വികസനത്തില്‍ സംസ്ഥാന പങ്കാളിത്തം സുപ്രധാനം: റെയില്‍വേ മന്ത്രി സുരേഷ് പ്രഭു
കോഴിക്കോട്: റെയില്‍വേ വികസനത്തില്‍ സംസ്ഥാനങ്ങളുമായും സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം പ്രധാന ഘടകമാണെന്ന് കേന്ദ്ര റെയില്‍വേമന്ത്രി സുരേഷ് പ്രഭു. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ സ്‌റ്റേഷനിലെ ഫുട്ട് ഓവര്‍ ബ്രിഡ്ജ് ദീര്‍ഘിപ്പിക്കുന്നതിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂര്‍ത്തിയായ തിരുവല്ല-ചെങ്ങന്നൂര്‍ (9.6 കി. മീ) പാത വിഡിയോ കോണ്‍ഫറന്‍സ് മുഖേന കേന്ദ്രമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ പുതിയ പ്ലാറ്റ്‌ഫോം ഒന്നിന്റെ ഉദ്ഘാടനവും, തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വൈ-ഫൈ സംവിധാനം, എസ്‌കലേറ്റര്‍ എന്നിവയുടെ ഉദ്ഘാടനവും തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ എസ്‌കലേറ്ററിന്റെ ഉദ്ഘാടനവും വിഡിയോ കോണ്‍ഫറന്‍സ് മുഖേന കേന്ദ്രമന്ത്രി നിര്‍വഹിച്ചു.
സംസ്ഥാനങ്ങള്‍ റെയില്‍വേ വികസനത്തില്‍ പങ്കാളിയാവുന്ന രീതിയിലേക്ക് മാറിയപ്പോള്‍, ഇതില്‍ ഏറെ പുരോഗതി ഉണ്ടാക്കിയ സംസ്ഥാനം കേരളമാണെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാനമേറ്റെടുത്ത് നാളുകള്‍ക്കകം തന്നെ സന്ദര്‍ശിച്ച് റെയില്‍വേ വികസനത്തില്‍ സംസ്ഥാനത്തിന്റെ പങ്കാളിത്തം ഉറപ്പു നല്‍കിയ കാര്യം കേന്ദ്രമന്ത്രി അനുസ്മരിച്ചു. ചടങ്ങില്‍ കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ രാഘവന്‍ എം.പി, എം.പി വീരേന്ദ്രകുമാര്‍ എം.പി, ഒ. രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. കോഴിക്കോടിന്റെ റെയില്‍വേ വികസന ആവശ്യങ്ങളടങ്ങിയ നിവേദനം എം.പി കേന്ദ്ര മന്ത്രിക്ക് കൈമാറി. ചടങ്ങില്‍ ദക്ഷിണ റെയില്‍വേ മാനേജര്‍ വസിഷ്ഠ ജോഹ്‌രി സ്വാഗതവും പാലക്കാട് ഡി.ആര്‍.എം നരേഷ് ലാല്‍വാനി നന്ദിയും പറഞ്ഞു.
കോഴിക്കോട് സ്‌റ്റേഷനില്‍ നിലവിലെ ഫൂട്ട് ഓവര്‍ ബ്രിഡ്ജിന് പുറമെ, രണ്ട്, മൂന്ന്, നാല് പ്ലാറ്റ്‌ഫോമുകളെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കുന്ന പുതിയ ഫൂട്ട് ഓവര്‍ ബ്രിഡ്ജിനാണ് ശിലാസ്ഥാപനം നടത്തിയത്. പുതിയ ഫൂട്ട് ഓവര്‍ ബ്രിഡ്ജിന് 32.06 മീറ്റര്‍ നീളവും അഞ്ച് മീറ്റര്‍ വീതിയും ഉണ്ടാവും. 96.97 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ് കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."