ഏഷ്യാനെറ്റ് ചാനല്‍ ഉടമ എന്‍.ഡി.എ നേതൃത്വത്തിലേക്ക്
കോഴിക്കോട്: കേരളത്തിലെ എന്‍.ഡി.എ നേതൃനിരയിലേക്ക് രാജ്യസഭാ എം.പിയും ഏഷ്യാനെറ്റ് ചാനല്‍ ഉടമയുമായ രാജീവ് ചന്ദ്രശേഖറും. കേരളത്തിലെ ബി.ജെ.പിയുടെ മാധ്യമ പിന്തുണയും രാഷ്ട്രീയ ലക്ഷ്യങ്ങളും വച്ചാണ് ചന്ദ്രശേഖരനെ എന്‍.ഡി.എ നേതൃത്വത്തിലേക്ക് കൊണ്ടുവന്നതെന്നാണ് വിലയിരുത്തല്‍.
ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചക്കു നേതൃത്വം നല്‍കിയവരില്‍ ഇദ്ദേഹവുമുണ്ടായിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ എം.പിയായ രാജീവ് ചന്ദ്രശേഖറിന് ദേശീയ നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. കേരളത്തില്‍ എന്‍.ഡി.എ സഖ്യ കക്ഷികളെ വിളക്കി ചേര്‍ക്കുന്ന പ്രധാന കണ്ണിയും ഇദ്ദേഹമാണ്. ബി.ജെ.പി ദേശീയ സമ്മേളനത്തിനു വളരെ ദിവസങ്ങള്‍ക്കു മുമ്പേ ഇദ്ദേഹം കോഴിക്കോട് എത്തിയിരുന്നു. എന്നാല്‍ കേരള നേതാക്കളുടെ എതിര്‍പ്പ് മറികടന്നാണ് ചന്ദ്രശേഖരനെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നത്. സി.കെ ജാനു ഉള്‍പ്പെടെയുള്ള മറ്റു ഘടകക്ഷികളേയയും ബി.ജെ.പി നേതാക്കളേയും അവഗണിച്ച് ചാനല്‍ മേധാവിയെ വൈസ് ചെയര്‍മാനാക്കിയതില്‍ യോഗത്തില്‍ തന്നെ മുറുമുറുപ്പുണ്ടായതായാണ് അറിവ്. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ ഇടപെടലാണ് ചന്ദ്രശേഖരനെ തുണച്ചത്. കേരള ഘടകത്തെ കൂടാതെ അമിത്ഷായും മോദിയും കേരളത്തിലെ വിഷയങ്ങള്‍ രാജീവ് ചന്ദ്രശേഖറുമായി ചര്‍ച്ച ചെയ്തിരുന്നു. മോദിയെ ശിവഗിരിയില്‍ കൊണ്ടുവന്നതിനു പിന്നിലും ഇദ്ദേഹമായിരുന്നു. സംഘ്പരിവാര്‍ നേതൃത്വവുമായി അടുപ്പവും ഇദ്ദേഹത്തിനു തുണയായിരിക്കുകയാണ്. ഒറ്റപ്പാലത്ത് എഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ശ്യാമിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അക്രമിച്ചപ്പോള്‍ ചാനല്‍ വാര്‍ത്ത തമസ്‌കരിച്ചതും രാത്രി ചര്‍ച്ചയില്‍ നിന്നും റിപ്പോര്‍ട്ടറെ അക്രമിച്ചത് ഒഴിവാക്കിയതും ഇദ്ദേഹത്തിന്റെ ഇടപെടല്‍ മൂലമായിരുന്നു.
മേധാവിയുടെ ഇടപെടല്‍ കാരണം ഏഷ്യാനെറ്റ് ചാനലില്‍ ദേശീയ കൗണ്‍സിലിന് വലിയ പ്രധാന്യമാണ് ലഭിച്ചിരുന്നത്. ബി.ജെ.പി യുടെ മറ്റു പരിപാടികള്‍ക്കും ചാനല്‍ വലിയ കവറേജാണ് നല്‍കുന്നത്. ചന്ദ്രശേഖറനെ എന്‍.ഡി.എ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതോടെ കേരളത്തില്‍ ബി.ജെ.പിക്കു ലഭിക്കുന്ന മാധ്യമ ശ്രദ്ധയും പരിഗണനയും വര്‍ധിപ്പിക്കാനാവുമെന്നാണ് ദേശീയ നേതൃത്വം കണക്കുകൂട്ടുന്നത്.
അമ്പാനിയുടെ ന്യൂസ് 18 വരുന്നതോടെ മാധ്യമ ശക്തി കൂടുതല്‍ ഉപയോഗപ്പെടുത്താമെന്നാണ് പ്രതീക്ഷ. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രിയാവാനുള്ള ശ്രമവും ചന്ദ്രശേഖരന്‍ നടത്തുന്നുണ്ട്. കഴിഞ്ഞ മന്ത്രിസഭാ പുന:സംഘനയില്‍ ഇതുണ്ടാവുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കേരളത്തില്‍ എന്‍.ഡി.എ സഖ്യം ശക്തിപ്പെടുത്തി കേന്ദ്രമന്ത്രിസഭയിലെ അംഗത്വം ഉറപ്പിക്കാനാണ് ചന്ദ്രശേഖരന്റെ നീക്കം. എന്നാല്‍ എന്‍.ഡി.എ സഖ്യത്തിന്റെ വൈസ് ചെയര്‍മാനായി ചാനല്‍ മേധാവി വന്നതില്‍ ജീവനക്കാര്‍ക്ക് പ്രതിഷേധമുണ്ട്. ചാനലിന്റെ നിഷ്പക്ഷ നിലപാടിനെ പുതിയ നീക്കം ബാധിക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."