സംരക്ഷിക്കാം വൃക്കയെ; ശ്രദ്ധേയമായി മെഡിക്കല്‍ എക്‌സിബിഷന്‍
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിനാഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന 'വൃക്കയ്ക്ക് ഒരു തണല്‍' മെഡിക്കല്‍ എക്‌സിബിഷന്‍ ശ്രദ്ധേയമായി. പരിയാരം മെഡിക്കല്‍ കോളജും വടകര തണലുമായി സഹകരിച്ചാണ് പ്രദര്‍ശനം ഒരുക്കിയത്. വൃക്കയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമുള്ള സചിത്ര വിവരങ്ങളും ഡോക്യുമെന്ററിയും ഉള്‍പ്പെടുത്തിയായിരുന്നു പ്രദര്‍ശനം.
സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാംപും അവയവ ദാനത്തിന്റെ മഹത്വത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചുമുള്ള ബോധവല്‍ക്കരണവുമുണ്ടായി. ഗര്‍ഭസ്ഥ ശിശുക്കളുടെ വളര്‍ച്ചയുടെ വിവിധ ഭാഗങ്ങള്‍ വിവരിക്കുന്ന മോഡലുകളും പ്രദര്‍ശിപ്പിച്ചു. ജില്ലയിലെ പ്രസ് ഫോട്ടോഗ്രാഫര്‍മാരുടെയും പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ഫോട്ടോകളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു. കാര്‍ഷിക സംസ്‌കൃതിയിലേക്കുള്ള പുതുതലമുറയുടെ തിരിച്ചുവരവും ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ശ്രദ്ധേയമായി. പ്രദര്‍ശനങ്ങള്‍ ഇന്നു രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ പൊതുജനങ്ങള്‍ക്ക് കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."