ബ്രസീലിയന്‍ കരുത്തില്‍ എഫ്.സി ഗോവ
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കടലാസില്‍ മാത്രമല്ല കളിക്കളത്തിലും എഫ്.സി ഗോവ ശക്തരായി തന്നെയായിരുന്നു പന്തു തട്ടിയത്. പ്രഥമ ഐ.എസ്.എല്ലില്‍ സെമി ഫൈനലില്‍ എത്തി. രണ്ടാം പതിപ്പില്‍ റണ്ണേഴ്‌സ് അപ്പ്. നിര്‍ഭാഗ്യം മാത്രമായിരുന്നു ഫുട്‌ബോള്‍ ഇതിഹാസം സീക്കോ പരിശീലിപ്പിക്കുന്ന എഫ്.സി ഗോവയില്‍ നിന്നു ചാംപ്യന്‍ പട്ടം തട്ടിക്കളഞ്ഞത്. മികച്ച പോരാട്ടങ്ങളിലൂടെ മിന്നുന്ന പ്രകടനവുമായി കളിക്കളങ്ങളെ ത്രസിപ്പിച്ച ടീം. മൂന്നാം പതിപ്പില്‍ കിരീടം ലക്ഷ്യമാക്കിയാണ് സീക്കോയുടെ തന്ത്രത്തിന് കീഴില്‍ എഫ്.സി ഗോവ ഒരുങ്ങുന്നത്. ബ്രസീലിയന്‍ കരുത്തുമായാണ് മൂന്നാം പതിപ്പിലും ഗോവയുടെ പടയൊരുക്കം. വിദേശീ താരങ്ങളിലെ എട്ടു പേര്‍ ബ്രസീലുകാര്‍. മുഖ്യ പരിശീലകനെയും മാര്‍ക്വീ താരത്തെയും കൈവിടാന്‍ എഫ്.സി ഗോവ തയ്യാറായില്ല. മൂന്ന് ലോകകപ്പുകളില്‍ ബ്രസീലിനു വേണ്ടി പ്രതിരോധം കാത്ത ലൂസിയോ തന്നെയാണ് മാര്‍ക്വീ താരം. ആക്രമണം തന്നെയാണ് കേളി ശൈലി. പ്രീ സീസണില്‍ ബ്രസീലിയന്‍ പര്യടനം പൂര്‍ത്തിയാക്കി സീക്കോയും സംഘവും ഗോവയില്‍ തിരിച്ചെത്തി കഴിഞ്ഞു. കഴിഞ്ഞ പതിപ്പില്‍ 14 പ്രാഥമിക പോരാട്ടങ്ങളില്‍ ഏഴു വിജയവും നാലു സമനിലയും മൂന്നു തോല്‍വിയുമായാണ് ഗോവക്കാര്‍ സെമി പിടിച്ചത്. പോയിന്റ് പട്ടികയില്‍ ഒന്നാമന്‍മാരായി. സെമില്‍ മറ്റൊരു ബ്രസീലിയന്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസിന്റെ ഡല്‍ഹി ഡൈനാമോസ് ആയിരുന്നു എതിരാളികള്‍. ഡല്‍ഹിയോട് പാട്ടുംപാടി വിജയിച്ച എഫ്.സി ഗോവയ്ക്ക് പക്ഷെ കാലാശപ്പോരില്‍ ചെന്നൈയിന്‍ എഫ്.സിക്ക് മുന്നില്‍ അടിതെറ്റി. അതും സ്വന്തം കാണികള്‍ക്ക് മുന്നില്‍. 17 കളികളില്‍ നിന്നു 34 ഗോളുകളായിരുന്നു ഗോവയുടെ സമ്പാദ്യം. എതിരാളികളില്‍ നിന്നു 24 ഗോളുകള്‍ തിരികെ വാങ്ങുകയും ചെയ്തു.
തന്ത്രങ്ങളൊരുക്കി
വെളുത്ത പെലെ
ലാറ്റിനമേരിക്കന്‍ കേളീ ശൈലിയില്‍ ആക്രമണ ഫുട്‌ബോള്‍ കാഴ്ച വച്ചു രണ്ടാം സീസണില്‍ ഫൈനലിലെത്തിച്ച മുഖ്യ പരിശീലകന്‍ സീക്കോ തന്നെയാണ് ഗോവയുടെ കരുത്ത്. തലനാരിഴയ്ക്ക് കഴിഞ്ഞ തവണ കൈവിട്ടു പോയ കിരീടം മൂന്നാം പതിപ്പില്‍ നേടാനുറച്ച് തന്നെയാണ് ഗോവയെ സീക്കോ തയ്യാറാക്കുന്നത്. ബ്രസീലിയന്‍ ഇതിഹാസമായ വെളുത്ത പെലെ എന്നറിയപ്പെടുന്ന സീക്കോ ആക്രമണ ഫുട്‌ബോള്‍ ശൈലിയാണ് പിന്തുടരുന്നത്. കഴിഞ്ഞ തവണ ഗോവയെ കലാശപ്പോരിലേക്ക് എത്തിച്ചതും ആക്രമണ തന്ത്രം തന്നെയായിരുന്നു.
