ആകാശ ഊഞ്ഞാല്‍: സുരക്ഷ ഉറപ്പുവരുത്തണമെന്ന് കലക്ടര്‍
കോട്ടയം: ആഘോഷങ്ങളോട് അനുബന്ധിച്ച് പ്രാദേശികതലത്തില്‍ ആകാശ ഊഞ്ഞാല്‍ പോലുളള വിനോദോപാധികള്‍ക്ക് അനുമതി നല്‍കുമ്പോള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തണമെന്നു കലക്ടര്‍. ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടര്‍. സുരക്ഷാ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കാത്ത നടത്തിപ്പുകാരുടെ ഇത്തരത്തിലുളള സംരംഭങ്ങള്‍ക്ക് അനുമതി നല്‍കിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നു കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
ശബരില തീര്‍ഥാടനകാലത്ത് എരുമേലിയിലെത്തുന്ന ഭക്തര്‍ക്കു പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ദേവസ്വം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ എരുമേലിയില്‍ പ്രത്യേക യോഗം ചേരുമെന്നും കലക്ടര്‍ അറിയിച്ചു.
ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപണി പൂര്‍ത്തിയാക്കുന്നതിന് ഉടന്‍ നടപടിയെടുക്കുമെന്ന് പൊതുമരാത്ത് നിരത്ത് വിഭാഗം അധികൃതര്‍ യോഗത്തെ അറിയിച്ചു. പ്രൊഫ. എന്‍. ജയരാജ് എം.എല്‍.എയാണ് പ്രശ്‌നം യോഗത്തില്‍ ഉന്നയിച്ചത്.
കോട്ടയം നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാനുളള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നു കലക്ടര്‍ ജല അതോറിറ്റി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി പ്രത്യേക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനും ജലസംഭരണി നിര്‍മിക്കുന്നതിനും പദ്ധതി തയ്യാറാക്കി വരികയാണെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു.
വെളിയിട വിസര്‍ജ്യ വിമുക്ത (ഒ.ഡി.എഫ്) പദ്ധതി പൂര്‍ത്തിയാകുന്നതിന് എല്ലാ ഗ്രാമ പഞ്ചായത്തകളും സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്നു കലക്ടര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്ന പഞ്ചായത്തുകളിലെ പുരോഗതി എല്ലാ ദിവസവും വിലയിരുത്തി പദ്ധതി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ കലക്ടര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."