ഒരു കള്ളക്കഥ
കള്ളക്കഥ എന്നു കേള്‍ക്കുമ്പോള്‍ ഒരു കൂട്ടര്‍ ചോദിക്കും കള്ളന്‍ പറഞ്ഞ കഥയാണോന്ന്..? മറ്റൊരു കൂട്ടര്‍ ചോദിക്കും കള്ളത്തരം കഥയായി പറയാണോന്ന്..? ഏതൊരു കള്ളനും ഒരു കള്ളത്തരം കുറേ കാലം പറഞ്ഞാല്‍ അതു സത്യാവൂലേ..? അങ്ങനെ ഒരു കഥയാണിത്.
പിന്നെ...
ഊള ഓള്‍ഡ് ജനറേഷനൊന്നും ഇത് വായിക്കാന്‍ വരണ്ട...
ഈ കഥ നടക്കുന്നത് ഒരു നാട്ടിലാണ്.
സമാധാനപ്രിയരും വിശാലമനസ്‌കരുമായ ഒരു കൂട്ടം പുരുഷ ജനങ്ങളും മൊയന്തുകളായ കുറച്ച് സ്ത്രീ ജനങ്ങളും താമസിച്ച നാട്...
നാടിന് പേരിടാനൊന്നും എനിക്ക് വയ്യ. നിങ്ങള്‍ തോന്നിയത് വിളിച്ചോ. അതൊരു വല്ലാത്ത നാടായിരുന്നു ബ്രോ.
അവിടെ ഭയങ്കരമായ സ്ത്രീ പീഡനങ്ങള്‍ നടന്നു. ആറു വയസുള്ളവരും 60 വയസുള്ളവരും ഒക്കെ പീഡിപ്പിക്കപ്പെട്ടു. ജനം ഇളകി മറിഞ്ഞു...ഹര്‍ത്താല്‍, നിരാഹാരം, വാദപ്രതിവാദം, ചര്‍ച്ച, ബോധവത്കരണം, പൊലിസ്, കോടതി, ജയില്‍, വെറുതെ വിടല്‍...
ഒന്നും പറയണ്ട, സീന്‍ മൊത്തം കോണ്ട്ര...
പ്രാര്‍ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ടെന്ന് പറയും പോലെ പീഡിപ്പിക്കാനും ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ടായിരുന്നു.
ജീന്‍സ് ഇട്ടതോണ്ട്...
രാത്രി പുറത്ത് പോയതോണ്ട്...
വീട്ടില്‍ ഒറ്റയ്ക്ക് നിന്നതോണ്ട്...
കമന്റടിച്ചതിന് പ്രതികരിച്ചോണ്ട്...
അങ്ങനെയങ്ങനെ...
'പീഡനത്തിന്റെ കാരണങ്ങള്‍' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ ഗവേഷണകുതുകികളും ഉണ്ടായിരുന്നു അവിടെ.
പക്ഷേ, ഇവര്‍ പറഞ്ഞതിനെയൊക്കെ ചില പെണ്ണുങ്ങള്‍ എതിര്‍ത്തു. അല്ലെങ്കിലും ഈ പെണ്ണുങ്ങള്‍ക്ക് വല്ല ബുദ്ധിം ണ്ടോ..?
സമാധാനപ്രിയരും വിശാലമനസ്‌കരുമായ പുരുഷ ജനങ്ങളെ കാമഭ്രാന്തന്മാരാക്കി ചിത്രീകരിക്കാന്‍ നടക്കുന്ന യക്ഷികള്‍. ഇതിനെയൊക്കെ വെടിവച്ചു കൊന്നിട്ട് പിന്നേം വെട്ടിക്കൊല്ലണം.
ഈ മൊയന്ത് പെണ്ണുങ്ങള്‍ടെ കൂടെ കുറച്ച് പോഴന്മാരായ ആണുങ്ങളും ഉണ്ടായിരുന്നു. പെണ്‍വാക്കു കേട്ടവന്‍ പെരുവഴിയില്‍ എന്ന പ്രമാണം പഠിക്കാത്ത ഇഡിയറ്റ്‌സ്.
അപ്പോഴാണ് മ്മളെ ഗോപാലേട്ടന്റെ മാസ്സ് ഡയലോഗ്...ഗോപാലേട്ടനെ അറിയൂലാ..? അംബാനീടെ വകേലൊരു മരുമോനാ...നല്ല ബിസിനസ് സെന്‍സുണ്ട്. ആ അപ്പോ പറഞ്ഞു വന്നത്...മൂപ്പര്‍ടെ മാസ്സ് ഡയലോഗ്...
'വസ്ത്രധാരണമാണ് സ്ത്രീ പീഡനത്തിന്റെ മുഖ്യ ഹേതു...പര്‍ദ്ദയാണ് സ്ത്രീകള്‍ക്ക് ഏറ്റവും അഭികാമ്യം...'
അരേ...വാ..പൊളിച്ച്..!!
ഇത്രേം നല്ല ഡയലോഗ് ഇതുവരെ ആരും പറഞ്ഞിട്ടില്ല...സമാധാനപ്രിയരും വിശാലമനസ്‌കരുമായ പുരുഷ ജനങ്ങള്‍ ഗോപാലേട്ടനെ തോളിലേറ്റി...
