ബധിരോത്സവം 25ന്
കൊച്ചി: എറണാകുളം ജില്ലാ ബധിര അസോസിയേഷന്‍ ഞായറാഴ്ച തൃപ്പൂണിത്തുറ കൂത്തമ്പലത്തില്‍ ബധിരോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ പത്തിന് എം.സ്വരാജ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും.
ജില്ലാ ചെയര്‍മാന്‍ പി.എച്ച്.എം ത്വല്‍ഹത്ത് അധ്യക്ഷത വഹിക്കും. ഡി.ജി.പി ആന്‍ഡ് ഡയറക്ടര്‍ ഓഫ് കോസ്റ്റല്‍ പൊലിസ് കേരള ബി.സയ്യിദ് മുഹമ്മദ് യാസീന്‍ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ പരശുവയ്ക്കല്‍ മോഹനന്‍ ധനസഹായം വിതരണം ചെയ്യും. തുടര്‍ന്ന് കലാ പരിപാടികള്‍ അരങ്ങേറും.
ബധിര മൂക വിഭാഗങ്ങളിലുള്ളവര്‍ സമൂഹത്തില്‍ ഇടപെടുമ്പോഴുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് വീഡിയോ കോള്‍ സെന്റര്‍ സ്ഥാപിക്കണം, സര്‍ക്കാര്‍ ജോലികളില്‍ ബധിര മൂക വിഭാഗത്തിലുള്ളവര്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തണം, ബധിര മൂക വിഭാഗക്കാര്‍ക്കായി സര്‍ക്കാര്‍ സംവിധാനത്തില്‍ സ്‌കൂളുകള്‍ ആരംഭിക്കണം, സ്പീച്ച് തെറാപ്പി സിലബസില്‍ ഉള്‍പ്പെടുത്തണം, ദിവസം അരമണിക്കൂര്‍ ആംഗ്യഭാഷയില്‍ വാര്‍ത്താവതരണം നടത്താന്‍ ചാനലുകള്‍ മുന്‍കൈയെടുക്കണം, ബധിരമൂക വിഭാഗത്തിലുള്ളവരുടെ വികലാംഗ പെന്‍ഷന്‍ ഉയര്‍ത്തണം, വീടും സ്ഥലവും ഇല്ലാത്തവര്‍ക്ക് അത് അനുവദിക്കണം തുടങ്ങീ ആവശ്യങ്ങള്‍ സംഘടന ഉന്നയിച്ചു.
എറണാകുളം ജില്ലാ ബധിര അസോസിയേഷന്‍ ചെയര്‍മാന്‍ പി.എച്ച്.എം ത്വല്‍ഹത്ത്, വര്‍ക്കിങ് പ്രസിഡന്റ് വി.പി ജയങ്കര്‍, ജനറല്‍ സെക്രട്ടറി സി ഗിരിജ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."