500ാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ
കാണ്‍പൂര്‍: ചരിത്രമാവുന്ന പോരാട്ടത്തിന്റെ അവസാന ദിവസം ഇറങ്ങുമ്പോള്‍ വിജയം എപ്പോള്‍ എന്നു മാത്രമാണ് ഇന്ത്യക്ക് ചിന്തിക്കാനുണ്ടായിരുന്നത്. ഇന്ത്യയൊരുക്കിയ സ്പിന്‍ കെണിയില്‍ ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍ ഒന്നൊന്നായി വീണപ്പോള്‍ ലഞ്ചിനു ശേഷം ഇന്ത്യ വിജയം കൈപ്പിടിയിലാക്കി. അഞ്ഞൂറാം ടെസ്റ്റില്‍ 197 റണ്‍സിന്റെ അവിസ്മരണീയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
സ്‌കോര്‍- ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 318, രണ്ടാം ഇന്നിങ്‌സ് അഞ്ചിന് 377. ഡിക്ല.
ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സ് 262, രണ്ടാം ഇന്നിങ്‌സ് 236.
100ാം ടെസ്റ്റിലും 200ാം ടെസ്റ്റിലും തോല്‍വി വഴങ്ങിയ ഇന്ത്യ 300, 400, 500 ടെസ്റ്റുകളില്‍ വിജയം നേടി. 500 ടെസ്റ്റുകളില്‍ ഇന്ത്യയുടെ 130ാം വിജയമാണിത്. സ്വന്തം മണ്ണിലെ 88ാം വിജയവും കിവികള്‍ക്കെതിരേ 19ാം വിജയവും ഇന്ത്യ ഒപ്പം ചേര്‍ത്തു.
ആദ്യ ഇന്നിങ്‌സില്‍ നാലു വിക്കറ്റു വീഴ്ത്തിയ ആര്‍ അശ്വിന്‍ രണ്ടാമിന്നിങ്‌സില്‍ ആറു വിക്കറ്റുകള്‍ പിഴുത് ന്യൂസിലന്‍ഡിന്റെ ചെറുത്തു നില്‍പ്പിനു തിരശ്ശീലയിട്ടു. ടെസ്റ്റില്‍ ഇത് അഞ്ചാം തവണയാണ് അശ്വിന്‍ പത്തു വിക്കറ്റുകള്‍ വീഴ്ത്തുന്നത്. ബാറ്റു കൊണ്ടും പന്തു കൊണ്ടും മികവു പുലര്‍ത്തിയ രവീന്ദ്ര ജഡേജയാണ് കളിയിലെ കേമന്‍. ആദ്യ ഇന്നിങ്‌സില്‍ പുറത്താകാതെ 42 റണ്‍സെടുക്കുകയും അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത ജഡേജ രണ്ടാമിന്നിങ്‌സില്‍ 50 റണ്‍സെടുത്തു പുറത്താകാതെ നിന്നു. രണ്ടാമിന്നിങ്‌സില്‍ 34 ഓവര്‍ എറിഞ്ഞ ജഡേജ 17 ഓവറുകള്‍ മെയ്ഡനാക്കി വെറും 58 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. മുഹമ്മദ് ഷമി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.
