ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ നിലപാട് തള്ളി അമിത്ഷാ; തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍.ഡി.എ കണ്‍വീനറാക്കി അനുനയം
കോഴിക്കോട്: ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍.ഡി.എ കണ്‍വീനറായി നിയമിച്ച് ബി.ജെ.പിയുടെ അനുനയ നീക്കം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അധ്യക്ഷനായി പുനസംഘടിപ്പിച്ച എന്‍.ഡി.എ സംസ്ഥാന ഘടകത്തിന്റെ വൈസ് ചെയര്‍മാനായി രാജീവ് ചന്ദ്രശേഖര്‍ എം.പിയേയും തെരഞ്ഞെടുത്തു. കടവ് റിസോര്‍ട്ടില്‍ ദേശീയ പ്രസിഡന്റ് അമിത്ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഗോത്രമഹാസഭ നേതാവ് സി.കെ ജാനു, ജെ.എസ്.എസ് നേതാവ് എ എന്‍ രാജന്‍ ബാബു, ബി.ജെ.പി നേതാക്കളായ പി.കെ കൃഷ്ണദാസ്, വി. മുരളീധരന്‍, രാജന്‍ കണ്ണാട്ട് എന്നിവരാണ് സഹ കണ്‍വീനര്‍മാര്‍. കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ എം.പിയുമായ പി.സി തോമസിനെ ദേശീയകമ്മിറ്റിയി ലെ സ്ഥിരം ക്ഷണിതാവായും നിയമിച്ചു.
പദവികള്‍ കിട്ടാത്തതിന്റെ പേരില്‍ ബി.ജെ.പിയുമായി പിണങ്ങിയ വെള്ളാപ്പള്ളി നടേശനെയും എസ്.എന്‍.ഡി.പിയെയും കൂടെനിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് തുഷാറിനെ കണ്‍വീനറാക്കിയുള്ള പുന:സംഘടന. കണ്‍വീനര്‍ സ്ഥാനം ബി.ഡി.ജെ.എസിന് വിട്ടുകൊടുക്കില്ലെന്ന ബി.ജെ.പി സംസ്ഥാന ഘടകം നിലപാട് സ്വീകരിച്ചെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങി ഒടുവില്‍ തീരുമാനം അംഗീകരിക്കുകയായിരുന്നു.
തുഷാറിനെ കണ്‍വീനര്‍ ആക്കിയതോടെ കേന്ദ്രസര്‍ക്കാരില്‍ നിന്ന് കൂടുതല്‍ പദവികള്‍ നേടിയെടുക്കുകയെന്ന വെള്ളാപ്പള്ളിയുടെയും ബി.ഡി.ജെ.എസിന്റെ ശ്രമങ്ങള്‍ക്ക് വേഗം കൂടും.
ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള ഏതെങ്കിലും സംസ്ഥാനങ്ങളില്‍ നിന്ന് രാജ്യസഭയിലേക്ക് മലയാളികളായ ആരെയെങ്കിലും പരിഗണിച്ചാല്‍ തീരുമാനത്തില്‍ സ്വാധീനം ചെലുത്താനും ബി.ഡി.ജെ.എസിന് സാധിക്കും.
കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്ന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് കേരളത്തില്‍ നിന്നുള്ള പ്രതിനിധികളെ നിശ്ചയിക്കുന്നതിലും വെള്ളാപ്പള്ളിയുടെയും മകന്റെയും നിലപാടുകള്‍ ഇനി നിര്‍ണായകമാവും.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇടഞ്ഞു നില്‍ക്കുകയായിരുന്ന ബി.ഡി.ജെ.എസിനെ ഒപ്പം നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് അമിത്ഷാ മുന്നണിയിലെ ഘടകകക്ഷികളുടെ യോഗം വിളിച്ചത്. എന്‍.ഡി.എ കേരള ഘടകം കണ്‍വീനര്‍ സ്ഥാനം വേണമെന്ന ആവശ്യം ബി.ഡി.ജെ.എസ് നേരത്തെ ഉന്നയിച്ചിരുന്നു.
എന്നാല്‍ കണ്‍വീനര്‍ സ്ഥാനം വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ബി.ജെ.പി സംസ്ഥാന നേതൃത്വം. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടു തള്ളിയാണ് അമിത്ഷാ കണ്‍വീനര്‍ സ്ഥാനം നല്‍കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഉടമയായ രാജീവ് ചന്ദ്രശേഖറിനെ വൈസ് ചെയര്‍മാനായി തെരഞ്ഞെടുത്തതിലും സംസ്ഥാന നേതാക്കള്‍ക്കിടയില്‍ അമര്‍ഷം നിലനില്‍ക്കുന്നുണ്ട്.
ഇന്നലെ രാവിലെ ഒമ്പത് മണിയോടെ തന്നെ തുഷാര്‍ വെളളാപ്പള്ളി കടവ് റിസോട്ടില്‍ എത്തിയിരുന്നു. ബി.ഡി.ജെ.എസിനെ പിണക്കേണ്ടെന്ന് അമിത്ഷാ കേരളത്തിലെ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
അതുകൊണ്ട് തന്നെ യോഗത്തില്‍ നിരന്തരം പ്രകോപനം സൃഷ്ടിച്ചിട്ടും ബി.ഡി.ജെ.എസിനും വെള്ളാപ്പള്ളിയ്ക്കുമെതിരെ ബി.ജെ.പി സംസ്ഥാന നേതാക്കള്‍ പ്രതിഷേധമൊന്നും അറിയിച്ചില്ല. വെള്ളാപ്പള്ളിയുടെ ബി.ജെ.പി വിരുദ്ധ പ്രസ്താവന പാര്‍ട്ടി നയമല്ലെന്നും വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും തുഷാര്‍ യോഗത്തെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."