എന്‍.സി.സി തത്‌സൈനിക് ക്യാംപ്: ശരത് ശശി തെരഞ്ഞെടുക്കപ്പെട്ടു
തൊടുപുഴ: ഡല്‍ഹിയില്‍ നടക്കുന്ന എന്‍.സി.സി തത്‌സൈനിക് ക്യാമ്പിലേക്ക് തൊടുപുഴ ന്യൂമാന്‍ കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി ശരത് ശശി തെരഞ്ഞെടുക്കപ്പെട്ടു.
കോഴിക്കോട് നടന്ന ഇന്റര്‍ഗ്രൂപ്പ് മത്സരത്തില്‍ ഹെല്‍ത്ത് ആന്റ് ഹൈജീന്‍, ജഡ്ജിങ് ഡിസ്റ്റന്റ്‌സ് ഇനങ്ങളില്‍ സ്വര്‍ണ്ണം നേടിയാണ് ശരത് ക്യാംപിലേക്ക് അര്‍ഹത നേടിയത്.
കേരള-ലക്ഷദ്വീപ് മേഖലയെ പ്രതിനിധീകരിച്ചാണ് ശരത് തെരഞ്ഞെടുക്കപ്പെട്ടത്. 30 വരെയാണ് ക്യാംപ്.
'ഐസ് ' മികവിന്റെ വിദ്യാഭ്യാസ പദ്ധതിയ്ക്ക് ഇടുക്കിയില്‍ തുടക്കം
ചെറുതോണി: ഇന്ത്യയിലാദ്യമായി ഒരു പാര്‍ലമെന്റ് മണ്ഡലത്തിനായി പ്രത്യേകം തയ്യാറാക്കപ്പെട്ട സമഗ്ര വിദ്യാഭ്യാസ പദ്ധതിയ്ക്ക് ഇടുക്കിയില്‍ തുടക്കം. ഇടുക്കിയുടെ ശാക്തീകരണത്തിനായി വിദ്യാഭ്യാസ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കപ്പെട്ട ഐസ് എന്ന മികവിന്റെ വിദ്യാഭ്യാസ പദ്ധതി മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട 74 സ്‌കൂളുകളില്‍ ഇന്നലെ ആരംഭിച്ചു.
നിയമസഭാംഗങ്ങളും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും സാഹിത്യകാരന്‍മാരും വിവിധ സ്‌കൂളുകളില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇടുക്കി എംപി യുടെ സ്വപ്ന പദ്ധതി എന്ന നിലയില്‍ വരും തലമുറയുടെ വക്താക്കളായ വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളും അധ്യാപക സമൂഹവും ഒന്നടങ്കം പദ്ധതിയെ സ്വീകരിച്ചു. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ മിടുക്കരായ വിദ്യാര്‍ഥികളെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി ഉന്നത സ്ഥാനങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനുള്ള ഐസ് പരിശീലന പദ്ധതി അടുത്ത വര്‍ഷം മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി പറഞ്ഞു.
പാര്‍ലമെന്റ് മണ്ഡലം തലത്തില്‍ നടന്ന ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ. കോതമംഗലം സെന്റ് അഗസ്റ്റ്യന്‍ സ്‌കൂളില്‍ നിര്‍വ്വഹിച്ചു.
വണ്ടണ്ടന്‍മേട് എം.ഇ.എസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഐ സ് പ്രോജക്ടിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി റെജി അംഗങ്ങളായ കുട്ടികള്‍ക്ക് ഐ.ഡി കാര്‍ഡ് നല്‍കി നിര്‍വഹിച്ചു. മണക്കാട് എന്‍എസ്എസ് എച്ച്എസ്എസില്‍ ഗ്രാമപഞ്ചായത്തംഗം ബി ബിനോയ് പദ്ധതി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി പത്മകുമാര്‍ അധ്യക്ഷനായി.
74 സ്‌കൂളുകളിലും പ്രധാന അധ്യാപകരും ഐസ് കോ-ഓര്‍ഡിനേറ്റര്‍മാരും വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറും, ഡി.ഇ.ഒ., എ.ഇ.ഒ. മാരും ചേര്‍ന്നാണ് പദ്ധതി ഉദ്ഘാടനത്തിന് നേതൃത്വം നല്‍കിയത്. 60 മണിക്കൂര്‍ പരിശീലനം ആദ്യഘട്ടത്തില്‍ 4500 വിദ്യാര്‍ത്ഥികള്‍ക്കാണ് നല്‍കുന്നത്.
ഒന്നും മൂന്നും ശനിയാഴ്ചകളിലാണ് ഓരോ സ്‌കൂളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്. ഇടുക്കി ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മറ്റിയ്ക്കാണ് പരിശീലന പദ്ധതിയുടെ മേല്‍നോട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."