434 റണ്‍സെന്ന കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന കിവീസിനു അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ലൂക് റോഞ്ചി- സാന്റ്‌നര്‍ സഖ്യം നടത്തിയ ചെറുത്തുനില്‍പ്പു മാത്രമാണ് പറയാനുണ്ടായിരുന്നത്. നാലു വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം തുടങ്ങിയ കിവികള്‍ക്ക് തുടക്കത്തില്‍ പൊരുതി നില്‍ക്കാന്‍ സാധിച്ചു. സ്‌കോര്‍ 158 റണ്‍സില്‍ നില്‍ക്കെ ലൂക് റോഞ്ചി വീണതോടെ അവരുടെ തകര്‍ച്ച വേഗത്തിലായി. വേഗത്തില്‍ സ്‌കോര്‍ ചെയ്ത് ലൂക്ക് റോഞ്ചി പ്രതീക്ഷയേകിയെങ്കിലും രവീന്ദ്ര ജഡേജയുടെ പന്തില്‍ അശ്വിന്‍ പിടിച്ച് റോഞ്ചി വീണതോടെ ബാക്കിയെല്ലാം ചടങ്ങായി. 120 പന്തില്‍ ഒരു സിക്‌സും ഒന്‍പതു ഫോറും സഹിതം റോഞ്ചി 80 റണ്‍സെടുത്തു. ഒരു വശത്ത് സാന്റ്‌നര്‍ പിടിച്ചു നില്‍ക്കുന്നത് മാത്രമായി പിന്നെ അവരുടെ ആശ്വാസം. വാട്‌ലിങ് (18), സോധി (17) എന്നിവരെ കൂട്ടുപിടിച്ച് സാന്റ്‌നര്‍ ഇന്ത്യന്‍ വിജയം നീട്ടുകയായിരുന്നു. ഒടുവില്‍ 179 പന്തുകള്‍ നേരിട്ട് സാന്റ്‌നറും അശ്വിന്റെ പന്തില്‍ രോഹിത് ശര്‍മയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. വിലപ്പെട്ട 71 റണ്‍സുകളാണ് കിവി സ്പിന്നര്‍ ചേര്‍ത്തത്. ഒടുവില്‍ ഉച്ച ഭക്ഷണത്തിനു ശേഷം 236 റണ്‍സില്‍ കിവികളുടെ ഇന്നിങ്‌സിനു വിരാമമായി. മാര്‍ക്ക് ഗ്രയ്ഗ് (ഒന്ന്), നീല്‍ വാഗ്നര്‍ (0), ക്രെയ്ഗ് (രണ്ട്) എന്നിവര്‍ക്ക് പൊരുതാന്‍ പോലും കഴിഞ്ഞില്ല.
മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിനു മുന്നിലെത്തി. രണ്ടാം ടെസ്റ്റ് ഈ മാസം 30 മുതല്‍ ഒക്ടോബര്‍ നാലു വരെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടക്കും.
അശ്വിന്‍- ജഡേജ
അവസരത്തിനൊത്ത് ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും ഉണര്‍ന്നു കളിച്ചതാണ് ഇന്ത്യയുടെ വിജയത്തിന്റെ കാതല്‍. ആദ്യ രണ്ടു ദിനങ്ങളിലും പൂര്‍ണമായും ന്യൂസിലന്‍ഡിന്റെ കൈയിലുണ്ടായിരുന്ന മത്സരം മൂന്നാം ദിനം മുതല്‍ ഇന്ത്യക്ക് അനുകൂലമാക്കിയത് സ്പിന്നര്‍മാരാണ്. ആദ്യ ഇന്നിങ്‌സില്‍ നാലും രണ്ടാമിന്നിങ്‌സില്‍ ആറും വിക്കറ്റ് വീഴ്ത്തി മത്സരത്തില്‍ മൊത്തം 225 റണ്‍സ് വഴങ്ങി പത്തു വിക്കറ്റുകള്‍ പിഴുത് അശ്വിന്‍ കടിഞ്ഞാണേന്തി. ബാറ്റു കൊണ്ടും പന്തു കൊണ്ടും നിര്‍ണായക സംഭാവന നല്‍കിയ ജഡേജയുടെ സാന്നിധ്യമായിരുന്നു ഇരു ടീമുകളും തമ്മിലുള്ള പ്രധാന അന്തരം എന്നു പറയാം. ആദ്യ ഇന്നിങ്‌സില്‍ അഞ്ചും രണ്ടാമിന്നിങ്‌സില്‍ ഒരു വിക്കറ്റും വീഴ്ത്തി ജഡേജ ആറു വിക്കറ്റുകളുമായി കളം നിറഞ്ഞു. രണ്ടു സ്പിന്നര്‍മാരും ചേര്‍ന്ന 16 വിക്കറ്റുകളാണ് വീഴ്ത്തിയത്. ജഡേജ രണ്ടിന്നിങ്‌സിലും ബാറ്റിങിനിറങ്ങി പുറത്താകാതെ 42, 50 സ്‌കോറുകളും സ്വന്തമാക്കി. ആദ്യ ഇന്നിങ്‌സില്‍ ഒന്‍പതാമനായി ക്രീസിലെത്തിയ താരം രണ്ടാമിന്നിങ്‌സില്‍ സ്ഥാന കയറ്റം കിട്ടി ഏഴാമനായി ക്രീസിലെത്തി. കോഹ്‌ലിയുടെ ആ തീരുമാനം കൃത്യമായ ഫലം മത്സരത്തിലുണ്ടാക്കി എന്നതും ശ്രദ്ധേയമാണ്.
