ബി.ജെ.പി പ്രവര്‍ത്തകന്റെ ഓട്ടോയ്ക്ക് തീയിട്ട കേസില്‍ അന്വേഷണം ഊര്‍ജിതം സംഭവ സ്ഥലത്ത് നിന്നും നാടന്‍ ബോബുകള്‍ കണ്ടെടുത്തു
കാലിക്കടവ്: പിലിക്കോട് കരപ്പാത്ത് ബി.ജെ.പി പ്രവര്‍ത്തകന്റെ ഓട്ടോയ്ക്ക് തീയിട്ട കേസിലെ പ്രതികളെ കണ്ടെത്താന്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഓത്തുകുന്നിലെ രഞ്ജിത്തിന്റെ ഓട്ടോയാണ് കഴിഞ്ഞദിവസം രാത്രി തീയിട്ട് നശിപ്പിച്ചത്. പിലിക്കോട് ഗവ. യു.പി സ്കൂളിനു സമീപത്തെ ബി.ജെ.പി പ്രവര്ത്തകന് കെ.ടി.വി മോഹനന്റെ വീടിനു മുന്നില്‍ ഓട്ടോ നിര്‍ത്തിയിട്ട് രഞ്ജിത്ത് ബി.ജെ.പി ദേശീയ കൗണ്‍സില്‍ നടക്കുന്ന കോഴിക്കോട്ടേക്കു പോയിരുന്നു.
രാത്രി പത്തോടെയാണ് വീട്ടിലുള്ളവര്‍ ഓട്ടോയില്‍ തീ പടരുന്നതായി കണ്ടത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ചത്. ഓട്ടോയ്ക്ക് സമീപത്തു നിന്നും പൊട്ടാത്ത രണ്ടു നാടന്‍ ബോംബുകളും കണ്ടെടുത്തു. വിവരമറിഞ്ഞ് നീലേശ്വരം സി.ഐ ഉണ്ണികൃഷ്ണന്, ചന്തേര എസ്.ഐ അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി. ഇതിനിടയില്‍ കോഴിക്കോട്ടു നിന്നും മടങ്ങുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്ക് വരാനുള്ള ശ്രമം നടത്തിയെങ്കിലും പിലിക്കോട് തോട്ടംഗേറ്റില്‍ നിന്നും പൊലിസുകാര്‍ മടക്കി അയക്കുകയായിരുന്നു. അതേസമയം, പിലിക്കോട് പ്രദേശത്ത് തീവെപ്പ് സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ദിനത്തില്‍ പിലിക്കോട് വയലില്‍ അധ്യാപകന്റെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട സ്കൂട്ടര്‍ തീയിട്ട് നശിപ്പിച്ചിരുന്നു. പടുവളത്തില്‍ പോര്‍ക്കലി ഇന്‍ഡസ്ട്രീസിലും തീവെപ്പുണ്ടായിരുന്നു. ഓട്ടോ തീവച്ചു നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ കരപ്പാത്തു നിന്നും കാലിക്കടവ് വരെ പ്രകടനം നടത്തി. ടി. കുഞ്ഞിരാമന്, വെങ്ങാട്ട് കുഞ്ഞിരാമന്, പി.യു വിജയകുമാര്‍, എം ഭാസ്കരന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."