ഉറി: യുദ്ധക്കുറ്റമായി കണ്ട് തിരിച്ചടിക്കണമെന്ന് ബി.ജെ.പി
കോഴിക്കോട്: ഭീകരതക്കെതിരേയുള്ള പോരാട്ടത്തില്‍ സൈന്യത്തിന് പിന്തുണ നല്‍കണമെന്ന് ബി.ജെ.പി. ഉറിയിലെ ഭീകരാക്രമണം പാകിസ്താന്റെ നേതൃത്വത്തില്‍ ഭീകരര്‍ നടത്തിയ യുദ്ധക്കുറ്റമായി കണ്ട് തിരിച്ചടിക്കാനും കോഴിക്കോട്ടു സമാപിച്ച ബി.ജെ.പി ദേശീയ കൗണ്‍സില്‍ സമ്മേളനം ആഹ്വാനം ചെയ്തു. ദേശീയ കൗണ്‍സിലില്‍ അധ്യക്ഷന്‍ അമിത് ഷായാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. ഭീകരതക്കെതിരായ യുദ്ധത്തില്‍ സൈന്യത്തിന് രാജ്യനിവാസികളും പ്രതിപക്ഷവും പിന്തുണ നല്‍കണമെന്നും അമിത്ഷാ അവതരിപ്പിച്ച പ്രമയത്തില്‍ പറഞ്ഞു.
കശ്മിരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താമെന്ന് ആരും ദിവാസ്വപ്നം കാണേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭീകരവാദം ഏതെങ്കിലും ഒരു രാജ്യത്തിന്റെ പിന്തുണയോടെ ആണ് നടക്കുന്നതെങ്കില്‍ അതിനെ യുദ്ധകുറ്റമായേ കാണാന്‍ പറ്റൂ. പാകിസ്താന്‍ ഭീകരവാദത്തെ പരസ്യമായി പിന്‍തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ്.
ഉറി ആക്രണത്തിന് പുറമെ കശ്മിരില്‍ അടുത്തിടെ നടന്ന വിഘടനവാദ സമരവും പാകിസ്താന്റെ പിന്തുണയോടെയാണ്. ഇത്തരം ആക്രമണങ്ങള്‍ക്കെതിരേ ശക്തമായ തിരിച്ചടി നല്‍കണം.
പാകിസ്താന്‍ ലോകത്ത് പരസ്യമായി ഭീകരവാദത്തെ പിന്തുണക്കുന്നുവെന്ന് പ്രധാനമന്ത്രി നവാസ് ശരീഫ് യു.എന്നില്‍ നടത്തിയ പ്രസംഗം വ്യക്തമാക്കുന്നു. ഐക്യരാഷ്ട്രസഭ ഭീകരസംഘടനയായി പ്രഖ്യാപിച്ച ഹിസ്ബുല്‍ മുജാഹിദീന്‍ സംഘടനയുടെ ഒരു പ്രവര്‍ത്തകനെ നവാസ് ശരീഫ് സാധു മനുഷ്യന്‍ എന്നാണ് ന്യായീകരിച്ചത്. ലോകരാഷ്ട്രങ്ങള്‍ അതിശയത്തോടെയാണ് ഇതുശ്രവിച്ചത്. ഉറി ഭീകരാക്രമണത്തിന് ഒത്താശചെയ്ത രാജ്യത്തോടു ഇന്ത്യയിലെ ജനങ്ങള്‍ക്ക് കടുത്ത രോഷമുണ്ട്. ഇത് വെറുമൊരു രോഷമല്ല. മറിച്ച് നമ്മുടെ അയല്‍രാജ്യം നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന നിന്ദ്യവും ഭീരുത്വം നിറഞ്ഞതുമായ പ്രവൃത്തിയോടുള്ള എതിര്‍പ്പാണ്. ഭീകരവാദത്തിനെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ബി.ജെ.പിക്കുള്ളത്. ഉറി ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കും.
ഉറി സംഭവത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ക്ക് ഫലമുണ്ടായിട്ടുണ്ട്. പാകിസ്താന്റെ യഥാര്‍ഥ മുഖം അന്താരാഷ്ട്ര തലത്തില്‍ തുറന്നുകാട്ടാന്‍ ഇന്ത്യക്കു സാധിച്ചു. പാകിസ്താനുമായി എത്ര നീണ്ട യുദ്ധമുണ്ടായാലും അന്തിമ വിജയം ഇന്ത്യക്കായിരിക്കും.
മോദി സര്‍ക്കാരിന് മികച്ച പ്രതിച്ഛായയാണെന്നും അമിത് ഷാ പറഞ്ഞു. രണ്ടരവര്‍ഷം പിന്നിട്ടിട്ടും സര്‍ക്കാരിനെതിരേ ഒരു അഴിമതി ആരോപണം പോലും ഉയര്‍ന്നില്ല. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം ബി.ജെ.പി വിജയം കൈവരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."