വിജയ്- പൂജാര
രണ്ടിന്നിങ്‌സിലും ഇന്ത്യന്‍ ബാറ്റിങിന്റെ നെടും തൂണായി നിന്നത് മുരളി വിജയ്- ചേതേശ്വര്‍ പൂജാര സഖ്യമാണ്. കഴിഞ്ഞ 20 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്നായി വിജയ് സ്വന്തമാക്കിയത് രണ്ടു സെഞ്ച്വറികളും ഏഴു അര്‍ധ സെഞ്ച്വറികളുമാണ്. ന്യൂസിലന്‍ഡിനെതിരേ നേടിയ രണ്ട് അര്‍ധ സെഞ്ച്വറികളും ഇതില്‍ പെടുന്നു. ആദ്യ ഇന്നിങ്‌സില്‍ 65ഉം രണ്ടാമിന്നിങ്‌സില്‍ 76ഉം റണ്‍സാണ് വിജയ് കണ്ടെത്തിയത്.
ഫോം വീണ്ടെടുക്കാന്‍ പാടുപെട്ട ചേതേശ്വര്‍ പൂജാര ദുലീപ് ട്രോഫില്‍ ഇരട്ട സെഞ്ച്വറിയടക്കം നേടിയാണ് ആദ്യ ടെസ്റ്റിനിറങ്ങിയത്. ആ മികവിന്റെ തുടര്‍ച്ചയായിരുന്നു കിവികള്‍ക്കെതിരായ രണ്ടു ഇന്നിങ്‌സുകളും. മൂന്നാം നമ്പറില്‍ ഇറങ്ങിയ താരം ആദ്യ ഇന്നിങ്‌സില്‍ 62ഉം രണ്ടാമിന്നിങ്‌സില്‍ 78ഉം റണ്‍സെടുത്തു.
രണ്ടിന്നിങ്‌സിലും സെഞ്ച്വറി കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തിയ വിജയ്- പൂജാര സഖ്യത്തിന്റെ മികവ് ഇന്ത്യക്ക് തുണയായി മാറി. വരാനിരിക്കുന്ന നീണ്ട ടെസ്റ്റ് പരമ്പരകളിലേക്ക് ഇന്ത്യക്ക് മുതല്‍കൂട്ടാണ് ഇരുവരുടേയും മിതത്വമാര്‍ന്ന പ്രകടനങ്ങള്‍.
രോഹിതിന്റെ മടങ്ങി വരവ്
ആദ്യ ഇന്നിങ്‌സില്‍ പരാജയപ്പെട്ട രോഹിത് ശര്‍മ രണ്ടാമിന്നിങ്‌സില്‍ പുറത്താകാതെ 68 റണ്‍സെടുത്ത് ഫോം വീണ്ടെടുത്തതും കാണേണ്ടതുണ്ട്. ജഡേജയുമൊത്ത് ആറാം വിക്കറ്റില്‍ രോഹിത് സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ചതാണ് ഇന്ത്യക്ക് വിജയിക്കാനുള്ള സ്‌കോര്‍ സമ്മാനിച്ചത്. ടെസ്റ്റിനു പറ്റാത്തവന്‍ എന്ന ചീത്തപ്പേരുള്ള രേഹിതിന് ആ കളങ്കം മായ്ക്കാനുള്ള അവസാന അവസരമായി സെലക്ടര്‍മാര്‍ നല്‍കിയതായിരുന്നു ടീമിലെ സ്ഥാനം.
ആദ്യ ഇന്നിങ്‌സില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാമിന്നിങ്‌സില്‍ നിര്‍ണായക ഇന്നിങ്‌സ് പുറത്തെടുത്ത് രോഹിത് പ്രായശ്ചിത്തം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."