അതിവേഗം സര്‍വിസിനൊരുങ്ങാന്‍ കണ്ണൂര്‍ വിമാനത്താവളം
കണ്ണൂര്‍:മുഖ്യമന്ത്രി നിശ്ചയിച്ച കാലവധിയായ മാര്‍ച്ച് 31നകം പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കണ്ണൂര്‍ വിമാനത്താവളം ഒരുങ്ങുന്നു. 2300 തൊഴിലാളികളാണു രാപകല്‍ ഭേദമന്യേ മട്ടന്നൂരിലെ പദ്ധതി പ്രദേശത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ബാക്കിയുള്ള റണ്‍വേയിലെ മണ്ണ് നിരപ്പാക്കല്‍ പ്രവൃത്തി പുനരാരംഭിക്കാന്‍ ഈ മാസം ലക്ഷ്യമിട്ടെങ്കിലും മഴ തുടര്‍ന്നതു തിരിച്ചടിയായി. എങ്കിലും അതിവേഗം പുരോഗമിക്കുകയാണ്. റണ്‍വേയുടെ 85 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി.
ഫെബ്രുവരി അവസാനം പ്രവൃത്തി പൂര്‍ത്തീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. കഴിഞ്ഞ ഓഗസ്റ്റ് ഏഴിനു മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകന യോഗത്തിലാണു മാര്‍ച്ച് 31നു പ്രവൃത്തി തീര്‍ക്കണമെന്നു നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ ഫെബ്രുവരി 29നു 2400 മീറ്റര്‍ നീളത്തിലുള്ള റണ്‍വേയിലാണു പരീക്ഷണ പറക്കല്‍ നടത്തിയത്. വായുസേനയുടെ കോഡ് 2 ബി വിമാനമാണു പൂര്‍ത്തിയായ റണ്‍വേയില്‍ വിജയകരമായി ലാന്‍ഡ് ചെയ്തത്. നിശ്ചയിച്ച 3050 മീറ്റര്‍ റണ്‍വേ പൂര്‍ത്തിയായി. പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ റണ്‍വേ 3400 മീറ്ററായി നീട്ടാന്‍ 12 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കണം. പഴശ്ശി വില്ലേജിലെ കല്ലേരിക്കര ഭാഗത്ത് സ്ഥലമെടുക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ റണ്‍വേ 4000 മീറ്ററാക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിച്ചിരുന്നു. ഇതിനു കാനാട് ഭാഗത്ത് 150 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കാന്‍ മുഖ്യമന്ത്രി ജില്ലാ കലക്ടര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ 230 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോള്‍ നൂറോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരും.
വിമാനത്താവള ടെര്‍മിനലില്‍ ഗ്രാനൈറ്റ്, ടൈല്‍സ് പ്രവൃത്തികളാണു ഇപ്പോള്‍ നടക്കുന്നത്. ചുമര്‍ സീലിങ്, വയറിങ്, എ.സി, ഡാറ്റാ കേബിള്‍, പ്ലംബിങ് പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. 2000 യാത്രക്കാരെ ഒരേസമയം വഹിക്കാനുള്ള ടെര്‍മിനല്‍ കോംപ്ലക്‌സാണ് ഒരുങ്ങുന്നത്. അഞ്ചു വിമാനങ്ങള്‍ വരെ ഒരുമിച്ചെത്തിയാല്‍ യാത്രക്കാര്‍ക്കു സുഗമമായി പുറത്തിറങ്ങാന്‍ കഴിയും.
ടെര്‍മിനലിലേക്കുള്ള റോഡുകളുടെ പ്രവൃത്തിയും വൈകാതെ പൂര്‍ത്തിയാകും. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ നിര്‍മാണവും 90 ശതമാനം പൂര്‍ത്തിയായി. ഗ്ലാസ് ഫിറ്റിങ് പ്രവൃത്തിയാണ് ഇനി ബാക്കിയുള്ളത്. 20 വിമാനങ്ങള്‍ നിര്‍ത്തിയിടാനുള്ള ഏപ്രണ്‍ നേരത്തെ പൂര്‍ത്തിയായിട്ടുണ്ട്. ഇതിന് 853 മീറ്റര്‍ നീളവും 156 മീറ്റര്‍ വീതിയുമാണുള്ളത്. പാര്‍ക്കിങ് ഏരിയാ നിര്‍മാണം നവംബറിലോ ഡിസംബര്‍ ആദ്യവാരമോ പൂര്‍ത്തിയാകും. ഇതോടെ 700 കാറുകളും 25 ബസുകളും നിര്‍ത്താന്‍ സൗകര്യമുണ്ടാകും.
വിമാനത്താവളത്തിലേക്ക് ആവശ്യമുള്ള അനുബന്ധ സാമഗ്രികളെല്ലാം എത്തിച്ചിട്ടുണ്ട്. മൂന്ന് എയ്‌റോബ്രിഡ്ജ്, 15 ലിഫ്റ്റ്, ഒന്‍പത് എസ്‌കലേറ്റര്‍ എന്നിവയാണ് എത്തിച്ചത്. ആവശ്യമായ വെള്ളം വാട്ടര്‍ അതോറ്റിറ്റിയാണു നല്‍കുക.
ഇതിനായി കിയാല്‍ പത്തുകോടി രൂപ വാട്ടര്‍ അതോറിറ്റിക്കു നല്‍കിയിട്ടുണ്ട്. വൈദ്യുതി എത്തിക്കാന്‍ കെ.എസ്.ഇ.ബി സബ് സ്‌റ്റേഷനും പൂര്‍ത്തിയായി. രണ്ടുമാസത്തിനകം ലൈന്‍ വലിക്കല്‍ പ്രവൃത്തി പൂര്‍ത്തിയാക്കും. പ്രവര്‍ത്തനം തുടങ്ങുന്നതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂമിയുള്ള വിമാനത്താവളമായി കണ്ണൂര്‍ മാറും. നിലവില്‍ ഏറ്റവും കൂടുതല്‍ ഭൂമിയുള്ള കൊച്ചി വിമാനത്താവളം സ്ഥിതി ചെയ്യുന്നതു 1400 ഏക്കറിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."