മാറഞ്ചേരി സി.എച്ച്.സിയിലെ ലാബ് തുറന്ന് പ്രവര്‍ത്തിക്കണം
മാറഞ്ചേരി: മാറഞ്ചേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ലാബ് വീണ്ടും തുറന്നു പ്രവര്ത്തിക്കണമെന്നാവശ്യം ശക്തമാകുന്നു. ലാബിലെ ജീവനക്കാരനെ സ്ഥലം മാറ്റിയതോടെയാണു പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായത്. രോഗം നിര്‍ണയിക്കേണ്ട പത്ത് ടെസ്റ്റുകള്‍ നടത്താനുള്ള സൗകര്യം ഈ ലാബില്‍ ഉണ്ട്. എന്നാല്‍ ജീവനക്കാരനെ സ്ഥലം മാറ്റിയതോടെ ടെസ്റ്റുകള്‍ പുറത്തുള്ള സ്വകാര്യ ലാബില്‍ നടത്തേണ്ട അവസ്ഥയാണിപ്പോള്‍.
മാറഞ്ചേരി പഞ്ചായത്തിന് കീഴിലുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ലാബ് ടെക്നീഷ്യനായിരുന്നു വര്‍ക്ക് അറേഞ്ച്മെന്റിലൂടെ ഇത്രയും കാലം ഇവിടെ ജോലി ചെയ്തിരുന്നത്. ഇയാള്‍ സ്ഥലംമാറി പോകുകയും പകരം ആള് വന്നപ്പോള്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ലാബിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ മുകളില്‍ നിന്ന് ഉത്തരവ് വന്നതുമാണ് നിലവിലെ പ്രതിസന്ധിക്കു കാരണമായത്. എന്നാല്‍ മാറഞ്ചേരി സി.എച്ച്.സിയിലാണു പൂര്‍ണമായ രീതിയില്‍ സജ്ജീകരിച്ച ലാബ് ഉള്ളതെന്നും അതു കൊണ്ട് പഴയ സംവിധാനം നിലനിര്‍ത്തണമെന്നും നാട്ടുകാര്‍ ആവശ്യപെടുന്നു. ആവശ്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് മാറഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിക്കു മുന്പില് പ്രതിഷേധ കൂട്ടായ്മ സംലടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് മാറഞ്ചേരി മണ്ഡലം പ്രസിഡന്റ് ഷിജിലിന്റെ അധ്യക്ഷതയില്‍ എ.കെ.ആലി പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. മുസ്തഫ വടമുക്ക്, മുനീര്‍ മാറഞ്ചേരി ,രൂപേഷ് എ.വി, ടി.ശ്രീജിത്ത് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."