ഒഴിവുകള്‍ നികത്തണമെന്ന ഉത്തരവ് കാറ്റില്‍പറത്തി ലീഗല്‍ മെട്രോളജി വകുപ്പ്
മലപ്പുറം: ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നിലവിലുള്ള 27 ഒഴിവുകളില്‍ പി.എസ്.എസിക്ക് റിപ്പോര്‍ട്ട് ചെയ്തത് കേവലം ഒന്‍പത് എണ്ണം മാത്രം. എന്നാല്‍, ഇതിനെ സംബന്ധിച്ചുള്ള വിവരാവകാശ രേഖകളിലാകട്ടെ, ഉദ്യോഗാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കും വിധത്തിലുള്ള മറുപടികളാണ് വകുപ്പ് നല്‍കുന്നത്. ആകെയുള്ള 27 ഒഴിവുകളില്‍ ഒന്‍പത് എണ്ണം മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്ന് പറയുമ്പോഴും ബാക്കിയുള്ളവ റിപ്പോര്‍ട്ട് ചെയ്യാത്തതിന് വ്യക്തമായ കാരണം പറയുന്നില്ല. പരിഗണനയിലുള്ള സ്‌പെഷല്‍ റൂള്‍ നിലവില്‍ വരാത്തതാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനു കാരണമെന്നാണ് അനൗദ്യോഗിക മറുപടി. എന്നാല്‍, വരാനിരിക്കുന്ന ഒരു സ്‌പെഷല്‍ റൂളിനുവേണ്ടി നിലവിലുള്ള ഒഴിവുകള്‍ തടഞ്ഞുവയ്ക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് നിയമവിദഗ്ധര്‍ ആരോപിക്കുന്നു.
അതേസമയം, വകുപ്പ് പറയുന്ന പരിഗണനയിലുള്ള സ്‌പെഷല്‍ റൂളിനെ സംബന്ധിച്ച് വ്യാപകമായ പരാതി ഉയര്‍ന്നിരിക്കുകയാണ്. ഈ റൂള്‍ നിലവില്‍ വരികയാണെങ്കില്‍ അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ ഉദ്യോഗാര്‍ഥികളെ കൂടുതല്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, ഇതിലൂടെ സാധാരണക്കാരായ ജീവനക്കാര്‍ക്ക് കുറുക്കുവഴിയില്‍ ഇന്‍സ്‌പെക്ടര്‍ തസ്തികപോലുള്ള പ്രധാന്യമേറിയ തസ്തികളിലേക്ക് കയറാനുള്ള അവസരം സ്യഷ്ടിക്കുകയാണ് ചെയ്യുകയെന്നും ആക്ഷേപമുണ്ട്.
ഈ റൂള്‍ അനുസരിച്ച് ഒരു ജീവനക്കാരനെ ഏഴാംക്ലാസ് യോഗ്യതമാത്രം ആവശ്യമായ ക്ലാസ് ഫോര്‍ തസ്തികയില്‍ പ്രവേശിപ്പിക്കുകയും തസ്തിക മാറ്റംവഴി ഓഫിസ് അറ്റന്ററായും പ്രമോഷന്‍ വഴി ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റായും നിയമിക്കാം. ഈ ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റിനെ പിന്നീട് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ എത്തിക്കുന്നതോടെ ഏഴാം ക്ലാസ് യോഗ്യത മാത്രമുള്ള ഒരു വ്യക്തിക്ക് ലീഗല്‍ മെട്രോളജി പോലുള്ള സാങ്കേതിക ജ്ഞാനം ആവശ്യമുള്ള തസ്തികയില്‍ എത്തിപ്പെടാന്‍ കഴിയുമെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.
അതേസമയം, ലീഗല്‍ മെട്രോളജിയിലെ എല്ലാ ഒഴിവുകളും പത്തു ദിവസത്തിനകം പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ തീരുമാനപ്രകാരമുള്ള, അടുത്ത ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള പ്രതീക്ഷിത ഒഴിവുകള്‍ പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നുമുള്ള ഉത്തരവ് കണ്ടില്ലെന്ന് നടിച്ചാണ് വകുപ്പ് അധികൃതര്‍ ഈ ഒഴിവുകള്‍ നീട്ടികൊണ്ടു പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."