വൈദ്യുതി സബ് സ്റ്റേഷന്റെ കണ്‍ട്രോള്‍ റൂം കുത്തിത്തുറന്നു വന്‍ കവര്‍ച്ച
കാസര്‍കോട്: കേളുഗുഡെയില്‍ പുതുതായി നിര്‍മിക്കുന്ന 33 കെ.വി വൈദ്യുതി സബ് സ്റ്റേഷന്റെ കണ്‍ട്രോള്‍ റൂം കുത്തിത്തുറന്നു ചെമ്പുകമ്പികള്‍ കവര്‍ന്നു. എട്ടു ലക്ഷത്തിലധികം രൂപയുടെ ചെമ്പുകമ്പികള്‍ കവര്‍ച്ച ചെയ്യപ്പെട്ടതായാണു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ രാവിലെയാണു കവര്‍ച്ച നടന്ന വിവരം അധികൃതര്‍ അറിഞ്ഞത്. കാസര്‍കോട് സി.ഐ സി.എ അബ്ദുല്‍ റഹീമിന്റെ നേൃതൃത്വത്തിലുള്ള പൊലിസ് സംഘം അന്വേഷണം തുടങ്ങി. കണ്‍ട്രോള്‍ റൂമിലെ 33 കെ.വി പാനലിലെ ചെമ്പു കമ്പികളാണ് അഴിച്ചെടുത്തു കൊണ്ടുപോയത്. മൊത്തം 60 പാനലുകളിലെ ചെമ്പുകമ്പികളാണു കൊണ്ടുപോയിട്ടുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. സബ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ പിറകുഭാഗത്തു കേബിള്‍ കടന്നുപോകാന്‍ ഉണ്ടാക്കിയ വഴിയിലൂടെയാണു മോഷ്ടാക്കള്‍ അകത്തു കടന്നതെന്നു സംശയിക്കുന്നു.
സബ് സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന സ്ഥലം മുള്ളുകമ്പികള്‍ കെട്ടി വേര്‍തിരിച്ചതാണ്. ഇതു പൊളിച്ചാണു കോംപൗണ്ടിന് അകത്തേക്കു മോഷ്ടാക്കള്‍ പ്രവേശിച്ചത്. സബ് എന്‍ജിനിയറുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സബ് സ്റ്റേഷനകത്തുണ്ടായിരുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ചാണു പാനലുകള്‍ അഴിച്ച് അകത്തെ കമ്പികള്‍ എടുത്തിരിക്കുന്നത്. മോഷ്ടാക്കള്‍ കൊണ്ടുവന്ന ഒരു പൈപ്പ് റേഞ്ച് ഇവിടെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കവര്‍ച്ചക്കു പിന്നില്‍ അന്യസംസ്ഥാനക്കാരാണെന്ന് പൊലിസ് സംശയിക്കുന്നു. പ്രവര്‍ത്തനം തുടങ്ങാത്ത സബ് സ്റ്റേഷനും പരിസരവും നേരത്തെ തന്നെ കവര്‍ച്ചക്കാര്‍ മനസിലാക്കിയ ശേഷമാണു കവര്‍ച്ച നടത്തിയതെന്നു കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."