മെറിറ്റ് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനായി: മന്ത്രി ശൈലജ
കണ്ണൂര്‍: സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ മൂലം മെറിറ്റ് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനായതായി മന്ത്രി കെ.കെ ശൈലജ. സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് കൈവശമുളള മെറിറ്റ് സീറ്റുകള്‍ കൂടി കോടതി വിലയുടെ പശ്ചാത്തലത്തില്‍ നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് സര്‍ക്കാര്‍ മാനേജ്മെന്റുകളുമായി ധാരണയിലെത്തിയത്. ബി.പി.എല്‍ മെറിറ്റ് വിഭാഗത്തില്‍ മുന്‍വര്‍ഷം 207 കുട്ടികള്‍ പ്രവേശനം നേടിയ സ്ഥാനത്ത് ഈ വര്‍ഷം 484 കുട്ടികള്‍ക്ക് പ്രവേശനം നല്കാന് കഴിഞ്ഞതായി മന്ത്രി അറിയിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് അധ്യക്ഷനായി. പ്ലാസ്റ്റിക്കിനെതിരായ ബോധവല്‍ക്കരണ സന്ദേശത്തിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി വാങ്ങിച്ചു നല്കിയ സ്റ്റീല്‍ ടിഫിന്‍ കാരിയര്‍ രണ്ടു വിദ്യാര്‍ഥികള്‍ക്കു മന്ത്രി സമ്മാനിച്ചു. ജില്ലാതല ജലസംരക്ഷണ ശില്പശാല മേയര്‍ ഇ.പി ലത ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സി.ഡബ്ല്യു.ആര്.ഡി.എമ്മിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. ബാബു മാത്യു വിഷയാവതരണവും ടി ഗംഗാധരന് പ്രഭാഷണവും നടത്തി.
പ്രസ് ക്ലബ് കണ്ണൂരുമായി സഹകരിച്ച് നടത്തുന്ന പ്രസ് ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോ പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി മെഡിക്കല്‍ എക്സിബിഷന്, സൗജന്യ വൃക്കരോഗ പരിശോധനാ ക്യാംപ്, പുസ്തക പ്രദര്‍ശനം, സ്റ്റാമ്പ് പ്രദര്‍ശനം എന്നിവയും നടന്നു. എം.എല്‍.എമാരായ ജയിംസ് മാത്യു, സി കൃഷ്ണന്, ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് സംബന്ധിച്ചു.
ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ പത്മനാഭന് സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."