പുലിയന്നൂര്‍ സ്കൂളിന്റെ അക്കാദമിക മികവിനു മന്ത്രിയുടെ അംഗീകാരം
കരിന്തളം: ചിട്ടയായ അക്കാദമിക പ്രവര്‍ത്തനത്തിലൂടെ ജില്ലയ്ക്കു മാതൃകയായ പുലിയന്നൂര്‍ ജി.എല്‍.പി സ്കൂളിനു മന്ത്രിയുടെ അംഗീകാരം. ഇതിന്റെ ഭാഗമായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് തന്റെ വികസന നിധിയില്‍ നിന്നു സ്കൂളിനു 25 ലക്ഷം രൂപ അനുവദിച്ചു. കിനാനൂര്‍ കരിന്തളം പഞ്ചായത്തും അഞ്ചു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
പരിമിതികള്‍ക്കിടയിലും മികച്ച പ്രവര്‍ത്തനമാണു കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്കൂള്‍ കാഴ്ച വച്ചത്. രണ്ടു വര്‍ഷമായി മികവുത്സവത്തില്‍ വിജയികളാകാന്‍ ഈ പൊതുവിദ്യാലയത്തിനു കഴിഞ്ഞു. സംസ്ഥാന ഐ.എസ്.എം സെമിനാറിലും സ്കൂളായിരുന്നു വിജയികള്‍.
അസൗകര്യങ്ങളില്‍ വീര്‍പ്പു മുട്ടുന്ന സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി പൊതുവിദ്യാലയങ്ങളുടെ ശാക്തീകരണമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണു തുക അനുവദിച്ചത്.
കെട്ടിട നിര്‍മാണത്തിനാണു പഞ്ചായത്ത് അനുവദിച്ച തുക വിനിയോഗിക്കുക. സ്കൂളിനു ലഭിച്ച അംഗീകാരമായാണു ഇതിനെ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും നാട്ടുകാരും കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."