മുള്ളൂര്‍ക്കര പീഡനം; ബി.ജെ.പിയുടെ വര്‍ഗീയ വല്‍ക്കരണം അപലപനീയം: പഞ്ചായത്ത് പ്രസിഡന്റ്
വടക്കാഞ്ചേരി: മുള്ളൂര്‍ക്കര മണ്ണുവെട്ടത്ത് ദലിത് കുടുംബാംഗമായ വയോധികക്ക് നേരെ നടന്ന പീഡനത്തില്‍ തനിക്ക് എതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും, അങ്ങേയറ്റം അപലപനീയവുമാണെന്ന് മുള്ളൂര്‍ക്കര പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ സലാം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാവപ്പെട്ട കുടുംബത്തിന് നേരെ നടന്ന ആക്രമണവും, പീഡനവും ആര്‍ക്കും അംഗീകരിക്കാനാവില്ല.
പീഡനം നടന്നുവെന്ന വിവരം അറിഞ്ഞപ്പോള്‍ തന്നെ ഇവര്‍ക്ക് പരിചരണം ഉറപ്പാക്കാനും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ശ്രമം നടത്തുകയാണ് ചെയ്തത്. ചേലക്കര നിയോജക മണ്ഡലം ഒ.ഡി.എഫ് പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് താന്‍ ഈ വിവരം അറിയുന്നത്. ഉടന്‍ തന്നെ കുടുംബാംഗങ്ങളെ വിളിച്ച് ചികിത്സ തേടാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഔദ്യോഗിക ചടങ്ങുകള്‍ പൂര്‍ത്തിയാക്കി അഞ്ച് മണിയോടെ താന്‍ തിരിച്ചെത്തിയ ഉടന്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പീഡനത്തിനിരയായ സ്ത്രീ വീട്ടിലുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു.
ഇവിടെയെത്തി കാര്യമന്വേഷിച്ചപ്പോഴാണ് ജില്ലാ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്ത വിവരവും, ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയ വിവരവും അറിയുന്നത്. ഉടന്‍ തന്നെ ഇവരെ വിദഗ്ദ ചികിത്സക്ക് മെഡിയ്ക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു. ആംബുലന്‍സ് ഏര്‍പ്പാടാക്കി കൊടുത്തതും താനാണ്. എന്നിട്ടും തനിക്കെതിരെ കുപ്രചരണം നടക്കുകയാണ്.
നിര്‍ഭാഗ്യകരമായ സംഭവത്തിന്റെ പേരില്‍ ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമം നടത്തുന്നത്. വര്‍ഗീയ ധ്രുവീകരണമാണ് സംഘടനയുടെ ലക്ഷ്യം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പഞ്ചായത്ത് തലത്തില്‍ ശക്തമായ നടപടികള്‍ കൈകൊള്ളുമെന്നും സലാം അറിയിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി രാധാകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ പി.ആര്‍ രതീഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."