പെടുത്തി. ലേഖകരുടെ കൂട്ടത്തിലുള്ള ഏക മുസ്‌ലിം എന്നതായിരുന്നു പ്രത്യേക പരിചയപ്പെടുത്തലിന്റെ കാരണം. മുസ്‌ലിം ആണെന്നു കേട്ടപ്പോള്‍ യു.പിക്കാരനായ ഉപാധ്യായ പുത്തൂര്‍ മുഹമ്മദിനോട് ഉറുദുവില്‍ സംസാരിക്കാന്‍ തുടങ്ങി. മുഹമ്മദ് പമ്മിനിന്നു. തനിക്ക് ഉറുദു അറിയില്ല എന്നു മുഹമ്മദ് പറഞ്ഞപ്പോള്‍ ഉപാധ്യായയാണ് പമ്മിയത്. മുസ്‌ലിം ലീഗ് പത്രം ആയ 'ചന്ദ്രിക' ഉറുദുവിലല്ലേ എന്നായി ഉപാധ്യായയുടെ സംശയം. അല്ല മലയാളത്തിലാണ് എന്നറിഞ്ഞപ്പോള്‍ ആദ്യമൊന്ന് സംശയിച്ചു, പിന്നെ സന്തോഷിച്ചു.

⊃ ഇതുതന്നെ ദേശീയത

'ഓരോ പ്രദേശത്തെയും ജനങ്ങള്‍ പ്രദേശത്തെ ഭാഷ സംസാരിക്കണം, വേഷം ധരിക്കണം, പുരോഗതിക്കായി ഒരു പോലെ ചിന്തിക്കണം, ഒന്നിച്ചു പ്രവര്‍ത്തിക്കണം. ഇതാണ് ഞങ്ങള്‍ പറയുന്ന ദേശീയത'-ഉപാധ്യായ പാര്‍ട്ടി നിലപാട് വിശദീകരിച്ചു. കേരളത്തിലെ മുസ്‌ലിംകള്‍ മലയാളം സംസാരിക്കുന്നതുപോലെ തമിഴ്‌നാട്ടിലെ മുസ്‌ലിംകള്‍ക്ക് തമിഴുമാണ് മാതൃഭാഷ എന്ന് ഉപാധ്യായ മനസിലാക്കിയിരുന്നില്ല.
എന്തായാലും അന്ന് ഉപാധ്യായ കുറെ സമയം പുത്തൂര്‍ മുഹമ്മദുമായി സംസാരിച്ചു. മുസ്‌ലിംകള്‍ കൂടുതല്‍ ജീവിക്കുന്ന പ്രദേശങ്ങള്‍ കാണണം എന്നദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ മൂഹമ്മദ് കൂടെച്ചെല്ലാന്‍ സമ്മതിച്ചു. പിറ്റേന്ന് കുറ്റിച്ചിറയും വെള്ളയിലും അവര്‍ സന്ദര്‍ശിച്ചു. അവിടെ എല്ലാ മുസ്‌ലിംകളും മലയാളമാണ് സംസാരിക്കുന്നത് എന്നറിഞ്ഞപ്പോള്‍ ഉപാധ്യായയ്ക്ക് കൂടുതല്‍ സന്തോഷമായി. ഇതുതന്നെയാണ് തങ്ങള്‍ ഉദ്ദേശിക്കുന്ന ദേശീയത എന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
സമ്മേളനം കഴിഞ്ഞു പോയ ഉപാധ്യായ ഉത്തര്‍പ്രദേശിലെ മുഗള്‍സരായിയില്‍ എത്തിയപ്പോള്‍ ട്രെയിനില്‍ കൊല ചെയ്യപ്പെടുകയാണ് ഉണ്ടായത്. മൃതദേഹം റെയില്‍വേ ട്രാക്കിലാണ് കണ്ടെത്തിയത്. 51 വയസേ അദ്ദേഹത്തിന് അന്നുണ്ടായിരുന്നുളളൂ. അദ്ദേഹത്തെക്കുറിച്ച് സംഘ പ്രസിദ്ധീകരണമായ കേസരിയില്‍ താന്‍ ഒരു അനുസ്മരണക്കുറിപ്പെഴുതിയ കാര്യവും പുത്തൂര്‍ മുഹമ്മദ് 'കാലം, പത്രം: അനുഭവങ്ങള്‍' എന്ന തന്റെ ആത്മകഥയില്‍ ഓര്‍മിക്കുന്നുണ്ട്. ദീന്‍ദയാല്‍ ഉപാധ്യായയുടെ സ്വരത്തില്‍ സംഘ്പരിവാറിന്റെ വംശീയ ശത്രുതാ നയത്തിനെതിരായ നിലപാടുണ്ട് എന്ന അഭിപ്രായമാണ് പുത്തൂര്‍ മുഹമ്മദ് ഇതില്‍ പ്രകടിപ്പിച്ചത്.
ബാഗ് തട്ടിയെടുക്കാന്‍ വന്ന രണ്ടുപേര്‍ തള്ളിത്താഴെയിട്ടതാണ് ഉപാധ്യായയുടെ മരണകാരണം എന്ന് പൊലിസും കോടതിയും പ്രത്യേക അന്വേഷണക്കമ്മിഷനും നിഗമനത്തിലെത്തിയിരുന്നെങ്കിലും വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. ജനസംഘത്തിന്റെ പ്രസിഡന്റ് സ്ഥാനം വഹിച്ച, ഈയിടെ അന്തരിച്ച ബല്‍രാജ് മധോക്ക് തന്റെ ആത്മകഥയില്‍, ചില ജനസംഘം നേതാക്കള്‍ ഗൂഢാലോചന നടത്തി അദ്ദേഹത്തെ കൊന്നതാണ് എന്നുപോലും ആരോപിച്ചു. മധോക്കിനെ പാര്‍ട്ടി പുറത്താക്കിയിരുന്നു എന്നതുകൊണ്ട് അദ്ദേഹം അധികം ശ്രദ്ധിക്കപ്പെട്ടില്ല. എന്തായാലും ഉപാധ്യായയുടെ കോഴിക്കോട്ട് ഇക്കാര്യങ്ങള്‍ ഒരുവട്ടംകൂടി ചര്‍ച്ച ചെയ്യപ്പെട്ടേക്കാം.
കോഴിക്കോട്ട് ജനസംഘം ദേശീയ സമ്മേളനം നടക്കുമ്പോള്‍ അധ്യക്ഷത വഹിച്ച ദീന്‍ദയാല്‍ ഉപാധ്യായയുടെ ഓര്‍മ പുതുക്കാനാണ് ജന്മശതാബ്ദി നടക്കുമ്പോള്‍ ഇതേ കോഴിക്കോട്ട്് ബി.ജെ.പിയുടെ ദേശീയസമ്മേളനം നടത്താന്‍ തീരുമാനിച്ചതെന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. കോഴിക്കോട്ടുതന്നെ വീണ്ടും സമ്മേളനം നടക്കുന്നത് യാദൃച്ഛികമല്ല എന്നര്‍ഥം. പക്ഷേ, രണ്ടു സമ്മേളനങ്ങള്‍ നടക്കുമ്പോഴും കേരളം ഭരിക്കുന്നത് സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാരാണ് എന്നത് യാദൃച്ഛികമാണോ എന്തോ...

