പെരുമ്പാവൂരില്‍ കുടിവെളളം കിട്ടാക്കനി
പെരുമ്പാവൂര്‍: പെരിയാര്‍വാലി കനാലില്‍ വെള്ളം തുറന്നു വിടാത്തതിനാല്‍ വിവിധ പഞ്ചായത്തുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റി, വെങ്ങോല, വാഴക്കുളം, എടത്തല, കിഴക്കമ്പലം, കീഴ്മാട് പഞ്ചായത്തുകളിലെയും വിവിധ പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം അനുഭവപ്പെട്ടു തുടങ്ങി.
കടുത്ത വേനല്‍ക്കാലത്തെ പ്രതീതിയാണ് ഇപ്പോള്‍ പല പ്രദേശങ്ങളിലും അനുഭവപ്പെടുന്നത്. കൃഷി ആവശ്യങ്ങള്‍ക്കായി പെരിയാര്‍വാലി കനാലില്‍ സാധാരണ ഗതിയില്‍ ആഴ്ചയില്‍ മൂന്ന് , നാല് ദിവസങ്ങളില്‍ നേരത്തെ വെള്ളം തുറന്നുവിട്ടിരുന്നു. എന്നാല്‍ മാസങ്ങളായി കനാലില്‍ വെള്ളം തുറന്നുവിടാത്തതിനാല്‍ നെല്ല്-വാഴ കൃഷികള്‍ ഉള്‍പ്പെടെയുള്ള കൃഷികളും നശിച്ചുകൊണ്ടിരിക്കുകയാണ്.
കനാല്‍ അറ്റകുറ്റപണി നടത്താനെന്ന പേരില്‍ മാസങ്ങളായി വെള്ളം തുറന്നുവിടാത്തത് സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയാണ്.
കാര്‍ഷിക മേഖലയിലെ കൃഷികള്‍ നശിക്കുന്നത് കൂടാതെ രൂക്ഷമായ ശുദ്ധജലക്ഷാമവും ഇതുമൂലം ഉണ്ടായിട്ടുള്ളത്. ഈ പ്രദേശങ്ങളില്‍ പ്രധാനമായും കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത് കിണറുകളാണ്.
കനാലില്‍ വെള്ളം ഇല്ലാത്തതിനാല്‍ ഉറവ വറ്റി കിണറുകളില്‍ വെള്ളം ഇല്ലാത്ത അവസ്ഥയാണിപ്പോള്‍ പല സ്ഥലത്തും അനുഭവപ്പെടുന്നത്. ചില വ്യവസായ സ്ഥാപനങ്ങളും വ്യക്തികളും അനുമതിയില്ലാതെ കുഴല്‍കിണറുകള്‍ വ്യാപകമായി സ്ഥാപിക്കുന്നതും കുടിവെള്ള ക്ഷാമത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
വാഴക്കുളം പഞ്ചായത്തിലൂടെ കടന്നുപോകുന്ന പെരിയാര്‍വാലി കനാലുകള്‍ പലതും ഇതുവരെ അറ്റകുറ്റപണികള്‍ നടത്തുകയോ ശുചീകരിക്കുകയോ ചെയ്തിട്ടില്ല.
ഇതുമൂലം കനാലിലൂടെ വെള്ളം തുറന്നുവിടാന്‍ ഇനിയും വൈകുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. ജനജീവിതത്തെ സാരമായി ബാധിക്കുന്ന കുടിവെള്ള ക്ഷാമത്തിന് അറുതി വരുത്താന്‍ ശക്തമായ നടപടികള്‍ എടുക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പെരുമ്പാവൂര്‍, കുന്നത്തുനാട്, ആലുവ നിയോജക മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ അടിയന്തിരമായി പെരിയാര്‍വാലി കനാലിലൂടെ വെള്ളം തുറന്നുവിടാന്‍ നടപടിയെടുക്കണമെന്ന് മുസ്‌ലിം ലീഗ് കുന്നത്തുനാട് മണ്ഡലം ജനറല്‍ സെക്രട്ടറി എ.എം. ബഷീര്‍, മുസ്‌ലിം സോഷ്യലിസ്റ്റ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ. സിയാദ് ചെമ്പറക്കി എന്നിവര്‍ ആവശ്യപ്പെട്ടു. കൃഷിനാശവും കുടിവെള്ള ക്ഷാമവും ഉണ്ടായിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാരിന്റെയും അധികൃതരുടെയും നടപടി അപലപനീയമാണെന്നും ഇതിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."