മൊയന്ത് പെണ്ണുങ്ങളും ആണുങ്ങളും ഗോപാലേട്ടനെ 'ബ്ലഡി മൊയന്താക്കുറ്റി മണ്ണാങ്കുട്ടീസ്'എന്നു വിളിച്ചു.
സീന്‍ പിന്നേം കോണ്ട്രാ...
ഏതായാലും സമാധാനപ്രിയരും വിശാലമനസ്‌കരുമായ പുരുഷ ജനങ്ങളും മൊയന്ത് പെണ്ണുങ്ങളും കടിപിടി കൂടുന്ന ഒരു നട്ടുച്ചയുടെ മധ്യാഹ്നത്തില്‍ അത് സംഭവിച്ചു...എന്ത്..?
ഗോപാലേട്ടന്‍ പര്‍ദ്ദക്കട തുടങ്ങി. സംഭവം ജോറായി.
ഒരു മൊയന്ത് പെണ്ണ് വന്ന് കട ഉദ്ഘാടിച്ചു. ഗോപാലേട്ടന്‍ വിചാരിച്ചതിലും നന്നായി കച്ചോടം നടന്നു.
ഗോപാലേട്ടന്‍ സ്റ്റോക്ക് കൊണ്ടോരും...തീരും.
പിന്നേം കൊണ്ടോരും...തീരും.
പിന്നേം കൊണ്ടോരും...തീരും.
ഗോപാലേട്ടന് പണം കൂടിക്കൂടി വന്നു.
സമയം കുറഞ്ഞു കുറഞ്ഞു വന്നു.
മൂന്നു മാസം പ്രായമായ കുഞ്ഞിനുള്ള പര്‍ദ്ദ വരെ അവിടെ ഉണ്ടായിരുന്നു.
പര്‍ദ്ദ വാങ്ങാന്‍ ആറു മാസം മുന്‍പു വരെ ബുക്ക് ചെയ്യണം എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി...സത്യം പറയാലോ ഗോപാലേട്ടന് ബിസിനസ് മടുത്തു.
ഗോപാലേട്ടന്റെ ഭാര്യ തങ്കമണി ചേച്ചിക്ക് പാരീസിലെ ഈഫല്‍ ടവറിന്റെ മുന്നില്‍ നിന്ന് ഒരു സെല്‍ഫിയെടുക്കണംന്ന് പുതി തൊടങ്ങീട്ട് കൊറച്ചായി...ഗോപാലേട്ടനാണെങ്കില്‍ ഈഫല്‍ ടവര്‍ പോയിട്ട് ബാത്‌റൂമില് പോകാന്‍ തന്നെ നേരം ഇല്ല.
സമാധാനപ്രിയരും വിശാലമനസ്‌കരുമായ പുരുഷ ജനം പീഡിപ്പിക്കാന്‍ പെണ്ണിനെ കിട്ടാത്ത സായാഹ്നങ്ങളില്‍ പര്‍ദ്ദ വാങ്ങി അതിനെ പീഡിപ്പിക്കാറുണ്ടായിരുന്നു. അതു കൊണ്ട് നല്ലൊരു കാരണമില്ലാതെ കച്ചോടം നിര്‍ത്തിയാല്‍ അവര്‍ ഗോപാലേട്ടനെ പഞ്ഞിക്കിടും...
എന്തു ചെയ്യും..? എന്തു ചെയ്യും..?
ബേജാറോല്‍ഘടിതവും ചിന്തോല്‍ഘടിതവുമായ രണ്ട് ദിനരാത്രങ്ങള്‍ക്ക് ശേഷം പത്രത്തില്‍ ഒരടി പൊളി വാര്‍ത്ത വന്നു...
മുന്‍ പേജില്‍ കറുത്ത വലിയ തലക്കെട്ടില്‍ കരയുന്ന പെണ്ണിന്റെ ഫോട്ടോ ഒക്കെ വച്ച്.
ദോഷം പറയരുതല്ലോ..? സംഭവം കളറായിരുന്നൂ ട്ടോ...
'ഗര്‍ഭിണിയായ യുവതിയെയും അവരുടെ വയര്‍ കുത്തിക്കീറി പെണ്‍ ഭ്രൂണത്തെയും പീഡിപ്പിച്ചു...'
മുഖ്യമന്ത്രി, പ്രധാനമന്ത്രി, ഐക്യരാഷ്ട്രസഭ, എന്തിന് ഈ ഞാന്‍ പോലും അപലപിച്ചു...
പക്ഷേ കോളടിച്ചത് ഗോപാലേട്ടനാണ്...
'അക്രമോല്‍ഘടിതമായ ഈ സാമൂഹ്യ വ്യവസ്ഥിതിയില്‍ പര്‍ദ്ദ കൊണ്ടും രക്ഷയില്ല.'
ഇങ്ങനെയൊരു മാസ് സ്റ്റാറ്റസും ഇട്ട് ഗോപാലേട്ടന്‍ പെമ്പ്രന്നോത്തിയെയും കൂട്ടി ഈഫല്‍ ടവര്‍ കാണാന്‍ പോയി.
ബൈ ദ ബൈ...
നിങ്ങള്‍ ഈഫല്‍ ടവര്‍ കണ്ടിട്ടുണ്ടോ..?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."