മലപ്പുറം ജില്ലാ രൂപീകരണം

ജനസംഘം ദേശീയതലത്തില്‍ ഉന്നയിച്ച ഒരു പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലാണ് കോഴിക്കോട്ട് ജനസംഘം സമ്മേളനം നടന്നത് എന്നുകൂടി ഇതുമായിച്ചേര്‍ത്ത് ഓര്‍ക്കേണ്ടതുണ്ട്. മലപ്പുറം ജില്ലയുടെ രൂപീകരണമാണത്. ഇ.എം.എസിന്റെ നേതൃത്വത്തില്‍ ഉള്ള സപ്തകക്ഷി മന്ത്രിസഭയാണ് അന്ന് ഭരിച്ചിരുന്നത്. ഈ ഭരണകാലത്താണ് മലപ്പുറം ജില്ലയുടെ രൂപീകരണം നടക്കുന്നത്. മുസ്‌ലിം ലീഗ് കൂടിയുള്ള ഒരു ഭരണത്തിനു കീഴിലാണ് ഈ തീരുമാനം എന്നതുകൊണ്ട് പലരും പല ഗൂഢാര്‍ഥങ്ങളും വായിക്കുകയും ചെയ്തിരുന്നു. ജില്ലാ രൂപീകരണത്തിനെതിരേ ദേശീയതലത്തില്‍ പ്രക്ഷോഭം അഴിച്ചുവിട്ടത് ഭാരതീയ ജനസംഘമായിരുന്നു. രാജ്യത്തെ എല്ലാ ഭാഗത്തുനിന്നും സംഘങ്ങളായി സത്യഗ്രഹികള്‍ വരികയും തിരിച്ചുപോവുകയും ചെയ്തുകൊണ്ടിരുന്നു മാസങ്ങളോളം. പക്ഷേ, തീരുമാനത്തില്‍ മാറ്റമൊന്നുമുണ്ടായില്ല.
നിരവധി സെക്കുലര്‍ പത്രങ്ങളും ജില്ലാ രൂപീകരണത്തെ എതിര്‍ത്തുപോന്നു. മുസ്‌ലിംകള്‍ക്ക് വേണ്ടി പ്രത്യേക ജില്ലയുണ്ടാക്കുന്നു എന്ന രീതിയിലാണ് അവരെല്ലാം ഇതിനെ കണ്ടത്. ഒരു കുട്ടിപ്പാകിസ്താന്‍ എന്ന് അതിനെ വിളിക്കാനും അവര്‍ മടിച്ചിരുന്നില്ല. പുതിയ ജില്ലയുണ്ടാക്കാന്‍ വന്‍ പണച്ചെലവ് ഉണ്ടാകുമെന്ന് പല പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 30 കോടി രൂപയാണ് അവര്‍ കണക്കുകൂട്ടിയ അധികച്ചെലവ്. മുസ്‌ലിം ലീഗിനെ കൂടെ നിര്‍ത്താന്‍ സി.പി.എം കാട്ടുന്ന ഒരു തന്ത്രമായും അതിനെ കണ്ടവര്‍ ധാരാളം (ജില്ലയുണ്ടാക്കിയതൊന്നും ഫലിച്ചില്ല. മുസ്‌ലിംലീഗ് വൈകാതെ സി.പി.ഐക്കും മറ്റുമൊപ്പം മുന്നണി വിട്ടത് ചരിത്രം).
എന്തായാലും 1969 മെയ് അഞ്ചിനു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ജില്ല രൂപീകരിക്കാന്‍ തീരുമാനമായി. ജൂണ്‍ 16 ജില്ല നിലവില്‍വന്നു. പ്രക്ഷോഭവും വിവാദങ്ങളുമെല്ലാം ധാരാളമുണ്ടായെങ്കിലും മലപ്പുറം കേരളത്തിലെ അവസാനത്തെ ജില്ലയൊന്നുമായിരുന്നില്ല. മലപ്പുറം രൂപീകരണത്തിന് ശേഷമാണ് ഇടുക്കിയും വയനാടും പത്തനംതിട്ടയുമുണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  23 days ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  23 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  23 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  23 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  23 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  23 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  23 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  23 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  23 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  23 days ago