ഇടപ്പള്ളിയിലെ പുതിയ ട്രാഫിക് പരിഷ്‌ക്കാരം വിവാദമായി; തുറന്ന ക്രോസിങ് അടച്ചു
കളമശ്ശേരി: ഇടപ്പള്ളിയിലെ പുതിയ ട്രാഫിക് പരിഷ്‌ക്കാരം വിവാദമായി. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ ഗതാഗതത്തിനായി തുറന്നുകൊടുത്ത ടോള്‍ ജങ്ഷനിലെ ക്രോസിങ് ഒരു മണിക്കൂറിനുള്ളില്‍ പൊലിസ് തന്നെ അടച്ചുകെട്ടി.
ശനിയാഴ്ച്ച രാവിലെ ആലുവ ഭാഗത്തേക്ക് മാത്രമാണ് ക്രോസിങ് തുറന്നുകൊടുത്തിരുന്നത്. എന്നാല്‍ പുക്കാട്ടുപടി ഭാഗത്തേക്കുളള വാഹനങ്ങള്‍ക്ക് കൂടി ക്രോസിങ് നല്‍കണമെന്ന ആവശൃവുമായി സി.പി.എം നേതൃത്വത്തില്‍ എത്തിയവര്‍ ബാരിക്കേടുകള്‍ എടുത്തുമാറ്റി എറണാകുളം ഭാഗത്തു നിന്നുളള വാഹനങ്ങള്‍ തിരിച്ചു വിടാന്‍ തുടങ്ങി. ഇതോടെ ഗതാഗതകുരുക്ക് രൂക്ഷമായി.
തുടര്‍ന്ന് പൊലിസ് തന്നെ ഗതാഗതത്തിനായി തുറന്ന ക്രോസിങ് പോലീസ് ഒരു മണിക്കൂറിനകം അടക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇടപ്പള്ളിയിലെ അശാസ്ത്രീയ ട്രാഫിക് പരിഷ്‌ക്കരണം മാറ്റണമെന്നും ടോള്‍ ജംങ്ഷനിലെ ക്രോസിങ് തുറക്കണമെന്നും ആവശ്യപ്പെട്ട് സമരം സംഘടിപ്പിച്ചിരുന്നു. ഇടപ്പള്ളി മേല്‍പ്പാലം വന്നതോടെ കുറയുമെന്ന് കരുതിയ ഗതാഗത കുരുക്ക് ടോള്‍ കവലയില്‍ രൂക്ഷമായിരിക്കുകയാണ്.
മേല്‍പ്പാലം വരുന്നതോടെ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ പണി തുടങ്ങുന്നതിനു മുന്‍പേ പലരും ഉന്നയിച്ചതാണ്. കൃത്യമായ വീക്ഷണമില്ലാതെ മേല്‍പ്പാലം തുറന്നതുകൊണ്ട് ഉദ്ദേശിച്ച ഗുണം ലഭിച്ചിട്ടില്ല.
വെള്ളിയാഴ്ച്ച കലക്ട്രേറ്റില്‍ ട്രാഫിക് വിഭാഗവും കളമശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസ്സി പീറ്ററും അടക്കമുള്ളവര്‍ നടത്തിയ ചര്‍ച്ചയിലാണ് ക്രോസിങ് തുറന്നുകൊടുക്കാന്‍ തീരുമാനമായത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് രാവിലെ മുതല്‍ സ്ഥലത്ത് പൊലിസ് കാവലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."