തെരുവ് നായ്ക്കളുടെ ആക്രമണം വര്‍ധിക്കുമ്പോഴും ജില്ലാ ആശുപത്രിയില്‍ കുത്തിവയ്പ്പിനുള്ള വാക്‌സിനില്ല
മാനന്തവാടി: തെരുവ്‌നായ്ക്കളുടെ ആക്രമണം ദിനംപ്രതി വര്‍ധിക്കുമ്പോഴും പ്രതിരോധത്തിനായി നല്‍കുന്ന റാബിസ് എറിഗ് വാക്‌സിന്‍ ജില്ലാ ആശുപത്രിയില്‍ ഇല്ലാത്തത് പ്രതിസന്ധികള്‍ക്കിടയാക്കുന്നു. തെരുവു നായ്ക്കളുടെ കടിയേല്‍ക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ ഐ.ഡി.ആര്‍.വി പ്രതിരോധ കുത്തിവെപ്പാണ് നല്‍കാറുള്ളത്. മറ്റു വളര്‍ത്ത് മൃഗങ്ങള്‍, കുരങ്ങ് എന്നിവയുടെ കടിയേറ്റാലും ഈ കുത്തിവെയ്പ്പ് തന്നെയാണ് നല്‍കാറുള്ളത്. എന്നാല്‍ നായയുടേത് ഉള്‍പ്പെടെ ആക്രമണത്തില്‍ സാരമായി പരുക്കേല്‍ക്കുകയും മുറിവ് പറ്റുകയും ചെയ്താല്‍ റാബിസ് എറിഗ് കുത്തിവെപ്പാണ് നല്‍കേണ്ടതെങ്കിലും ആഴ്ചകളായി ജില്ലാ ആശുപത്രിയില്‍ ഈ കുത്തിവെപ്പിനുള്ള വാക്‌സിന്‍ ഇല്ലാത്തതാണ് നിരവധി പേര്‍ക്ക് ദുരിതമായി മാറുന്നത്. മുഖമുള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ഗുരുതരമായി പരുക്കേല്‍ക്കുമ്പോള്‍ വിഷബാധ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കെത്തി രോഗിയുടെ ജീവന്‍ അപകടാവസ്ഥയിലേക്ക് നീങ്ങുന്നതിനെതിരെയുള്ള പ്രതിരോധമെന്ന നിലക്കാണ് ഈ കുത്തിവെയ്പ്പ് നല്‍കുന്നത്.
സംസ്ഥാനത്തുടനീളം തെരുവു നായ ശല്യം വര്‍ധിക്കുമ്പോഴും റാബിസ് വാക്‌സിന്‍ ജില്ലാ ആശുപത്രിയില്‍ ലഭ്യമല്ലാത്തത് അധികൃതരുടെ അനാസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇന്നലെ തൃശ്ശിലേരിയില്‍ നായയുടെ കടിയേറ്റവരില്‍ രണ്ട് പേരെ കുത്തിവെയ്പ്പിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകേണ്ടി വന്നതും ഈ കാരണം കൊണ്ട് തന്നെയാണ്. ഇത് രോഗികള്‍ക്ക് ഏറെ പ്രയാസങ്ങളാണ് വരുത്തിവെക്കുന്നത്. വാക്‌സിന്റെ വിതരണം നിലച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നാന്ന് അധികൃതരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."