ദുരന്തഭൂമിയായി നാലുമാസത്തിനിടെ ആറ് അപകടങ്ങള്‍ വട്ടപ്പാറ
വളാഞ്ചേരി: ഹൈവേയില്‍ അപകടങ്ങളാല്‍ കുപ്രസിദ്ധിയാര്‍ജിച്ച വളാഞ്ചേരി വട്ടപ്പാറയില്‍ കഴിഞ്ഞ നാലുമാസത്തിനിടെയുണ്ടായത് ആറ് അപകടങ്ങള്‍. ഇതില്‍ ഒരാള്‍ മരിക്കുകയും നാലു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ മെയ് ഒന്‍പതിനു മംഗലാപുരത്തു നിന്നും പാചകവാതകം നിറച്ചു കൊച്ചിയിലേക്കു പോവുകയായിരുന്ന ബുള്ളറ്റ് ടാങ്കറാണു വട്ടപ്പാറ പ്രധാന വളവില്‍ നിയന്ത്രണം വിട്ടു 30 അടി താഴ്ചയിലേക്ക് വീണത്. അപകടത്തില്‍ ഡ്രൈവര്‍ തഞ്ചാവൂര്‍ സ്വദേശി ശങ്കര്‍ദേവര്‍ കൃഷ്ണസ്വാമി മകന്‍ നവീന്‍ കുമാറിനു പരുക്കേറ്റു.
ജൂണ്‍ 12നു കോഴിക്കോട്ടു നിന്നും കോട്ടയത്തേക്കു പെയിന്റുമായി പോവുകയായിരുന്ന ശോഭനം ട്രാന്‍സ്‌പോര്‍ട്ടിന്റെ ടോറസ് ലോറി പ്രധാന വളവില്‍ നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവര്‍ ജയരാജനു പരുക്കേറ്റു. ജൂണ്‍ 25 നുണ്ടായ മറ്റൊരു അപകടത്തില്‍ ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്ക് ഓയില്‍ കാനുകളുമായി പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവറും സഹായിയും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും ലോറിയിലുണ്ടായിരുന്ന ഓയില്‍ കാനുകള്‍ റോഡില്‍ വീണ് പരന്നൊഴുകിയതു വാഹന ഗതാഗതത്തിനു തടസം നേരിട്ടു.
ജുലൈ 20നു ഡല്‍ഹില്‍നിന്നും കൊച്ചിയിലേക്ക് ഇരുമ്പു തകിടുമായി പോവുകയായിരുന്ന ലോറി കാറില്‍ ഇടിച്ചു നിയന്ത്രണവിട്ടു മറിഞ്ഞ് ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ലോറി ഡ്രൈവര്‍ തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശിയാണ് മരിച്ചത്. കാര്‍ഡ്രൈവര്‍ തിരൂരങ്ങാടി മണ്ണാരത്തില്‍ മുഹമ്മദ്ഷഫീഖി(29)നാണു പരുക്കേറ്റത്.
ഇന്നലെയുണ്ടായ മറ്റൊരപകടത്തില്‍ ഡ്രൈവര്‍ ഹരിദ്വാര്‍ സ്വദേശി ഹാരിസി(39)നു പരുക്കേറ്റു. ഇയാളെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. മുംബൈയില്‍ നിന്നും തൃശൂരിലേക്ക് അലുമിനിയം ഷീറ്റുമായി വരുകയായിരുന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു റോഡരികിലെ സുരക്ഷ ഭിത്തിയില്‍ തട്ടിനിന്നതിനാല്‍ അപകടം ഒഴിവായി. നിരവധി ജീവനുകള്‍ പൊലിയുമ്പോഴും ദേശീയപാത വട്ടപ്പാറവളവിനെ അപകട രഹിതമാക്കാനുള്ള നടപടി എങ്ങുമെത്തിയില്ല. വട്ടപ്പാറയിലെ അപകടങ്ങള്‍ കുറക്കുന്നതിനു റോഡിന്റെ ഘടനയില്‍ മാറ്റം വരുത്തണമെന്നും പ്രധാന വളവില്‍ ഡിവൈഡറുകള്‍ സ്ഥാപിക്കമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍ ഈ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ അധികൃതര്‍ തയ്യാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."