ആക്രമണത്തിനു
കാനറികള്‍
എതിര്‍ ഗോള്‍മുഖത്തെ വിറപ്പിക്കാന്‍ ഇത്തവണയും ബ്രസീലിയന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റെയ്‌നാള്‍ഡോ തന്നെയാണ് മുമ്പന്‍. രണ്ടാം സീസണില്‍ ടീം ടോപ് സ്‌കോററായിരുന്നു റെയ്‌നാള്‍ഡോ. റാഫേല്‍ കൊയ്‌ലോ, ജൂലിയോ സെസാര്‍ എന്നീ കാനറികളും സ്റ്റാര്‍ സ്‌ട്രൈക്കര്‍ക്ക് കൂട്ടായി മൈതാനത്തുണ്ടാവും. ഇന്ത്യന്‍ സൂപ്പര്‍ താരം റോബിന്‍ സിങ് ഇത്തവണ ഗോവ മുന്നേറ്റ നിരയിലുണ്ട്. ഡല്‍ഹി ഡൈനാമോസില്‍ നിന്നാണു ഗോവയിലേക്കുള്ള റോബിന്റെ വരവ്.
ജോഫ്രെ നയിക്കും മധ്യനിര
സ്പാനിഷ് താരം ജോഫ്രെയാണ് മധ്യനിരയിലെ സൂപ്പര്‍ മാന്‍. ആദ്യ സീസണില്‍ ജോഫ്രെ കൊല്‍ക്കത്തയുടെ നിരയിലായിരുന്നു. രണ്ടാം പതിപ്പില്‍ എഫ്.സി ഗോവയിലേക്ക് കൂടുമാറിയ ജോഫ്രെ ഫൈനലിലേക്കുള്ള കുതിപ്പിനു കരുത്തുറ്റ പ്രകടനമായിരുന്നു നടത്തിയത്. 12 കളികളില്‍ നിന്നു നാലു ഗോളുകളും ഈ മധ്യനിരക്കാരന്‍ ഗോവയ്ക്ക് സമ്മാനിച്ചു. ജോഫ്രെയ്ക്ക് കൂട്ടായി മധ്യനിരയില്‍ മൂന്നു ബ്രസീലിയന്‍ താരങ്ങളുണ്ട്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായ റിച്ചാര്‍ലിസനും ഗോണ്‍സാല്‍വസ് ട്രിന്‍ഡാഡയും ലെഫ്റ്റ് വിങ്ങര്‍ ജൂലിയോ സെസാറും. രണ്ട് തവണ ബ്രസീലിന്റെ ദേശീയ ജേഴ്‌സി അണിഞ്ഞ താരമാണ് റിച്ചാര്‍ലിസണ്‍. ഇവര്‍ക്ക് പുറമേ മികച്ച ഇന്ത്യന്‍ താരങ്ങളും മധ്യനിരയില്‍ കരുത്തായുണ്ട്. മന്ദാര്‍റാവു ദേശായി, റോമിയോ ഫെര്‍ണാണ്ടസ്, യുവ താരങ്ങളായ സാഹില്‍ ടവോരയും പ്രതേഷ് ശിരോദ്കറും മധ്യനിരയെ ശക്തമാക്കുന്നു.
ഉലയാത്ത പ്രതിരോധം
ലൂസിയോ നയിക്കുന്ന പ്രതിരോധ നിരയ്ക്ക് കരുത്തായി ലാ ലിഗ താരവും ഫ്രഞ്ച് പോരാളിയുമായ ഗ്രിഗറി അര്‍നോലിനും സെന്റര്‍ ബാക്ക് സ്ഥാനത്ത് ശക്തിദുര്‍ഗമായി ഗോവന്‍ നിരയിലുണ്ട്. എതിര്‍ ബോക്‌സിലേക്ക് വിങുകളിലൂടെ പന്തുമായി കുതിച്ചു കയറുന്നതില്‍ അതി വിദഗ്ധനാണ് ലൂസിയോ.
ഇവര്‍ക്കൊപ്പം ഫ്‌ളമെംഗോയുടെ യുവ താരം റഫേല്‍ ഡുമാസും ലൂസിയാനോ സബ്രോസയും ഇന്ത്യന്‍ താരങ്ങളായ രാജു ഗെയ്ക്‌വാദ്, ഡെന്‍സില്‍ ഫ്രാങ്കോ, യുവ താരം ഫല്‍ഗാന്‍സോ കര്‍ഡോസോ, ദേബ്ബ്രത റോയ്, കീനന്‍ അല്‍മേഡ, സഞ്ജയ് ബല്‍മുച്ചു എന്നിവരും വന്‍ മതിലായുണ്ട്. അതുകൊണ്ടു തന്നെ ഗോവന്‍ പ്രതിരോധക്കോട്ട ഏതൊരു ടീമിനും കനത്ത വെല്ലുവിളി തന്നെയാണ്.
വലയ്ക്ക് മുന്നില്‍
ഇന്ത്യന്‍ കരുത്ത്
ഭൂരിപക്ഷം ടീമുകളും വിദേശ ഗോള്‍ കീപ്പര്‍മാരെ ആശ്രയിക്കുമ്പോള്‍ സീക്കോയുടെ പ്രതീക്ഷയും വിശ്വാസവും ഇന്ത്യന്‍ ഗോളിമാരിലാണ്. അതുകൊണ്ടു തന്നെ ഗോവയുടെ ഗോള്‍ വലക്ക് മുന്നിലെ മൂന്നു താരങ്ങളും ഇന്ത്യക്കാര്‍ തന്നെ. ഡെംപോ ഗോവയുടെ ലക്ഷ്മികാന്ത് കട്ടിമണി, ഈസ്റ്റ് ബംഗാളിന്റെ സുഭാശിഷ് റോയ്, ഇന്ത്യന്‍ കൗമാര താരം സുഖദേവ് പാട്ടീല്‍. മൂവരുമാണ് ഗോവന്‍ വല കാക്കാന്‍ ദൗത്യം ലഭിച്ചവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."