അഷ്ടമിച്ചിറ - അന്നമനട റോഡ് തകര്‍ന്നു
അന്നമനട: അഷ്ടമിച്ചിറ - അന്നമനട പൊതുമരാമത്ത് റോഡ് മഴയില്‍ തകര്‍ന്നു. പത്ത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ അധിക ഭാഗവും കുണ്ടും കുഴികളും നിറഞ്ഞ് ഗതാഗതം ദുഷ്‌കരമായിരിക്കുകയാണ്.ജലനിധി പദ്ധതിക്കായി ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് റോഡ് വെട്ടി പൊളിച്ചതാണ് തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്.
അഷ്ടമിച്ചിറ പുളിയിലക്കുന്ന് മുതല്‍ അന്നമനട കല്ലൂര്‍ വരെ റോഡ് കുണ്ടും കുഴികളും നിറഞ്ഞ് വാഹന യാത്ര ദുരിതം നിറഞ്ഞതായി തീര്‍ന്നിരിക്കുകയാണ്. ജല അതോറിറ്റിയുടെ പുളിയിലക്കുന്നിലെ ജലസംഭരണി മുതല്‍ വൈന്തലയിലെ ജലശുദ്ധീകരണ കേന്ദ്രം വരെയാണ് ജലവിതരണ പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്.ഇതിനായി റോഡിന്റെ ഒരു വശം പൊളിച്ചിട്ട് ഒരു വര്‍ഷമാകാറായി. റോഡിന്റെ പൊളിച്ച ഭാഗങ്ങളില്‍ മെറ്റലിങ്ങ് നടത്തിയെങ്കിലും ടാറിങ് നടത്തിയിട്ടില്ല. മഴയില്‍ മെറ്റലും മണ്ണും ഇളകി മാറിയതോടെ വാഹനങ്ങള്‍ പോകുന്നത് പ്രയാസകരമായിരിക്കുകയാണ്. ടി.എന്‍ പ്രതാപന്‍ എം.എല്‍.എ ആയിരിക്കെ റോഡ് വികസനത്തിനായി തുക അനുവദിച്ചിരുന്നു. സംസ്ഥാന പാതയുടെ നിലവാരത്തില്‍ വീതികൂട്ടി ടാറിടാനായിരുന്നു തീരുമാനം.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. പുളിയിലക്കുന്നിലെ ഇറക്കം, ഐസ് കമ്പനി വളവ് മുതല്‍ അമ്പഴക്കാട് പള്ളി പരിസരം വരെ, പാളയംപറമ്പ്, വൈന്തല സ്‌കൂള്‍ പരിസരം, കല്ലൂര്‍ എന്നിവിടങ്ങളില്‍ റോഡിന്റെ അവസ്ഥ വളരെ ശോചനീയമാണ്. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പടെ ദിനേന നൂറുകണക്കിന് വാഹനങ്ങള്‍ ഈ റോഡിലൂടെ കടന്ന് പോകുന്നുണ്ട്. അഷ്ടമിച്ചിറയില്‍ നിന്ന് അന്നമനടയിലേക്കും അവിടെ നിന്ന് ചാലക്കുടി, ആലുവ, നെടുമ്പാശ്ശേരി എന്നീ സ്ഥങ്ങളിലേക്കും എത്താനുള്ള ഏക റോഡാണിത്. എന്നിട്ടും റോഡിന്റെ ശോച്യാവസ്ഥ പരിഹാരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."