HOME
DETAILS
MAL
കെ.എസ്.ഇ.ബി: തൊട്ടിയാര്‍, ചാത്തംകോട്ട്‌നട പദ്ധതി നിര്‍മാണവും പാതിവഴിയില്‍
backup
April 23 2016 | 17:04 PM
ബാസിത് ഹസന്‍
തൊടുപുഴ: വൈദ്യുതി ബോര്‍ഡിനുകീഴില്‍ നിര്‍മാണം നടക്കുന്ന 40 മെഗാവാട്ടിന്റെ തൊട്ടിയാര്‍, ആറ് മെഗാവാട്ടിന്റെ ചാത്തംകോട്ട്‌നട പദ്ധതികളുടെ നിര്‍മാണവും പാതിവഴിയില്‍. കരാറുകാരെ ഒഴിവാക്കുന്നതിന് കെ.എസ്.ഇ.ബിക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.
ഭൂമി ഏറ്റെടുത്തുനല്‍കുന്നതില്‍ വരുത്തിയ വീഴ്ചയാണ് പദ്ധതി പാതിവഴിയിലാകാന്‍ പ്രധാന കാരണമെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍, തൊട്ടിയാറില്‍ മൂന്ന് ഹെക്ടറില്‍ താഴെ ഭൂമി മാത്രമേ ഏറ്റെടുക്കാനുള്ളൂവെന്നാണ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തൊട്ടിയാര്‍ പദ്ധതിക്ക് ആവശ്യമായ ജനറേറ്ററുകള്‍ ഉള്‍പ്പെടെ കോടികളുടെ യന്ത്രസാമഗ്രികള്‍ എത്തിച്ചിട്ടുണ്ട്. മൂലമറ്റത്താണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. പദ്ധതി നീണ്ടുപോയാല്‍ യന്ത്രസാമഗ്രികള്‍ തകരാറിലാകും. കോടികളുടെ നഷ്ടമാണ് ഇത് ബോര്‍ഡിന് ഉണ്ടാക്കുക.
ഇപ്പോഴത്തെ കരാറുകാരെ ഒഴിവാക്കുന്നതിനുള്ള ഉത്തരവ് പുറത്തിറങ്ങിയതിനാല്‍ പുതിയ ടെന്‍ഡര്‍ നടപടികളടക്കം ഇനി പൂര്‍ത്തിയാക്കേണ്ടതുണ്ട്. വടകര ആസ്ഥാനമായുള്ള ഊരാളുങ്കല്‍ ലേബര്‍ സഹകരണ സംഘത്തെ നിര്‍മാണം ഏല്‍പ്പിക്കാനും ഊര്‍ജ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ ശുപാര്‍ശയുണ്ട്. സഹകരണ സംഘത്തെ നിര്‍മാണം ഏല്‍പ്പിച്ചാല്‍ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ക്കുണ്ടാകുന്ന കാലതാമസം ഒഴിവാക്കാനാകുമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍, ജലവൈദ്യുതി പദ്ധതികളുടെ നിര്‍മാണത്തില്‍ മുന്‍പരിചയമില്ലാത്ത സഹകരണ സംഘത്തെ ജോലി ഏല്‍പ്പിച്ചാല്‍ അത് വൈദ്യുതി ബോര്‍ഡിന് ബാധ്യതയാകുമെന്നാണ് ഒരുവിഭാഗം ഉദ്യോഗസ്ഥര്‍പറയുന്നത്.
2009 ഫെബ്രുവരി മൂന്നിന് അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന എ.കെ ബാലനാണ് തൊട്ടിയാര്‍ പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തത്. ഹൈദരാബാദ് ആസ്ഥാനമായുള്ള സി.പി.പി.എല്‍ കമ്പനിയും ചൈനീസ് കമ്പനിയായ ചോങ്ചിങും ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യമാണ് കരാറുകാര്‍. 140 കോടി രൂപയായിരുന്നു ടെന്‍ഡര്‍ തുക. കരാര്‍ അനുസരിച്ച് 42 മാസം കൊണ്ട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍, കരാറില്‍ പറഞ്ഞിരിക്കുന്ന പലവ്യവസ്ഥകളിലും വൈദ്യുതി ബോര്‍ഡ് വീഴ്ചവരുത്തിയതായി കരാറുകാര്‍ ആരോപിക്കുന്നു. സ്ഥലം ഏറ്റെടുത്തുനല്‍കുന്നതു സംബന്ധിച്ച പ്രശ്‌നങ്ങളാണ് കരാറുകാരും വൈദ്യുതി ബോര്‍ഡും തമ്മില്‍ ഉടക്ക് തുടങ്ങാന്‍ കാരണം. 80 കോടിയോളം രൂപ കരാറുകാര്‍ ഇതുവരെ കൈപ്പറ്റിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ തൊട്ടില്‍പ്പാലം കാവിലുംപാറയിലാണ് ചാത്തംകോട്ട്‌നട ജലവൈദ്യുതി പദ്ധതി. പോത്തംപാറ, കരിങ്ങാട് നദികളിലെ വെള്ളമാണ് ആറ് മെഗാവാട്ടിന്റെ പദ്ധതിക്ക് ഉപയോഗിക്കുക. കോറമണ്ടല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലമിറ്റഡ് എന്ന കമ്പനിയാണ് കരാറുകാര്‍.
പെരിയാറ്റില്‍ വാളറയ്ക്കടുത്ത് തൊട്ടിയാറില്‍ അണക്കെട്ട് നിര്‍മിച്ച് ടണലിലൂടെ വെള്ളം നീണ്ടപാറയില്‍ സ്ഥാപിക്കുന്ന പവര്‍ഹൗസില്‍ എത്തിച്ച് 40 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന വന്‍ പദ്ധതിയാണ് തൊട്ടിയാര്‍. വാളറയ്ക്ക് സമീപം തൊട്ടിയാറില്‍ 12 മീറ്റര്‍ ഉയരത്തിലാണ് ഡാം നിര്‍മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."