'വനം ജീവനക്കാര്‍ക്ക് സ്വയംരക്ഷാ ആയുധം അനുവദിക്കണം'
കാട്ടിക്കുളം: വനാന്തര്‍ഭാഗങ്ങളില്‍ സംരക്ഷണ ജോലിയിലേര്‍പ്പിട്ടിരിക്കുന്ന വന സംരക്ഷണ ജീവനക്കാര്‍ക്കു സ്വയംരക്ഷക്കുള്ള ആയുധവും മറ്റു ആധുനിക സംവിധാനങ്ങളും അടിയന്തരമായി അനുവദിക്കണമെന്ന് ഒ.ആര്‍ കേളു എം.എല്‍.എ. ക്യത്യനിര്‍വഹണത്തിനിടെ വനത്തില്‍വച്ച് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബേഗൂര്‍ റെയ്ഞ്ചിലെ ഫോറസ്റ്റ് വാച്ചര്‍ ബൊമ്മന്റെ സംസ്‌കാരച്ചടങ്ങിനു ശേഷം നടത്തിയ അനുശോചന യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനാന്തര്‍ഭാഗങ്ങളില്‍ വന്യമൃഗങ്ങളുടേയും നായാട്ടുകാരുടേയും ആക്രമണത്തില്‍ ജീവത്യാഗം ചെയ്യേണ്ടിവന്ന സംസ്ഥാനത്തെ 14-ാമത്തെ രക്തസാക്ഷിയാണ് ബൊമ്മന്‍. ശബ്ദം പുറപ്പെടുവിക്കുന്നതിനായി ഉപയോഗിക്കാവുന്ന തോക്ക് ഉണ്ടായിരുന്നെങ്കില്‍ ഒരു ജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്നാണ് ജീവനക്കാര്‍ വിശ്വസിക്കുന്നത്.
ജീവനക്കാര്‍ക്ക് വന്യമൃഗങ്ങളെ തുരത്തുന്നതിനായി ശബ്ദം പുറപ്പെടുവിക്കുന്നതും കാട്ടുകള്ളന്‍മാരെ നേരിടുന്നതിനായി വനത്തില്‍ കൊണ്ടുനടക്കാന്‍ കഴിയുന്ന കനം കുറഞ്ഞ പിസ്റ്റള്‍ പോലുള്ള ആയുധം അനുവദിച്ച് തരണമെന്ന ആവശ്യത്തിനു നേരെ സര്‍ക്കാരും വകുപ്പ് ഉദ്യോഗസ്ഥരും പുറംതിരിഞ്ഞ സമീപനമാണ് സ്വീകരിക്കുന്നതെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
പ്രതികൂല സാഹചര്യങ്ങളില്‍ വനത്തേയും വന്യമൃഗങ്ങളേയും പ്രകൃതിയേയും സംരക്ഷിക്കുന്ന ജീവനക്കാര്‍ക്ക് ഇനിയും സുരക്ഷ ഉറപ്പുവരുത്തിയില്ലെങ്കില്‍ ജീവനക്കാര്‍ കൊഴിഞ്ഞുപോകുമെന്ന് കേരളാ ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം. മനോഹരന്‍ ചൂണ്ടിക്കാട്ടി. വന്യജീവി പ്രതിരോധ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ടി.സി ജോസ്, ജില്ലാപഞ്ചായത്ത് അംഗം എ.എന്‍ പ്രഭാകരന്‍, തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി, കേരളാ ഫോറസ്റ്റ് റെയ്‌ഞ്ചേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എ.കെ ഗോപാലന്‍, കെ.എഫ്.പി.എസ്.എ സംസ്ഥാന സെക്രട്ടറി എസ്.എന്‍ രാജേഷ്, റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍മാരായ അജ്മല്‍ അമീന്‍, എം. പദ്മനാഭന്‍, കെ.എഫ്.പി.എസ്.എ വയനാട് ജില്ലാ സെക്രട്ടറി കെ. ബീരാന്‍കുട്ടി, ജില്ലാ പ്രസിഡന്റ് കെ.കെ സുന്ദരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."