അപകടക്കെണിയൊരുക്കി ആണൂര്‍ പാലം
കാലിക്കടവ്: കൈവരികള്‍ പൂര്‍ണമായും തകര്‍ന്നതോടെ അപകടക്കെണിയൊരുക്കി ദേശീയപാതയിലെ ആണൂര്‍ പാലം. ശ്രദ്ധയൊന്നു പാളിയാല്‍ വാഹനങ്ങള്‍ കുഴിയിലേക്കു മറിയുമെന്നതാണു സ്ഥിതി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കാര്‍ തോട്ടിലേക്കു മറിഞ്ഞു രണ്ടുപേര്‍ക്ക് പരുക്കേറ്റതാണ് ഏറ്റവും ഒടുവിലുണ്ടായ അപകടം. എറണാകുളം സ്വദേശികളായ നാസര്‍ ( 30), അഫ്ത്താബ് (32) എന്നിവര്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇവിടെ ഇരുപതോളം വാഹനങ്ങള്‍ തോട്ടിലേക്കോ സമീപത്തെ കുഴികളിലേക്കോ മറിഞ്ഞിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. കൈവരികള്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് പ്രദേശവാസികളില്‍ ചിലര്‍ താല്‍ക്കാലിക കൈവരികള്‍ നിര്‍മിച്ചിരുന്നുവെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ അതും നശിച്ചു. പാലത്തിനു മുകളില്‍ പാതയ്ക്കു വീതി നന്നേ കുറവാണ്. നേരത്തെ കൈവരികള്‍ ഉണ്ടായ സ്ഥലമെല്ലാം ഇപ്പോള്‍ കാടുകയറി കിടക്കുകയാണ്.
വാഹനങ്ങള്‍ ചീറിപ്പായുന്നതിനിടയില്‍ കാല്‍നടയാത്രക്കാര്‍ക്കു പാലം കടക്കണമെങ്കില്‍ നന്നേ പാടുപെടണം. അതേസമയം പാലത്തിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ടു വലിയ ആശങ്കകളും ഉയരുന്നുണ്ട്.
കാലപ്പഴക്കത്താല്‍ പാലത്തിന്റെ അടിവശത്ത് സ്ലാബുകള്‍ ഇളകിത്തുടങ്ങിയ നിലയിലാണ്. വടക്കുവശത്തു വളര്‍ന്നു നില്‍ക്കുന്ന ആല്‍മരമാണു മറ്റൊരു ഭീഷണി. ഈ മരത്തിന്റെ വേരുകള്‍ സ്ലാബിനുള്ളിലേക്കു കയറിനില്‍ക്കുന്നതു കാണാം.
ഇവിടെ സ്ലാബ് ഇളകി വീണ് ഇരുമ്പു കമ്പികള്‍ പുറത്തേക്കു തള്ളി നില്‍കുകയാണ്. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പാലത്തിന് വലിയകുലുക്കം അനുഭവപ്പെടുന്നതായി സമീപവാസികള്‍ പറയുന്നു. ജില്ലാതിര്‍ത്തിയില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്കു സ്വാഗതമോതിയുള്ള ബോര്‍ഡുകള്‍ പോലും കാടിനുള്ളിലാണ്. അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."